ഡൽഹിയിലെ നരവേട്ട: അറസ്റ്റല്ല, നടന്നത് കിഡ്നാപ്പെന്ന് ധ്രുവ് റാഠി

ന്യൂഡൽഹി : ഡൽഹിയിലെ നരനായാട്ടിനെതിരെ രൂക്ഷവിമർശനവുമായി പ്രമുഖ യൂട്യൂബർ ധ്രുവ് റാഠി. ഡൽഹിയിൽ നടന്നത് അറസ്റ്റല്ലെന്നും കേന്ദ്ര സർക്കാർ ഗുണ്ടകളെ അയച്ച് തന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നും ധ്രുവ് റാഠി ആരോപിച്ചു.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് ആരോപണം. ഇന്ത്യൻ പൗരനല്ലെന്ന ബിജെപി നേതാവിന്റെ പരാമർശത്തിനിതിരെ പാസ്പോർട്ട് ഉയർത്തിക്കാട്ടിയാണ് ധ്രുവ് റാഠി പ്രതികരിച്ചത്. താൻ ഇന്ത്യൻ പൗരനാണെന്നും ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന എല്ലാ അവകാശവും തനിക്കുണ്ടെന്നും ധ്രുവ് റാഠി പറഞ്ഞു.
'ഇതെന്റെ ഇന്ത്യൻ പാസ്പോർട്ടാണ്. ഞാൻ ഇന്ത്യൻ പൗരനാണ്, ഇനിയും അങ്ങനെ തന്നെ തുടരും. ഗോദി മീഡിയയിൽ എന്റെ പൗരത്വവുമായി ബന്ധപ്പെട്ട് വന്ന വാർത്തകളും ഡൽഹിയിലെ കൂട്ട അറസ്റ്റിനെ ന്യായീകരിച്ചും ഗോദി മീഡിയകളിൽ വന്ന വാർത്തകളെല്ലാം തെറ്റാണ്.
ശനിയാഴ്ച രാവിലെ എന്റെ ബോഡ്റൂമിനുള്ളിൽ കിടന്നുറങ്ങുമ്പോഴാണ് യൂണിഫോം ധരിച്ച കുറച്ചുപേർ എത്തിയത്. അവർ പൊലീസുകാരല്ല. എന്റെ വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറി എന്നെ തട്ടിക്കൊണ്ട് പോവുകയാണ് ചെയ്തത്. ചെരുപ്പ് ധരിക്കാനുള്ള സാവകാശം പോലും നൽകാതെയാണ് എന്നെ വലിച്ചിഴച്ച് കൊണ്ട് പോയത്. ജീപ്പിനുള്ളിൽ കയറ്റിയ അവർ എന്നെ ഒരു പൊലീസ് സ്റ്റേഷനിൽ നിന്നും മറ്റൊരു പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. എനിക്ക് ഫോൺ ചെയ്യാനോ വക്കീലിനോട് സംസാരിക്കാനോ പോലും അനുവദിച്ചില്ലെന്ന് ധ്രുവ് റാഠി പറഞ്ഞു.
സ്വേച്ഛാധിപത്യമാണ് മോദി സർക്കാർ നടത്തുന്നതെന്നും അഭിജീത് ദീപ്കെയെയും സൗരവ് ദാസിനെയും സമാനരീതിയിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് ധ്രുവ് റാഠി ചൂണ്ടിക്കാട്ടി.








0 comments