കാംബ്രിയൻ പട്രോളിൽ ഇന്ത്യൻ സൈന്യത്തിന് സ്വർണം; നേട്ടം അസം റെജിമെന്റിന്

ഒക്ടോബർ 2 മുതൽ 12 വരെ യുകെയിലെ വെയിൽസിൽ നടന്ന അഭ്യാസത്തിൽ നൂറിലധികം ടീമുകളോട് മത്സരിച്ചാണ് ഇന്ത്യൻ സംഘം നേട്ടം കൈവരിച്ചത്
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും കഠിനമായ സൈനിക അഭ്യാസങ്ങളിലൊന്നായ കാംബ്രിയൻ പട്രോളിൽ ഇന്ത്യൻ സൈന്യത്തിന്റെ അസം റെജിമെന്റിന് സ്വർണമെഡൽ. ഒക്ടോബർ 2 മുതൽ 12 വരെ യുകെയിലെ വെയിൽസിൽ നടന്ന അഭ്യാസത്തിൽ നൂറിലധികം ടീമുകളോട് മത്സരിച്ചാണ് ഇന്ത്യൻ സംഘം നേട്ടം കൈവരിച്ചത്. സ്വർണമെഡൽ നേടിയ പത്ത് ടീമുകളിൽ ഒന്നാണ് ഇന്ത്യ.
ശാരീരികക്ഷമത, തന്ത്രപരമായ മികവ്, കൂട്ടായ പ്രവർത്തനം, നേതൃത്വപാടവം എന്നിവയിലെ മികവാണ് ഇന്ത്യൻ സംഘത്തിന് നേട്ടമായത്. “കഠിനമായ പരിശീലനവും യുദ്ധക്കളത്തിലെ മികവും ആഗോള വേദിയിൽ വിജയമായി മാറുന്നതിന്റെ തെളിവാണ് ഈ നേട്ടം,” എന്ന് ഇന്ത്യൻ സൈന്യം ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കുറിച്ചു.
സ്വർണം നേടിയ സൈനികർ ഏത് ബറ്റാലിയനിൽപ്പെട്ടവരാണെന്ന് സൈന്യം വ്യക്തമാക്കിയിട്ടില്ല. എന്നാൽ, പുറത്തുവിട്ട ചിത്രത്തിലെ ഒരു സൈനികന്റെ തോളിലെ ബാഡ്ജിൽ ‘ഭൈരവ്’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അടിയന്തര അതിർത്തി സാഹചര്യങ്ങളും അതിവേഗ സൈനിക ഇടപെടലുകളും നേരിടാൻ 2025ൽ രൂപീകരിച്ച ലൈറ്റ് കമാൻഡോ ബറ്റാലിയനുകളാണ് ഭൈരവ്.
1941 ജൂൺ 15ന് മേഘാലയയിലെ ഷില്ലോങ്ങിൽ രൂപീകരിച്ച അസം റെജിമെന്റ് രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായിരുന്നു. വടക്കുകിഴക്കൻ ഇന്ത്യയിലെ വിവിധ സമൂഹങ്ങളിൽ നിന്നുള്ള സൈനികരാണ് റെജിമെന്റിലുള്ളത്.
ബ്രിട്ടീഷ് സൈന്യത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കാംബ്രിയൻ പട്രോൾ ആറ് പതിറ്റാണ്ടിലേറെയായി നടന്നുവരുന്ന സൈനിക അഭ്യാസമാണ്. ഏകദേശം 60 കിലോമീറ്റർ ദൂരം പിന്നിടുന്നതിനൊപ്പം കയറ്റങ്ങളും ഇറക്കങ്ങളും താണ്ടി കഠിനമായ ദൗത്യങ്ങൾ പൂർത്തിയാക്കണം. ഓരോ സൈനികനും 32 കിലോഗ്രാം വരെ ഭാരം വഹിക്കേണ്ടിവരും.
ഇന്ത്യൻ സൈന്യം മുൻപും ഈ അഭ്യാസത്തിൽ സ്വർണമെഡൽ നേടിയിട്ടുണ്ട്. ഗൂർഖ റൈഫിൾസ്, ഗർവാൾ റൈഫിൾസ് റെജിമെന്റുകളിലെ സൈനികരും നേരത്തേ നേട്ടം കൈവരിച്ചിരുന്നു. കഴിഞ്ഞ വർഷം ഇന്ത്യ വെള്ളിമെഡലാണ് നേടിയത്.









0 comments