ഡൽഹിയിൽ ആളിക്കത്തി പ്രതിഷേധം: പൊലീസ് നരനായാട്ടിൽ ആദർശ് എം സജിക്ക് പരിക്ക്

എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജിയെ പൊലീസ് വലിച്ചിഴച്ച് കസ്റ്റഡിയിലെടുക്കുന്നു|ഫോട്ടോ: പി വി സുജിത്
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് നടപടി അട്ടിമറിച്ച മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ സമരം വിദ്യാർഥി-യുവജന പ്രതിഷേധത്തെ തല്ലിച്ചതച്ച് പൊലീസ്. കൊണാട്ട് പ്ലേസിൽ എസ്എഫ്ഐ, എഐഎസ്എഫ്, ഡിവൈഎഫ്ഐ, സിജെപി പ്രവർത്തകർ സംയുക്തമായി നടത്തിയ പ്രതിഷേധത്തിനെതിരെ ഡൽഹി പൊലീസ് ആക്രണം അഴിച്ച് വിടുകയായിരുന്നു.
എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജിക്ക് ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ഡിവൈഎഫ്‌ഐ നേതാവും ജെയ്ക്ക് സി തോമസിനെ റോഡിലൂടെ വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്.
സമാധാനപരമായ സമരത്തെ ഭയപ്പെടുന്ന കേന്ദ്ര സർക്കാർ സുരക്ഷയുടെ പേരിൽ നഗരം പൂട്ടിക്കെട്ടിയിരുന്നു. തുടർന്ന് പ്രതിഷേധവുമായെത്തിയ വിദ്യാർഥികളെ തല്ലിച്ചതക്കുകയായിരുന്നു. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച വിദ്യാർഥികളെ കേന്ദ്രസേനയും പൊലീസും വലിച്ചിഴച്ചാണ് നീക്കിയത്. പെൺകുട്ടികളെ അടക്കം കഴുത്തിൽ കുത്തിപിടിച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഗ്യാനേഷ്‌കുമാറിനെ സംരക്ഷിക്കാൻ ശനിയാഴ്ചയും മോദിസർക്കാരിന്റെ പൊലീസ് രാജാണ് ഡൽഹിയിൽ നടന്നത്. സിജെപിയും ഇടതുപക്ഷ യുവജന–വിദ്യാർഥി സംഘടനകളും സംയുക്തമായി ശനിയാഴ്ച പ്രഖ്യാപിച്ച ‘ജന്തർമന്തർ 2.0’ പ്രക്ഷോഭം അടിച്ചമർത്താൻ വ്യാപക അറസ്റ്റും തടങ്കലും ഗുരുതര മനുഷ്യാവകാശ ലംഘനങ്ങളുമായി ഡൽഹി പൊലീസ് തേർവാഴ്ച നടത്തി. ഡൽഹിയിൽ മാത്രം പതിനായിരത്തോളം പേരെ അറസ്റ്റുചെയ്തു. സ്റ്റേഷനുകൾ മതിയാകാതെ വന്നപ്പോൾ ഡൽഹിയിലെ മൂന്നു സ്റ്റേഡിയങ്ങൾ താൽക്കാലിക തടങ്കൽപ്പാളയങ്ങളാക്കി.
നഗരത്തിൽ ഇറങ്ങിയവരെയെല്ലാം കസ്‌റ്റഡിയിലെടുക്കുന്ന സ്ഥിതിയായിരുന്നു. സിപിഐ എം നേതാക്കളെ ഇരുമ്പുപാളികൾകൊണ്ട് അറകൾ തിരിച്ച ‘ബസ് ജയിലു’കളിലിട്ട് അതിർത്തിയിലെ പൊലീസ് സ്റ്റേഷനുകളിലെത്തിച്ചു. ഡൽഹിയിലെ തെരുവുകളിൽ പ്രതിഷേധവുമായി ഇറങ്ങിയ എല്ലാവരെയും തലങ്ങും വിലങ്ങും തല്ലിയും വഴിയിലൂടെ വലിച്ചിഴച്ചുമാണ് പൊലീസ് നേരിട്ടത്. അരലക്ഷത്തോളം പൊലീസ്, അർധസെെനികരെയാണ് ജന്തർമന്തറിലും പരിസരങ്ങളിലും വിന്യസിച്ചത്.









0 comments