13 ജില്ലകളിലെ 229 വികസന പദ്ധതികൾക്കായി 980.25 കോടി
നവകേരള സദസ്: 229 വികസന പദ്ധതികൾക്ക് അന്തിമ അംഗീകാരം

തിരുവനന്തപുരം : നവകേരള സദസിൽ ഉയർന്നുവന്ന വികസന പദ്ധതികളുടെ അന്തിമ പട്ടിക അംഗീകരിച്ചു. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് പട്ടിക അംഗീകരിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും 140 നിയമസഭാ മണ്ഡലങ്ങളിലും സഞ്ചരിച്ച് ജനങ്ങളുമായി സംവദിച്ചപ്പോൾ ഉരുത്തിരിഞ്ഞ നിർദേശങ്ങളാണ് വികസന പദ്ധതികളായി നടപ്പാക്കുന്നത്. മലപ്പുറം ഒഴികെയുള്ള ജില്ലകളിലെ പദ്ധതികൾക്കാണ് അംഗീകാരമായത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പായതിനാൽ മലപ്പുറം ജില്ലയെ പരിഗണിച്ചിരുന്നില്ല.
13 ജില്ലകളിലെ 229 വികസന പദ്ധതികൾക്കായി 980.25 കോടി രൂപ സർക്കാർ ചെലവഴിക്കും. ജനങ്ങൾ ആവശ്യപ്പെട്ട വികസനങ്ങൾക്കും നിർദേശങ്ങൾക്കും മുൻഗണനപ്രകാരം അനുമതി നൽകാനും അധിക പദ്ധതികൾ അനുവദിക്കാനും ചീഫ് സെക്രട്ടറി, സെക്രട്ടറി (പിഐഇ ആൻഡ് എംഡി), ബന്ധപ്പെട്ട കലക്ടർ എന്നിവരടങ്ങുന്ന കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ കമ്മിറ്റിയാണ് അനുമതി നൽകിയത്.
ഓരോ മണ്ഡലത്തിലും പരമാവധി ഏഴ് കോടി വീതമാണ് അനുവദിക്കുക. ഓരോ മണ്ഡലത്തിലും രണ്ടു പദ്ധതികൾ വീതം മുൻഗണനാ അടിസ്ഥാനത്തിൽ നടപ്പിലാക്കും.









0 comments