ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം: വേട്ടയാടലിനെതിരെ അലയടിച്ച് പ്രതിഷേധം

സിപിഐ എം തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധ പ്രകടനം
തിരുവനന്തപുരം: സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസിൽ കടന്നുകയറി എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് നടത്തിയ നീക്കത്തിനെതിരെ അലയടിച്ച് പ്രതിഷേധം. രാജ്യവ്യാപകമായി സിപിഐ എം, എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. കേരളത്തിൽ ഏരിയാ കേന്ദ്രങ്ങളിൽ സിപിഐ എം നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
ജന്തർ മന്തറിലെ യുവജനപ്രക്ഷോഭത്തിന്റെ മുൻനിര പോരാളിയായ ഐഷിയെ പ്രതികാര നടപടിയെന്നോണമാണ് കേന്ദ്രസർക്കാരിന്റെ നിർദേശത്തെ തുടർന്ന് അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് എത്തിയത്. ചൊവ്വ പകൽ രണ്ടോടെ ഡൽഹിയിലെ ഏകെജി ഭവനിൽ കടന്നുകയറി ഐഷിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം സിപിഐ എം നേതാക്കളുടെ ചെറുത്തുനിൽപ്പിനെ തുടർന്ന് പൊളിയുകയായിരുന്നു. 2021ലെ കേസിന്റെ പേരിലാണ് ജാമ്യമില്ലാ വാറണ്ട് പ്രകാരം പൊലീസ് എത്തിയത്. എന്നാൽ ആ കേസ് വരുന്ന 30ന് കോടതി പരിഗണിക്കാനിരിക്കുകയാണ്.
യൂണിഫോമോ ബാഡ്ജോ ധരിക്കാത്ത ഉദ്യോഗസ്ഥരാണ് എത്തിയത്. എകെജി ഭവനിലുണ്ടായിരുന്ന സിപിഐ എം രാജ്യസഭ നേതാവ് ജോൺ ബ്രിട്ടാസ് ഇത് ചോദ്യംചെയ്തു. ഉദ്യോഗസ്ഥരോട് എവിടെയാണ് നിങ്ങളുടെ ബാഡ്ജും യൂണിഫോമുമെന്ന് ജോൺ ബ്രിട്ടാസ് ചോദിച്ചു. എന്നാല്‍, മഴ ആയതുകൊണ്ടാണ് യൂണിഫോം ധരിക്കാതിരുന്നത് എന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥയുടെ പ്രതികരണം. യൂണിഫോം ധരിച്ചുവരൂ, ഞങ്ങൾ കാത്തുനിൽക്കാമെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. പിന്നാലെ പൊലീസുകാര്‍ എകെജി ഭവനില്‍നിന്ന് മടങ്ങി.
ജന്തർമന്തർ പ്രക്ഷോഭത്തിന്റെ പേരിൽ യുവജനങ്ങളെ അറസ്‌റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി നിർദേശമുണ്ട്. അതിനാലാണ് അഞ്ച് വർഷം മുൻപുള്ള കേസിന്റെ പേരിൽ ഐഷിയെ കുടുക്കാൻ കേന്ദ്രസർക്കാർ ശ്രമിച്ചത്.










0 comments