തമിഴ്നാട് മുഖ്യമന്ത്രി വിജയ്യെ സന്ദർശിച്ച് രശ്മികയും വിജയ് ദേവരകൊണ്ടയും

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്യെ സന്ദർശിച്ച് തെന്നിന്ത്യൻ താരജോഡികളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും. ഇരുവരും കൂടിക്കാഴ്ചയുടെ ചിത്രങ്ങൾക്കൊപ്പം ഹൃദ്യമായ കുറിപ്പുകളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. പുതിയ ചിത്രം രണബാലിയുടെ റിലീസിന് മുന്നോടിയായാണ് താരങ്ങൾ മുഖ്യമന്ത്രിയെ കണ്ടത്. ചിത്രം ഒക്ടോബർ 16-ന് തിയേറ്ററുകളിലെത്തും.
വിജയ്‌യെ ഏറെക്കാലമായി ആരാധിക്കുന്ന വ്യക്തിയാണ് താനെന്ന് രശ്മിക കുറിച്ചു. അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചതും ഇപ്പോൾ മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിന്റെ യാത്രയെ ആദരവോടെ കാണാൻ കഴിയുന്നതും സന്തോഷകരമാണെന്നും താരം പറഞ്ഞു. വിജയ്‌ക്ക് എല്ലാവിധ ആശംസകളും നേർന്നുകൊണ്ടാണ് രശ്മിക കുറിപ്പ് അവസാനിപ്പിച്ചത്.
വിജയ് ദേവരകൊണ്ടയും കൂടിക്കാഴ്ചയെക്കുറിച്ച് സന്തോഷം പങ്കുവെച്ചു. തിരക്കേറിയ ദിവസത്തിനിടയിലും സ്നേഹത്തോടെ സ്വീകരിച്ച മുഖ്യമന്ത്രിയുമായി ജീവിതം, ജോലി, ലോകം എന്നിവയെക്കുറിച്ച് സംസാരിക്കാൻ കഴിഞ്ഞത് മനോഹരമായ അനുഭവമായിരുന്നെന്ന് താരം കുറിച്ചു. ആദ്യ കൂടിക്കാഴ്ചയിൽത്തന്നെ വിജയ് തനിക്ക് പ്രിയപ്പെട്ട വ്യക്തിയായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.








0 comments