ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ന്യൂസിലൻഡ് ടീമിനെ പ്രഖ്യാപിച്ചു; സാന്റ്നർ നായകൻ

ശുഭ്മാൻ ഗിൽ (ഇടത്) മിച്ചൽ സാന്റ്നർ (വലത്)| Photo:AFP
ഓക്ക്‌ലൻഡ് : ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ന്യൂസിലൻഡ് ടീമിനെ പ്രഖ്യാപിച്ചു. മിച്ചൽ സാന്റ്നറാണ് നായകൻ. ഫിൻ അലൻ, ലോക്കി ഫെർഗൂസൻ, രചിൻ രവീന്ദ്ര, ടിം സീഫെർട്ട് എന്നിവർ ടീമിൽ തിരിച്ചെത്തി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര നവംബർ നാലിന് ഓക്ക്‌ലൻഡിലെ ഈഡൻ പാർക്കിൽ ആരംഭിക്കും.
ഇന്ത്യൻ മണ്ണിൽ ആദ്യമായി ഏകദിന പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ന്യൂസിലൻഡ്. ജനുവരിയിൽ നടന്ന പരമ്പരയിൽ ഇന്ത്യയെ 2–1ന് തോൽപ്പിച്ചാണ് ന്യൂസിലൻഡ് ചരിത്രനേട്ടം സ്വന്തമാക്കിയത്.
2023ലാണ് അലനും ഫെർഗൂസണും അവസാനമായി ഏകദിന മത്സരം കളിച്ചത്. 2023ലെ ഏകദിന ലോകകപ്പ് സെമിഫൈനലിൽ മുംബൈയിൽ ഇന്ത്യക്കെതിരെയായിരുന്നു ഫെർഗൂസന്റെ അവസാന മത്സരം.
ഏകദേശം 18 മാസത്തിനു ശേഷമാണ് സീഫെർട്ട് ഏകദിന ടീമിലേക്ക് മടങ്ങിയെത്തുന്നത്. തോളിനേറ്റ പരിക്കിനെത്തുടർന്ന് ട്വന്റി20 ടീമിൽനിന്ന് വിട്ട് നിന്നിരുന്ന രചിൻ രവീന്ദ്ര ആദ്യ മൂന്ന് ഏകദിനങ്ങളിൽ കളിക്കും.
ആദ്യ മൂന്ന് മത്സരങ്ങൾക്കും അവസാന രണ്ട് മത്സരങ്ങൾക്കുമായി വ്യത്യസ്ത ടീമുകളെയാണ് ന്യൂസിലൻഡ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നാം ഏകദിനത്തിനു ശേഷം ചില താരങ്ങൾ വെല്ലിങ്ടണിലേക്ക് മടങ്ങി വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തും.
ആദ്യ മൂന്ന് ഏകദിനങ്ങൾക്കുള്ള ടീം: മിച്ചൽ സാന്റ്നർ (നായകൻ), മൈക്കൽ ബ്രേസ്‌വെൽ, മാർക്ക് ചാപ്മാൻ, ഡെവൺ കോൺവേ, ജേക്കബ് ഡഫി, മാറ്റ് ഹെൻറി, കെയ്ൽ ജാമിസൺ, ടോം ലാഥം (വിക്കറ്റ് കീപ്പർ), ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, രചിൻ രവീന്ദ്ര, നഥാൻ സ്മിത്ത്, വിൽ യങ്, ബ്ലെയർ ടിക്നർ.
അവസാന രണ്ട് ഏകദിനങ്ങൾക്കുള്ള ടീം: മിച്ചൽ സാന്റ്നർ (നായകൻ), ഫിൻ അലൻ, മൈക്കൽ ബ്രേസ്‌വെൽ, മാർക്ക് ചാപ്മാൻ, ക്രിസ്റ്റ്യൻ ക്ലാർക്ക്, ജേക്കബ് ഡഫി, മാറ്റ് ഫിഷർ, ലോക്കി ഫെർഗൂസൺ, മിച്ച് ഹേ (വിക്കറ്റ് കീപ്പർ), നിക് കെല്ലി, ടിം സീഫെർട്ട് (വിക്കറ്റ് കീപ്പർ), ബ്ലെയർ ടിക്നർ, വിൽ യങ്.
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള 14 അംഗ ടീമിനെ നവംബർ ആദ്യം പ്രഖ്യാപിക്കുമെന്നും ന്യൂസിലൻഡ് ക്രിക്കറ്റ് അറിയിച്ചു.








0 comments