നെടുമ്പാശേരി വാഹനക്കുരുതി: സുഹൈൽ സജീവിന് ജാമ്യമില്ല

കൊച്ചി: നെടുമ്പാശേരിയിൽ മദ്യലഹരിയിൽ 19കാരൻ ഓടിച്ച വാഹനമിടിച്ച് മൂന്നുപേർ കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതി സുഹൈൽ സജീവന്റെ ജാമ്യാപേക്ഷ തള്ളി. മറ്റ് മൂന്ന് പേർക്കും കോടതി ജാമ്യം അനുവദിച്ചു. ആലപ്പുഴ തുമ്പോളി പാലപ്പറമ്പിൽ നിനവ് (19), ആലപ്പുഴ സ്വദേശികളായ ജോയൽ (19), അമീൻ (19) എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. സുഹൈലിന് പത്ത് ദിവസത്തിന് ശേഷം ജാമ്യം നൽകുമെന്നും കോടതി വ്യക്തമാക്കി.
ഒക്ടോബർ 11ന് പുലർച്ചെയാണ് നെടുമ്പാശേരി എയർപോട്ട് റോഡിൽ അപകടമുണ്ടായത്. മദ്യലഹരിയിൽ അമിതവേഗതയിലെത്തിയ മിനി കൂപ്പർ വാഹനം സ്കൂട്ടർ യാത്രികരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ കൽപ്പറ്റ മടക്കിമല താഴെവീട്ടിൽ സന്തോഷ്‌ഭവനിൽ സന്തോഷിന്റെ മകൾ ദേവിക (21), പാലക്കാട് കരിമ്പ ചെമ്പൻത്തിട്ട മുള്ളൻകുഴിയിൽ വീട്ടിൽ പ്രദീപ്‌കുമാറിന്റെ മകൾ ഗോപിക (21), കർണാടക സുള്ള്യ കനകമഞ്ചൽ വീട്ടിൽ ഇബ്രാഹിമിന്റെ മകൾ ഇയാസ് (21) എന്നിവരാണ് മരിച്ചത്.
പാലാരിവട്ടം, കടവന്ത്ര, നെടുമ്പാശേരി എന്നിവിടങ്ങളിലെ ബാറുകളിൽ കയറി മദ്യപിച്ച ശേഷമായിരുന്നു സുഹൈലിന്റെ മരണപ്പാച്ചിൽ. 150 കിലോമീറ്ററോളം വേഗതയിലാണ് സുഹൈൽ കാറോടിച്ചിരുന്നത്. കേസിലെ പ്രധാന പ്രതിയെ സംരക്ഷിക്കാൻ പൊലീസ് ബോധപൂർവമായ ശ്രമങ്ങൾ നടത്തിയത് ചർച്ചയായിരുന്നു. ദുർബലമായ വകുപ്പുകൾ ചുമത്തിയാണ് മുഖ്യപ്രതി സുഹൈലിനെതിരെ ആദ്യം കേസെടുത്തത്. പ്രതിയെ ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റിയതടക്കം വിവാദമായിരുന്നു.









0 comments