നവകേരളം സങ്കൽപ്പമല്ല ; വികസന ലക്ഷ്യങ്ങൾ പങ്കുവച്ച്‌ 
ജില്ലാ സംവാദം

navakeralam seminar
avatar
സി ജെ ഹരികുമാർ

Published on Apr 25, 2025, 01:15 AM | 1 min read


പത്തനംതിട്ട : പ്രളയത്തെയും കോവിഡിനെയും ഒത്തൊരുമിച്ച്‌ നേരിട്ട മതേതര മണ്ണിന്റെ വികസന സ്വപ്‌നങ്ങൾക്ക്‌ മിഴിവേകി വീണ്ടും ജനനായകനെത്തി. കൃഷിയുടെയും സാംസ്‌കാരികതയുടെയും ആത്‌മീയതയുടെയും വിളനിലമായ മണ്ണിൽ വികസന നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയും നവകേരളമെന്ന സ്വപ്‌നം വിദൂരമല്ലെന്നും വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ പത്തനംതിട്ടയുടെ മനം കവർന്നു. രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി ക്ഷണിക്കപ്പെട്ട അതിഥികളുമായി മുഖ്യമന്ത്രി ഇലന്തൂർ പെട്രാസ്‌ കൺവൻഷൻ സെന്ററിൽ നടത്തിയ മുഖാമുഖം ജില്ലയുടെ ഭാവിവികസനത്തിന്‌ വലിയ സംഭാവനകളാണ്‌ നൽകിയത്‌. അതിഥികൾ മനസ്സ്‌ തുറന്നു സംസാരിച്ചു. നായകൻ എല്ലാം കേട്ടു, കുറിച്ചെടുത്തു. എല്ലാത്തിനും കൃത്യമായി ഉത്തരമുണ്ടായി. ചോദ്യങ്ങൾ ചോദിച്ചവർക്കും സദസ്സിൽ ഉണ്ടായിരുന്നവർക്കും അദ്‌ഭുതം, എല്ലാത്തിനും മറുപടി പറഞ്ഞല്ലോ.


പുതിയ വികസനസാധ്യതകളും ലഹരിക്കെതിരായി സമൂഹം ഒന്നിക്കേണ്ടതിന്റെ ആവശ്യകതയും യോഗത്തിൽ മുഖ്യമന്ത്രി എടുത്തു പറഞ്ഞു. രക്ഷിതാക്കളെയടക്കം ബോധവൽക്കരിക്കേണ്ടതിന്റെ ആവശ്യകതയും അധ്യാപകർക്ക്‌ കൗൺസിലിങ് പരിശീലനം നൽകുന്നതിന്റെ പ്രധാന്യവും മുഖ്യമന്ത്രി സൂചിപ്പിച്ചു.


വ്യാജപ്രചാരണങ്ങളിലൂടെ കേരളത്തിൽ നിക്ഷേപസാധ്യതകൾ ഇല്ലാതാക്കാൻ ശ്രമിക്കുന്ന വികസന വിരുദ്ധതയും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിലെ അഞ്ചാമത്തെ വിമാനത്താവളം പത്തനംതിട്ടയിലായിരിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളെ കരഘോഷത്തോടെയാണ്‌ സദസ്സ്‌ സ്വീകരിച്ചത്‌.


വർത്തമാനകാലത്ത്‌ യാഥാർഥ്യമാക്കാനുള്ള നവകേരളത്തിന്റെ പദ്ധതികളും യോഗത്തിൽ ചർച്ചയായി. സർക്കാർ നടപ്പാക്കിയ വികസനപ്രവർത്തനങ്ങളും കേരളം കടക്കെണിയിലാണെന്ന വ്യാജപ്രചാരണവും മുഖ്യമന്ത്രി കണക്കുകൾ സഹിതം വിശദീകരിച്ചു. വികസനക്കുതിപ്പിനുള്ള നിർദേശങ്ങൾ ശ്രദ്ധാപൂർവം കേട്ട്‌ സർക്കാർ ഇടപെടൽ ഉറപ്പുനൽകി. രാവിലെ 10. 30ന്‌ ആരംഭിച്ച യോഗം നിശ്‌ചിത സമയവും പിന്നിട്ട്‌ 1.10 ഓടെയാണ്‌ സമാപിച്ചത്‌.


23 പേരാണ് മുഖ്യമന്ത്രിയുമായി സംവദിച്ചത്. മറ്റുള്ളവർ നിർദേശങ്ങളും അഭിപ്രായങ്ങളും എഴുതി നൽകി. മന്ത്രി വീണാ ജോർജ്‌ അധ്യക്ഷയായി. മന്ത്രി കെ എൻ ബാലഗോപാൽ, ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ, എംഎൽഎമാരായ അഡ്വ. കെ യു ജനീഷ്‌കുമാർ, മാത്യു ടി തോമസ്‌, പ്രമോദ്‌ നാരായൺ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോർജ്‌ എബ്രഹാം, കലക്ടർ എസ്‌ പ്രേം കൃഷ്‌ണൻ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home