വിശ്വകേരളം: നവകേരളം സങ്കൽപ്പമാക്കി വക്കാനുളളതല്ല: മുഖ്യമന്ത്രി

തിരുവനന്തപുരം
: നവകേരളം സങ്കൽപ്പമാക്കി വയ്‌ക്കാനുള്ളതല്ലെന്നും വർത്തമാനകാലത്തിൽ യാഥാർഥ്യമാക്കാനുള്ളതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് സർവതല സ്‌പർശിയായ വികസനമാണ് നടക്കുന്നത്. സാമൂഹ്യനീതിയിൽ അധിഷ്‌ഠിതമായ വികസനം. എല്ലാമനുഷ്യരും വികസനത്തിന്റെ സ്വാദ് അനുഭവിക്കണം. അതാണ് സർക്കാർ വിഭാവനം ചെയ്യുന്ന നവകേരളം. ലോകത്തെ വികസിത രാഷ്‌ട്രങ്ങളിലെ വരുമാനതോതിലേക്ക് കേരളത്തിന്റെ ആകെ ജീവിത നിലവാരം ഉയർത്തുകയാണ് ലക്ഷ്യം.
അതിലേക്കാണ് പടിപടിയായി മുന്നേറുന്നത്. സർക്കാരിന്റെ നാലാംവാർഷികാഘോഷത്തിന്റെ സമാപനസമ്മേളനത്തിൽ പ്രോഗ്രസ് കാർഡ് പ്രകാശിപ്പിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നവംബർ ഒന്നിന് രാജ്യത്ത് അതിദരിദ്രരില്ലാത്ത സംസ്ഥാനം എന്ന പ്രഖ്യാപനം നടത്തും. സർക്കാരിന്റെ പദ്ധതികളെല്ലാം അവതാളത്തിലായി, ഒന്നും പൂർത്തിയാക്കാൻ കഴിയുന്നില്ലെന്ന പ്രചാരണം നടക്കുന്നു. എന്നാൽ അതല്ല സ്ഥിതി. കഴിഞ്ഞ സാമ്പത്തികവർഷം വാർഷികപദ്ധതി അടങ്കൽ 30,370 കോടിരൂപയായിരുന്നു. അതിൽ ചെലവിട്ടത് 29224.23 കോടിയാണ്. 96.23 ശതമാനം. വലിയതോതിൽ അധികാരവും പണവും ലഭിക്കുന്ന തദ്ദേശസ്ഥാപനങ്ങളാണ് കേരളത്തിലുള്ളത്. ആ തദ്ദേശസ്ഥാപനങ്ങൾക്ക് 2024–-25ൽ വകയിരുത്തിയത് 8532 കോടി രൂപയാണ്. ചെലവഴിച്ചത് 9452.72 കോടിയും. 110.79 ശതമാനം. എവിടെയാണ് തകർച്ച.
എവിടെയാണ് സാമ്പത്തിക പാപ്പരത്തം. ഇതാണ് നാടിന്റെ യഥാർഥ നില. കേരളത്തിന്റെ പ്രതിശീർഷവരുമാനം നല്ലതുപോലെ വർധിപ്പിക്കാൻ കഴിഞ്ഞുവെന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്–- മുഖ്യമന്ത്രി പറഞ്ഞു.
അതിദരിദ്ര കുടുംബങ്ങൾക്ക് സർക്കാർ ഭൂമി നൽകും
കേരളശേരി(പാലക്കാട്)
ഭൂമിയില്ലാത്ത അതിദരിദ്ര കുടുംബങ്ങൾക്ക് സർക്കാർ ഭൂമി പതിച്ചുകൊടുക്കാൻ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തതായി മന്ത്രി എം ബി രാജേഷ്. ആയിരത്തിലധികം കുടുംബങ്ങൾക്ക് കൊടുക്കാനാവശ്യമായ ഭൂമി കലക്‌ടർമാർ കണ്ടെത്തിക്കഴിഞ്ഞു. ഇന്ത്യയിലെ അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി മാറാൻ കേരളം തയ്യാറായെന്നും മന്ത്രി പറഞ്ഞു. കേരളശേരി പഞ്ചായത്തിൽ വിവിധ ഭവനപദ്ധതികളിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയ വീടുകളുടെ താക്കോൽ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.









0 comments