അമിതവേഗത്തിലെത്തി ഇടിച്ചിട്ടു; നെടുമ്പാശ്ശേരി വാഹനാപകടത്തിലെ പ്രതി മദ്യലഹരിയിൽ, നരഹത്യക്ക് കേസെടുത്തു

അപകടത്തിന് കാരണമായ കാർ (ഇടത്) പ്രതി സുഹൈൽ (വലത്)
കൊച്ചി : നെടുമ്പാശ്ശേരിയിൽ അമിത വേഗത്തിലായിരുന്ന മിനി കൂപ്പറിടിച്ച് മൂന്ന് സ്കൂട്ടര്‍ യാത്രക്കാര്‍ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി മദ്യലഹരിയിലായിരുന്നെന്ന് പൊലീസ്. അമിതവേഗത്തിലായിരുന്നു കാറെന്നും പൊലീസ് വ്യക്തമാക്കി. രണ്ട് യുവതികളടക്കം മൂന്ന് പേരാണ് മരിച്ചത്. പാലക്കാട് സ്വദേശി ഗോപിക, വയനാട് സ്വദേശിനി ദേവിക (21), കർണാടക സ്വദേശി ഇജാസ് (21) എന്നിവരാണ് മരിച്ചത്.
മിനികൂപ്പർ ഓടിച്ചിരുന്ന സുഹൈൽ സജീവിനെ (19) പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം. സുഹൃത്തിനെ വിമാനത്താവളത്തിൽനിന്ന് കൂട്ടിക്കൊണ്ടുപോകാനാണ് സുഹൈൽ എത്തിയത്. നെടുമ്പാശ്ശേരിയിലേക്കുള്ള യാത്രയ്ക്കിടെ മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചതായും മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചതായും വിവരമുണ്ട്.
അപകടത്തിനു പിന്നാലെ സുഹൈലും നാട്ടുകാരും തമ്മിൽ വാക്കുതർക്കമുണ്ടായി. എന്തുവന്നാലും അച്ഛൻ നോക്കിക്കൊള്ളുമെന്ന രീതിയിൽ സുഹൈൽ വെല്ലുവിളിച്ചു. ഇയാൾക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.
സുഹൈലിനെയും ഒപ്പമുണ്ടായിരുന്നയാളെയും മെഡിക്കൽ പരിശോധനയ്ക്ക് ശേഷം പൊലീസ് സ്റ്റേഷനിൽ പ്രിവന്റീവ് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും രക്തസാമ്പിൾ ഉൾപ്പെടെയുള്ളവ ശേഖരിച്ചിട്ടുണ്ടെന്നും സർക്കിൾ ഇൻസ്‌പെക്ടർ അരുൺ കെവി വ്യക്തമാക്കി.
അപകടത്തിൽ മരിച്ച മൂവരും തൃക്കാക്കരയിലെ ആന്റിക് ഷോപ്പിലെ ജീവനക്കാരായിരുന്നു. ആലപ്പുഴ ആലിശ്ശേരി സ്വദേശിയായ സുഹൈൽ ഇപ്പോൾ കാക്കനാടാണ് താമസം.









0 comments