print edition നെടുമങ്ങാട്ട് ഒന്നരവയസ്സുകാരന്റെ മരണം: സ്വമേധയാ കേസെടുത്ത് ഹെെക്കോടതി

കൊച്ചി: നെടുമങ്ങാട് ഒന്നരവയസ്സുകാരൻ രണ്ടാനച്ഛന്റെ ക്രൂരമർദനമേറ്റ് മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്‌റ്റിസ് ഷൗമെൻ സെൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് പൊതുതാൽപ്പര്യ ഹർജിപ്രകാരം കേസെടുത്തത്.
കുട്ടിയുടെ മുത്തശ്ശിയുടെ പരാതിയിൽ സർക്കാർ നടപടി എടുക്കാതിരുന്നത് എന്തുകൊണ്ടെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. അതിക്രമം തടയുന്നതിലും വിവരം അധികൃതരെ അറിയിക്കുന്നതിലും ഗുരുതര വീഴ്ചകളുണ്ടായെന്ന് ഹർജിയിൽ നിരീക്ഷിച്ചു.
വനിതാ ശിശുവികസനവകുപ്പിനെ കക്ഷിചേർത്ത കോടതി ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ടു. അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിക്കാനും സർക്കാരിനോട് നിർദേശിച്ചു. ഇതുസംബന്ധിച്ച പത്രവാർത്തകൾ മുൻനിർത്തി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിന് കത്തുനൽകിയിരുന്നു. ഇതടക്കം പരിഗണിച്ചാണ് കോടതിയുടെ ഇടപെടൽ. വിഷയം ജൂലൈ ഒന്നിന് വീണ്ടും പരിഗണിക്കും.
മെയ് 29നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കുഞ്ഞ് മരിച്ചത്. മർദനമേറ്റതിലെ ആന്തരിക രക്തസ്രാവമായിരുന്നു കാരണം. സംഭവത്തിൽ കുട്ടിയുടെ അമ്മയെയും രണ്ടാനച്ഛനെയും അറസ്റ്റ് ചെയ്തു.
കുട്ടി ബാധ്യതയായതിനാലാണ് ഉപദ്രവിച്ചതെന്ന് രണ്ടാനച്ഛൻ സമ്മതിച്ചിട്ടുണ്ട്. പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ ശരീരത്തിൽ 90 മുറിവുകൾ കണ്ടെത്തി. വാരിയെല്ല് ഒടിഞ്ഞിരുന്നു.
ഇരുകെെകളും ഒടിഞ്ഞനിലയിൽ കുട്ടിയെ മുമ്പ് ആശുപത്രിയിൽ എത്തിച്ചിരുന്നു. സൈക്കിളിൽനിന്ന് വീണതാണെന്നാണ് അന്ന് ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാൽ, കുട്ടി നേരിടുന്ന പീഡനത്തെക്കുറിച്ച് അമ്മൂമ്മ ശിശുസംരക്ഷണ യൂണിറ്റിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.










0 comments