ad
Deshabhimani

കാല് പൊള്ളിച്ചു, കയ്യൊടിഞ്ഞിട്ടും ആശുപത്രിയിൽ കൊണ്ടുപോയത് 12-ാം ദിവസം; പ്രതിയുടെ കുറ്റസമ്മതം, എല്ലാം അമ്മയുടെ മൗനസമ്മതത്തോടെ

Nedumangad child murder

അമ്മ അഖില, കൊല്ലപ്പെട്ട ഒന്നര വയസ്സുകാരൻ, രണ്ടാനച്ഛന്‍ അഷ്കര്‍

വെബ് ഡെസ്ക്

Published on Jun 06, 2026, 10:05 AM | 1 min read

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസിൽ മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ഒന്നര വയസ്സുകാരൻ അനുഭവിച്ചത് അതിക്രൂരമായ പീഡനങ്ങളാണെന്ന് പൊലീസ് ചോദ്യം ചെയ്യലിൽ വ്യക്തമായി. മുഖ്യപ്രതിയായ വളർത്തച്ഛൻ അഷ്‌കർ കുട്ടിയെ പലതവണ ക്രൂരമായി മർദിച്ചിരുന്നതായും ലൈറ്റർ ഉപയോഗിച്ച് കാലിനടിയിൽ പൊള്ളിച്ചിരുന്നതായും സമ്മതിച്ചു.


അമ്മയായ അഖിലയുടെ മൗനസമ്മതത്തോടെയായിരുന്നു ഈ ക്രൂരതകളെല്ലാം അരങ്ങേറിയത്. കുട്ടിയുടെ കയ്യൊടിഞ്ഞിട്ടുപോലും 12 ദിവസങ്ങൾക്ക് ശേഷമാണ് ഇവർ ആശുപത്രിയിലെത്തിക്കാൻ തയ്യാറായത്. ചോദ്യം ചെയ്യലിൽ യാതൊരുവിധ കൂസലുമില്ലാതെയാണ് പ്രതികൾ പെരുമാറിയത്. പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ കോടതിയിൽ ഹാജരാക്കും.


ലഹരിക്ക് അടിമയായ മുഖ്യപ്രതി അഷ്‌കറിനെതിരെ കൊലക്കുറ്റം, കുട്ടികൾക്കെതിരെയുള്ള അതിക്രമം (പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ), പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമം തുടങ്ങിയ അതീവ ഗുരുതരമായ വകുപ്പുകളാണ് പൊലീസ് ചുമത്തിയിട്ടുള്ളത്. ഈ പൈശാചിക കുറ്റകൃത്യത്തിന് ഒത്താശ ചെയ്തതിനും പ്രേരണാക്കുറ്റത്തിനുമാണ് അമ്മ അഖിലയെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. പ്രതികളെ ഇന്ന് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം.


ഉച്ചയ്ക്ക് ചോറ് കൊടുക്കുന്നതിനിടെ കുട്ടി ഛർദിച്ചതിനെ തുടർന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ എത്തിച്ചെന്നായിരുന്നു പ്രതികൾ ആദ്യം കെട്ടിച്ചമച്ച കഥ. എന്നാൽ കുട്ടിയെ രണ്ടാനച്ഛൻ സ്ഥിരമായി മർദിച്ചിരുന്നു എന്ന പരാതിയുമായി കുട്ടിയുടെ അമ്മൂമ്മയും അച്ഛന്റെ പിതാവും പോലീസിനെ സമീപിച്ചതോടെയാണ് അതിക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുന്ന പ്രായത്തിൽ പോലും ഈ പിഞ്ചുകുഞ്ഞിനെ അഷ്കർ മൃഗീയമായി മർദ്ദിക്കുന്നത് പതിവായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home