print edition ആറ് മണ്ഡലങ്ങളിൽ എൻഡിഎ സ്ഥാനാർഥികൾ കോൺഗ്രസിൽനിന്ന്

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : ഇരുട്ടിവെളുക്കുമ്പോൾ കോൺഗ്രസ് ബിജെപിയാകുന്ന പ്രതിഭാസത്തിന് തെരഞ്ഞെടുപ്പുവേളയിൽ കേരളവും സാക്ഷിയാകുന്നു. ചിറയിൻകീഴ്, ചടയമംഗലം, കൊട്ടാരക്കര, പറവൂർ, ആലപ്പുഴ, തൃശൂർ മണ്ഡലങ്ങളിലെ ബിജെപി, എൻഡിഎ സ്ഥാനാർഥികൾ ഇന്നലെവരെ കോൺഗ്രസായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചിറയിൻകീഴിലെ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന ബി എസ് അനൂപ് ഇത്തവണ ബിജെപി സ്ഥാനാർഥിയാണ്.
ചടയമംഗലത്ത് കെപിസിസി നിർവാഹക സമിതി അംഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന ആർ എസ് അരുൺരാജാണ് ബിജെപി സ്ഥാനാർഥി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ രശ്‌മിയാണ് ഇത്തവണ ബിജെപി സ്ഥാനാർഥി. കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന എം ജെ ജോബ് 52 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് ആലപ്പുഴയിൽ എൻഡിഎ സ്ഥാനാർഥിയായത്.
പറവൂരിലെ എൻഡിഎ സ്ഥാനാർഥി വത്സല പ്രസന്നകുമാർ കെപിസിസി ജനറൽ സെക്രട്ടറിയായിരുന്നു. പറവൂർ നഗരസഭയുടെ മുൻ ചെയർപേഴ്‌സൺകൂടിയായ അവർ വി ഡി സതീശന്റെ ഏകാധിപത്യ നടപടികളിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് വിട്ടത്. കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ നേരത്തെതന്നെ ബിജെപിയിലെത്തി. ഇത്തവണ തൃശൂരിൽ ബിജെപി സ്ഥാനാർഥിയാണ്. മുതിർന്ന നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപി പാളയത്തിലാണെങ്കിലും ഇത്തവണ മത്സരരംഗത്തില്ല.
തലസ്ഥാനത്ത് കോൺഗ്രസ്–ബിജെപി ഡീലുണ്ടെന്ന് വെളിപ്പെടുത്തിയത് യൂത്ത്‌കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന എൻ എസ് നുസൂറാണ്. നേമത്ത് ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിച്ചാൽ പകരം അരുവിക്കരയിൽ വി എസ് ശിവകുമാറിനെയും വട്ടിയൂർക്കാവിൽ കെ മുരളീധരനെയും ജയിപ്പിക്കാമെന്നാണ് ധാരണയെന്നാണ് വെളിപ്പെടുത്തൽ. വാമനപുരം മണ്ഡലത്തിൽ എസ്‌ഡിപിഐയുമായി കോൺഗ്രസ് ധാരണയുണ്ടെന്നും നുസൂർ പറയുന്നു.










0 comments