Deshabhimani

ജോലി നേടണം, കുടുംബത്തിന് താങ്ങാകണം; സ്വപ്നങ്ങൾ ബാക്കിയാക്കി ദേവികയുടെ മടക്കം

DEVIKA NEDUMBASSERY ACCIDENT
വെബ് ഡെസ്ക്

Published on Oct 13, 2026, 04:31 PM | 2 min read

മദ്യലഹരിയിലെ അലക്ഷ്യവും അമിതവേഗവും കവർന്നെടുത്തത് മൂന്ന് ജീവനുകൾ മാത്രമല്ല, മൂന്ന് കുടുംബങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും കൂടിയാണ്. നെടുമ്പാശേരിയിൽ മദ്യലഹരിയിലായിരുന്ന സുഹൈൽ ഓടിച്ച മിനികൂപ്പർ ഇടിച്ച് കൊല്ലപ്പെട്ടവരിൽ ഒരാൾ വയനാട് കൽപ്പറ്റ മടക്കിമല സ്വദേശിനി ദേവികയാണ്. ജീവിതത്തിലെ പ്രതിസന്ധികളോട് പൊരുതി, സ്വന്തം സ്വപ്നങ്ങൾക്കൊപ്പം കുടുംബത്തിന്റെ പ്രതീക്ഷകളെയും ഉയരങ്ങളിലേക്ക് കൈപിടിച്ചുയർത്താൻ കൊതിച്ചയാളായിരുന്നു ആ 21കാരി... അവളുടെ സ്വപ്നങ്ങളിലേക്കുള്ള യാത്ര പാതിവഴിയിൽ അവസാനിച്ചപ്പോൾ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ ആകെ പ്രതീക്ഷയാണ്.


സ്വന്തമായി ഒരു തുണ്ട് ഭൂമിപോലുമില്ലാത്ത കുടുംബത്തിന് നല്ലൊരു വീട് പണിയണം. അനുജനെ നന്നായി പഠിപ്പിക്കണം. വീട്ടിലെ പ്രയാസങ്ങൾക്ക് പരിഹാരം കാണണം. അതിനായി പഠനം പൂർത്തിയാക്കി വിദേശത്ത് നല്ലൊരു ജോലി നേടണം. ദേവികയുടെ സ്വപ്നങ്ങളെല്ലാം കുടുംബത്തെ ചുറ്റിപ്പറ്റിയായിരുന്നു. ആ ലക്ഷ്യത്തിലേക്ക് ഓരോ ചുവടും ആത്മവിശ്വാസത്തോടെയാണ് ദേവിക മുന്നേറിയത്. അതിനിടെയാണ് അപ്രതീക്ഷിത അപകടം അവളുടെ ജീവൻ കവർന്നത്.


പഠനത്തിൽ മാത്രമല്ല കലാ - കായികരംഗത്തുമെല്ലാം ഒരുപോലെ മികവ് തെളിയിച്ച പ്രതിഭയായിരുന്നു ദേവിക. പത്താം ക്ലാസിലും പ്ലസ്ടുവിലും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. ജില്ലാ സോഫ്റ്റ്‌ബോൾ ടീമിൽ അംഗമായിരുന്നു. ഭരതനാട്യ വേദികളിലും സജീവമായിരുന്നവൾ... പഠനത്തിലുൾപ്പെടെയുള്ള എല്ലാ രം​ഗത്തും തൊട്ടതിലെല്ലാം പൊന്നാക്കിയ മിടുക്കി. ഏവിയേഷനിലും ബിബിഎയിലും മികച്ച വിജയം നേടിയ ശേഷം എംബിഎയ്ക്ക് പഠിക്കുകയായിരുന്നു ദേവിക.


രണ്ടുമാസം മുമ്പായിരുന്നു ഏവിയേഷൻ പഠനത്തിന്റെ ബിരുദദാനച്ചടങ്ങ്. അന്ന് നിറഞ്ഞ ചിരിയോടെ നിന്ന ദേവികയുടെ മുഖം ഇന്നും പ്രിയപ്പെട്ടവരുടെ മനസ്സിലുണ്ട്. പഠനകാലത്തെ ഓരോ നേട്ടവും കുടുംബത്തിന് വലിയ സന്തോഷമായിരുന്നു. എംബിഎ പൂർത്തിയാക്കിയശേഷം വിദേശത്ത് ജോലിക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു അവൾ. കുടുംബത്തിന്റെ കഷ്ടപ്പാടുകൾക്ക് തീരാൻ അധികനാൾ വേണ്ടിവരില്ലെന്ന പ്രതീക്ഷയായിരുന്നു ദേവികയ്ക്ക്.


പഠനത്തിനൊപ്പം കുടുംബത്തിന്റെ ആവശ്യങ്ങൾക്കും പണം കണ്ടെത്താൻ എറണാകുളത്ത് പാർട്ട് ടൈം ജോലിയും ചെയ്തിരുന്നു. മൂന്നുവർഷം മുമ്പാണ് ദേവികയും കുടുംബവും കൽപ്പറ്റ മടക്കിമലയിലേക്ക് താമസം മാറിയത്. സ്വന്തമായി ഭൂമിയോ സൗകര്യങ്ങളുള്ള വീടോ ഇല്ലാത്ത കുടുംബത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷയായിരുന്നു അവൾ. ഒരുനാൾ നല്ല വീട് പണിയണം... എല്ലാവരെയും സന്തോഷത്തോടെ അവിടെ താമസിപ്പിക്കണമെന്നൊക്കെയായിരുന്നു ദേവികയുടെ ആഗ്രഹം. എന്നാൽ ആ സ്വപ്നം യാഥാർഥ്യമാക്കുംമുമ്പേ അവൾ യാത്രയായി. ഒടുവിൽ അമ്മ സരിതയുടെ തെക്കുംതറയിലെ തറവാട്ടുവീട്ടിലാണ് മൃതദേഹം സംസ്കരിച്ചത്.


നിറഞ്ഞ പുഞ്ചിരിയോടെ വീട്ടിലെത്തേണ്ട മകളുടെ ജീവനറ്റ ശരീരം കുടുംബം ഏറ്റുവാങ്ങിയ കാഴ്ച ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി. പൂർത്തിയാക്കാൻ ബാക്കിവച്ച സ്വപ്നങ്ങളും പറഞ്ഞുതീരാത്ത വിശേഷങ്ങളും മാത്രം അവശേഷിപ്പിച്ച് ദേവിക മടങ്ങി.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home