print edition ആരോഗ്യവകുപ്പിലും ബന്ധുനിയമനം

പി ആർ ദീപ്തി
Published on Jul 15, 2026, 12:00 AM | 1 min read
കൊല്ലം: ആരോഗ്യവകുപ്പിലും ബന്ധുനിയമനം നടത്തി സംസ്ഥാന സർക്കാർ. തിരുവനന്തപുരത്ത് ആരംഭിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ച കെ കരുണാകരൻ സ്‌മാരക മെഡിക്കൽ കോളേജിൽ നോഡല്‍ ഓഫീസർ തസ്‌തികയിൽ കെപിസിസി ജനറൽ സെക്രട്ടറി സൂരജ് രവിയുടെ സഹോദരിക്കാണ് ചട്ടവിരുദ്ധ നിയമനം നൽകിയത്. കോട്ടയം മെഡിക്കൽ കോളേജ് പാത്തോളജി വിഭാഗം മേധാവിയും മെഡിക്കൽ സർവകലാശാലാ ഡീനുമായ ഇവർക്ക് കഴിഞ്ഞ ദിവസമാണ് നിയമനം നൽകിയത്.
നാഷണൽ മെഡിക്കൽ കൗൺസിൽ നിയമം അനുസരിച്ച് ഡെപ്യൂട്ടേഷനും ഗോസ്‌റ്റ് ഫാക്കൽറ്റി (കോളേജുകൾക്ക് ആവശ്യത്തിന് അധ്യാപകരുണ്ടെന്ന് കാണിക്കാൻ റെക്കോഡുകളിൽ മാത്രം പ്രവർത്തിക്കുന്ന ഫാക്കൽറ്റി)യും നിർത്തലാക്കിയിരിക്കെയാണ് നിയമനം. നിയമപ്രകാരം ഇവർ കോട്ടയം മെഡിക്കൽ കോളേജിലാണ് ഹാജർ രേഖപ്പെടുത്തേണ്ടത്. ആശുപത്രിയിൽ സർജിക്കൽ സ്ലൈഡ്, പോസ്റ്റ്‌മോർട്ടം സ്ലൈഡ് എന്നിവ തയ്യാറാക്കാൻ ചുമതലയുള്ള പാത്തോളജി വിഭാഗത്തിന് മേധാവി ഇല്ലാതെയായി. മെഡിക്കൽ കോളേജ് വിദ്യാർഥികൾക്കുള്ള അക്കാദമിക് ക്ലാസുകളും തടസ്സപ്പെടും.
സർക്കാർ ഏറ്റെടുത്ത മെഡിക്കൽ കോളേജിൽ പുതിയ നോഡൽ ഓഫീസറായി സാധാരണ അതത് ജില്ലയിലെ സീനിയർ ഡോക്‌ടർമാരെയാണ് പരിഗണിക്കുക. തസ്‌തികയിൽ പ്രൊഫസർമാരെ നിയമിക്കാൻ നിശ്ചയിച്ചാലും അതേ ജില്ലയിലെ മെഡിക്കൽ കോളേജിലെ സീനിയർ ഫാക്കൽറ്റിക്കാണ് നിയമനം നൽകുക.










0 comments