പുത്തരിക്കണ്ടം പെരുങ്കടലായി; അലയടിച്ചെത്തി പതിനായിരങ്ങൾ

CM NAVAKERALAM
വെബ് ഡെസ്ക്

Published on May 24, 2025, 06:33 AM | 1 min read

തിരുവനന്തപുരം : നവകേരളത്തിലേക്കുള്ള എൽഡിഎഫ്‌ സർക്കാരിന്റെ കാൽവയ്‌പിന് കരുത്തായി വാർഷികാഘോഷവേദിയിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ. സമാപനവേദിയായ പുത്തരിക്കണ്ടം വൈകിട്ട് നാലിനുമുമ്പേ നിറഞ്ഞുകവിഞ്ഞു. ആപൽഘട്ടങ്ങളിൽ ചേർത്തുപിടിച്ച് ജീവിതം തിരികെത്തന്ന സർക്കാരിന് പിന്തുണയേകി തൊഴിലാളികൾ മൈതാനത്തിന്റെ ഒരുഭാഗം കൈയടക്കി.

ഏരിയകളിൽനിന്ന് നഗരത്തിലെ വിവിധ ഇടങ്ങൾ കേന്ദ്രീകരിച്ച് പ്രകടനവും റാലിയുമായി എത്തി. വൈകിട്ട്‌ 4.30ന്‌ ഓവർബ്രിഡ്‌ജിൽനിന്ന്‌ തുറന്ന ജീപ്പിലാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലേക്ക്‌ എത്തിയത്‌. തൊട്ടുപിന്നാലെ മന്ത്രിമാരും മറ്റു ജനപ്രതിനിധികളും. വഴിയിൽ ഇരുഭാഗത്തും നിരന്നവർ സർക്കാരിന്‌ മുദ്രാവാക്യങ്ങളാൽ അഭിവാദ്യമേകി. തിരിച്ച്‌ മുഖ്യമന്ത്രിയുടെ പ്രത്യഭിവാദ്യവും. ഇച്ഛാശക്തിയുടെ അഞ്ചാം വർഷത്തിലേക്ക് രണ്ടാം എൽഡിഎഫ് സർക്കാർ കുതിക്കുമ്പോൾ പിന്തുണയേകണമെന്ന ഉറച്ച തീരുമാനത്തിലാണ് അകലങ്ങളിൽനിന്നുപോലും വാഹനങ്ങളിലായി ആളുകൾ എത്തിയത്. അഞ്ചുമണിക്ക്‌ യോഗം ആരംഭിച്ചപ്പോഴേക്കും പലർക്കും തടിച്ചുകൂടിയ ജനസഞ്ചയം കാരണം മൈതാനത്തിലേക്ക്‌ കടക്കാനായില്ല. പുറത്ത്‌ സ്ഥാപിച്ച ഉച്ചഭാഷിണിയിൽനിന്ന് അവർ ജനനായകന്റെ വാക്കുകൾക്ക് കാതോർത്തു.

കേന്ദ്രം സാമ്പത്തികമായി സംസ്ഥാനത്തെ വരിഞ്ഞ് മുറുക്കുമ്പോഴും പ്രഖ്യാപിച്ച പദ്ധതികളിൽ പൂർത്തിയാക്കിയതും തുടരുന്നതുമായ സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് ജനസമക്ഷം അവതരിപ്പിച്ചപ്പോൾ നിറഞ്ഞ കൈയടി. തുടരണം ഈ സർക്കാരെന്ന്‌ ജനാരവം ഹൃദയങ്ങളിൽനിന്ന് വിളിച്ചു പറഞ്ഞു. റോഡും പാലവും കുടിവെള്ളവും വീട്ടില്ലാത്തവർക്ക് ലൈഫിലൂടെ വീടും പാവപ്പെട്ടവരുടെ മക്കൾ പഠിക്കുന്ന സർക്കാർ സ്കൂളുകളുടെ ആധുനിക മികവും വ്യവസായ ഐടി മേഖലകളുടെ കുതിപ്പും വിഴിഞ്ഞവും ദേശീയപാതയുമെല്ലാം നടപ്പാക്കി കേരളം പുതിയ വികസന പാഠം രചിച്ചത്‌ ജനക്കൂട്ടം ശ്രദ്ധയോടെ കേട്ടു. ഇടയ്‌ക്ക്‌ കരഘോഷം മുഴക്കി. നവകേരളത്തിലേക്ക്‌ ചുവടുവയ്ക്കുന്ന സർക്കാരിനെ ഇകഴ്ത്താനും തളർത്താനുമുള്ള വലതുപക്ഷ കൂട്ടായ്മകൾക്കും കുടപിടിക്കുന്ന മാധ്യമ ലോബികൾക്കും നാടറിഞ്ഞ മുന്നേറ്റങ്ങൾക്ക് കണ്ണുകെട്ടാനാകില്ലെന്ന് പുരുഷാരം വിളംബരപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Home