കേന്ദ്രമില്ലുകൾ പൂട്ടിയിട്ട് 5 വർഷം ; കടക്കെണിയിൽ കുരുങ്ങി തൊഴിലാളികൾ

തൃശൂർ
കേന്ദ്രസർക്കാരിന്റെ കീഴിലുള്ള നാഷണൽ ടെക്‌സ്റ്റൈൽസ് കോർപറേഷന്റെ കീഴിലുള്ള 23 തുണിമില്ലുകൾ അടച്ചുപൂട്ടിയിട്ട് അഞ്ചുവർഷം. കടക്കെണിയിൽ കുരുങ്ങിയ നിരവധി തൊഴിലാളികൾ വായ്‌പ തിരിച്ചടയ്‌ക്കാനാവാതെ വലയുകയാണ്. പല കുടുംബങ്ങളും ജപ്‌തി ഭീഷണിയിലാണ്. വിദേശരാജ്യങ്ങളിൽനിന്ന് നിയന്ത്രണമില്ലാതെ തുണികൾ ഇറക്കുമതി ചെയ്യുന്ന കേന്ദ്രസാമ്പത്തിക നയമാണ് പൊതുമേഖലയിൽ പ്രവർത്തിച്ചിരുന്ന എൻടിസി മില്ലുകൾക്ക് മരണമണി മുഴക്കിയത്.
ദേശസാൽക്കരണത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ ഏറ്റെടുത്ത 114 മില്ലുകളിൽ 23 മില്ലുകളാണ് രാജ്യത്ത് ശേഷിക്കുന്നത്. കൊല്ലം പാർവതി മിൽ വർഷങ്ങളായി പൂട്ടിക്കിടക്കുകയാണ്. മാഹി മിൽ, തൃശൂരിലെ അളഗപ്പ, കേരള ലക്ഷ്‌മി, കണ്ണൂർ മിൽ, തിരുവനന്തപുരം വിജയമോഹിനി എന്നീ അഞ്ച് മില്ലുകളായിരുന്നു കേരളത്തിൽ പ്രവർത്തിച്ചിരുന്നത്. കോവിഡിന്റെ മറവിൽ 2020ൽ ഇവയും പൂട്ടി.
അഞ്ചു വർഷം കഴിഞ്ഞിട്ടും മില്ലുകൾ തുറക്കുന്നതിന് എൻടിസി മാനേജ്‌മെന്റും കേന്ദ്രസർക്കാരും തയ്യാറായിട്ടില്ല. മില്ലുകൾ അടച്ചശേഷം പതിനായിരക്കണക്കിന് താൽക്കാലിക തൊഴിലാളികൾക്ക് വേതനമായി ഒരു രൂപപോലും കിട്ടിയിട്ടില്ല. സ്ഥിരംതൊഴിലാളികൾക്ക് 2024 ഒക്ടോബർ വരെ ജീവനാംശം നൽകിയിരുന്നു. 10 മാസമായി അതും നൽകുന്നില്ലെന്ന് കേരള സ്‌റ്റേറ്റ് ടെക്‌സ്‌റ്റൈൽ മിൽ വർക്കേഴ്‌സ് ഫെഡറേഷൻ (സിഐടിയു) ജനറൽ സെക്രട്ടറി എം ആർ രാജൻ പറഞ്ഞു.
ഇഎസ്‌ഐയിൽ പണമടയ്‌ക്കാത്തതുകൊണ്ട് തൊഴിലാളി കുടുംബങ്ങൾക്ക് ചികിത്സാ സൗകര്യവും ലഭ്യമാകുന്നില്ല. ശമ്പള പരിധി 21000 രൂപ കടന്നവർക്ക് ഒരു പരിരക്ഷയും കമ്പനി നൽകുന്നില്ല. പിഎഫിൽ കൃത്യമായി പണമടയ്‌ക്കാത്തതിനാൽ ഇപിഎഫ് പെൻഷനേയും ബാധിക്കുന്നു. അഞ്ചുവർഷമായി സ്ഥാപനം പ്രവർത്തിക്കാത്തതിനാൽ യന്ത്രങ്ങൾ തുരുമ്പെടുക്കുകയാണ്. കോടിക്കണക്കിന് രൂപയുടെ നഷ്‌ടമാണ് സംഭവിക്കുന്നതെന്നും എം ആർ രാജൻ പറഞ്ഞു. 20ന് സംയുക്ത തൊഴിലാളിയൂണിയന്റെ നേതൃത്വത്തിൽ മില്ലുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും.










0 comments