Deshabhimani

വോട്ടവകാശം കവർന്നെടുക്കുമ്പോൾ ക്രിക്കറ്റ് താരങ്ങൾക്കും സൂപ്പർതാരങ്ങൾക്കും ഒന്നും പറയാനില്ലേ?: നേഹാ സിങ് റാത്തോഡ്

neha singh rathode
വെബ് ഡെസ്ക്

Published on Oct 11, 2026, 01:25 PM | 2 min read

ന്യൂഡൽഹി: കോടിക്കണക്കിന് പൗരന്മാരുടെ വോട്ടവകാശം ചോദ്യം ചെയ്യപ്പെടുമ്പോൾ രാജ്യത്തെ ക്രിക്കറ്റ് താരങ്ങളും സിനിമയിലെ മുൻനിര നായകരും എവിടെയെന്ന ചോദ്യവുമായി ഗായികയും സാമൂഹിക നിരീക്ഷകയുമായ നേഹാ സിങ് റാത്തോഡ്. നിങ്ങളുടെ പ്രിയപ്പെട്ട സിനിമാ താരങ്ങളും ക്രിക്കറ്ററും ​ഗായകരും ക്രിക്കറ്റ് താരങ്ങളുമൊക്കെ എവിടെപ്പോയി, എവിടെയാണവർ മുങ്ങിയത് എന്നായിരുന്നു നേഹയുടെ ചോദ്യം. ഇത്രയും മനുഷ്യരുടെ വോട്ടവകാശം നഷ്ടപ്പെട്ട വിഷയത്തിൽ അവർക്കൊന്നും പറയാനില്ലേ എന്നും അവർ ചോദിച്ചു.


നിങ്ങൾ ആരാധിക്കുന്ന താരങ്ങൾ എവിടെയാണ്? അവരുടെ സിനിമകൾ ആദ്യദിനം ആദ്യഷോ കണ്ട് ഹിറ്റാക്കുകയും കോടീശ്വരന്മാരാക്കുകയും ചെയ്യുന്ന ആരാധകരോട് ഈ താരങ്ങൾക്ക് ഒരു ഉത്തരവാദിത്തമില്ലേ? ആരാധകരുടെ പിന്തുണയിലൂടെ വലിയ താരങ്ങളായി മാറിയവർ, അതേ ജനങ്ങളുടെ വോട്ടവകാശം ചോദ്യം ചെയ്യപ്പെടുമ്പോൾ എന്തുകൊണ്ട് മിണ്ടുന്നില്ല?


സ്റ്റേഡിയങ്ങളിലെ വൻ ജനക്കൂട്ടത്തിനിടയിലും തിരക്കുകൾക്കിടയിലും ക്രിക്കറ്റ് മത്സരം കാണാൻ സമയം കണ്ടെത്തുന്ന താരങ്ങൾ, ജനാധിപത്യത്തിന്റെ അടിസ്ഥാനാവകാശം തന്നെ ചർച്ചയാകുമ്പോൾ എവിടെയാണ്? ഈ വിഷയത്തിൽ അവരുടെ ശബ്ദം കേൾക്കാത്തതെന്തുകൊണ്ടാണ്? എന്നായിരുന്നു നേഹ സാമൂഹ്യമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിൽ ചോദിക്കുന്നത്.



മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് താരങ്ങളുടെ നിശ്ശബ്ദതയ്ക്കെതിരെ വിമർശനം ഉയർന്നിരിക്കുന്നത്. എസ്ഐആറിലൂടെ കോടിക്കണക്കിന് ജനങ്ങളുടെ പേരുകളാണ് വോട്ടർപട്ടികയിൽനിന്ന് വെട്ടിമാറ്റിയത്. ജനാധിപത്യ അവകാശങ്ങൾ ഇല്ലാതാക്കുന്ന നടപടിയാണിതെന്ന് ചൂണ്ടിക്കാട്ടി നടത്തുന്ന പ്രതിഷേധത്തെ അക്രമാസക്തമായാണ് ഭരണകൂടം നേരിട്ടത്. സമാധാനപരമായ പ്രതിഷേധത്തെ അടിച്ചമർത്താൻ വലിയ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചത്. നിരവധിയാളുകൾ അറസ്റ്റ് ചെയ്യപ്പെട്ടു. പ്രതിഷേധക്കാരെ കൂട്ടത്തോടെ കസ്റ്റഡിയിലെടുക്കുകയും ഡൽഹിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.


ഈ സാഹചര്യത്തിലാണ് ക്രിക്കറ്റ്, സിനിമാ മേഖലയിലെ താരങ്ങൾ പ്രതികരിക്കാത്തതെന്തെന്ന ചോദ്യം നെഹാ റാത്തോർ ഉയർത്തുന്നത്. ജനാധിപത്യത്തിന്റെ അടിസ്ഥാന അവകാശമായ വോട്ടവകാശം സംബന്ധിച്ച വിഷയത്തിൽ രാജ്യത്തെ പ്രമുഖർ ഇതുവരെയും പ്രതികരിച്ചിട്ടില്ല.


അതേസമയം പ്രതിഷേധത്തിന് പിന്തുണയുമായി സിനിമാ മേഖലയിലെ ചിലർ രംഗത്തെത്തിയിട്ടുണ്ട്. നടൻ പ്രകാശ് രാജ്, സംവിധായകൻ അനുരാഗ് കശ്യപ്, ഗായകനും സംഗീതസംവിധായകനുമായ വിശാൽ ദദ്‌ലാനി, എഴുത്തുകാരനും ഗാനരചയിതാവുമായ വരുൺ ഗ്രോവർ എന്നിവർ പ്രതിഷേധത്തിനും പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടിക്കുമെതിരെ പ്രതികരിച്ചു. പ്രകാശ് രാജ് പ്രക്ഷോഭത്തിന്റെ തുടക്കം മുതൽ മുൻനിരയിലുണ്ട്. നടൻ ഇമ്രാൻ ഖാൻ മുംബൈയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിനെത്തുടർന്ന് കസ്റ്റഡിയിലായിരുന്നു. പിന്നീട് വിട്ടയച്ചു. ലേഖ വാഷിങ്ടൺ ഉൾപ്പെടെയുള്ളവരും മുംബൈയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് വാർത്തകളിൽ ഇടം നേടി.


ഷബാന ആസ്മി, നസറുദ്ദീൻ ഷാ, വിശാൽ ഭരദ്വാജ് തുടങ്ങിയവരും നേരത്തെ മുംബൈയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.


ജനങ്ങൾ തെരുവിലിറങ്ങിയിട്ടും സഹപ്രവർത്തകരുൾപ്പെടെ അറസ്റ്റിലായിട്ടും മുൻനിര താരങ്ങൾ മൗനം വെടിഞ്ഞിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home