ജനങ്ങളെ കേട്ട്‌ നവകേരളം

നവകേരളം സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാം ; വീട്ടിലും കൂട്ടായ്മകളിലുമെത്തി അഭിപ്രായം തേടും

Navakeralam
വെബ് ഡെസ്ക്

Published on Oct 14, 2025, 03:00 AM | 2 min read


തിരുവനന്തപുരം

നവകേരളം സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാമിൽ അഭിപ്രായം തേടുക വാര്‍ഡ് അടിസ്ഥാനത്തിൽ. സന്നദ്ധസേനാംഗങ്ങള്‍ വീടുകള്‍, ഫ്ളാറ്റുകള്‍, ഉന്നതികള്‍, മറ്റ് വാസസ്ഥലങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരോഗ്യ, വ്യാപാര കേന്ദ്രങ്ങള്‍, തൊഴില്‍ശാലകള്‍, കുടുംബശ്രീ, തൊഴിലുറപ്പ്, ബസ്/ ഓട്ടോ/ടാക്സി സ്റ്റാൻഡ്‌, വായനശാല, ക്ലബ്ബ്‌, മറ്റു കൂട്ടായ്മകള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച്‌ പഠന റിപ്പോര്‍ട്ട് തയ്യാറാക്കും.


ഓരോ വാര്‍ഡിലും നാല്‌ സന്നദ്ധപ്രവര്‍ത്തകരെ നിയോഗിക്കും. സംസ്ഥാന സാമൂഹ്യ സന്നദ്ധസേനയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍നിന്നാണിത്‌. പ്രതിഫലേച്ഛ ഇല്ലാതെ പ്രവർത്തിക്കുന്ന ഇവർക്ക്‌ അപ്രീസിയേഷന്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കും.

എന്‍എസ്എസ് വളണ്ടിയര്‍മാര്‍, എന്‍സിസി കേഡറ്റുകള്‍, പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ എന്നിവർക്കും അവസരമുണ്ടാകും.


വികസന ആവശ്യങ്ങള്‍, നടപ്പാക്കിയ പദ്ധതികളുടെ പോരായ്മകള്‍, ക്ഷേമപദ്ധതികളുടെ നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള നിര്‍ദേശങ്ങള്‍, സര്‍ക്കാര്‍ പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തുടങ്ങിയവ റിപ്പോര്‍ട്ടിന്റെ ഭാഗമാക്കും. സാമൂഹ്യജീവിതത്തിലെ വ്യത്യസ്ത പ്രശ്നങ്ങളും ഉൾപ്പെടുത്തും. മാര്‍ച്ച് 31-നകം പഠന റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിക്കും.


സംസ്ഥാനതല 
ഉപദേശക സമിതി

ചീഫ് സെക്രട്ടറി എ ജയതിലക്‌, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ എം എബ്രഹാം, ഐഎംജി ഡയറക്ടര്‍ കെ ജയകുമാര്‍, ഐഐഎം കോഴിക്കോട് പ്രൊഫസര്‍ ഡോ. സജി ഗോപിനാഥ്.


ജനങ്ങളെ കേട്ട്‌ നവകേരളം

സംസ്ഥാനത്തിന്റെ പുരോഗതിക്കും വികസനത്തിനും പുതിയ കരുത്തും ദിശാബോധവും നൽകാനായി ‘നവകേരളം സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാം’ വികസനക്ഷേമ പഠന പരിപാടി സംഘടിപ്പിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.


ജനങ്ങളിലേക്കെത്തി അഭിപ്രായങ്ങള്‍ കേട്ടും വികസന ചര്‍ച്ചകളില്‍ പങ്കെടുപ്പിച്ചും അവരെ നയരൂപീകരണത്തിന്റെ ഘടകമാക്കും. എല്ലാ കുടുംബങ്ങളില്‍നിന്നും വികസനക്ഷേമ പദ്ധതികളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും തേടുംസമയബന്ധിതമായി മുഴുവന്‍ കുടുംബങ്ങളിലും പദ്ധതികളുടെ ഗുണഫലം എത്തിക്കാനുള്ള കര്‍മപദ്ധതിക്ക്‌ രൂപംനൽകും. ഇത്തരം ജനാധിപത്യ ഇടപെടല്‍ ലോകചരിത്രത്തില്‍ അപൂര്‍വമാകുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ജനുവരി ഒന്നുമുതല്‍ ഫെബ്രുവരി 28വരെ സാമൂഹിക സന്നദ്ധസേനാംഗങ്ങളുടെ സേവനം ഉപയോഗപ്പെടുത്തിയാണ് പരിപാടി. നടത്തിപ്പിന് നാലംഗ സംസ്ഥാനതല ഉപദേശകസമിതി രൂപീകരിച്ചു. സംസ്ഥാനതല നിര്‍വഹണ സമിതിയും നിലവില്‍വരും. തദ്ദേശസ്ഥാപന– അസംബ്ലി– ജില്ലാതലങ്ങളിലും ഉദ്യോഗസ്ഥരെയും വിദഗ്ധരെയും ഉള്‍പ്പെടുത്തി സമിതികള്‍ രൂപീകരിക്കും. സംസ്ഥാന സമിതിക്ക് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് പരിശോധിച്ച് ഉചിതമായ ശുപാര്‍ശ സമര്‍പ്പിക്കാൻ തിരുവനന്തപുരം ഐഎംജിയിൽ പ്രത്യേക സംവിധാനമൊരുക്കും. സംസ്ഥാനതല നിര്‍വഹണസമിതി രൂപീകരിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Home