'ലൈഫ് ഈസ് ബ്യൂട്ടിഫുൾ': ലഹരിക്കെതിരെ ജനജാഗ്രത സദസുമായി നാഷണൽ സർവീസ് സ്കീം

campaign against drugs
വെബ് ഡെസ്ക്

Published on Mar 14, 2025, 03:51 PM | 1 min read

തൃശൂർ : കലാലയങ്ങളിലും പൊതുസമൂഹത്തിലും വർധിച്ചു വരുന്ന ലഹരി വിപത്തിനെതിരെ ഉന്നതവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന നാഷണൽ സർവീസ് സ്കീമിൻ്റെ നേതൃത്വത്തിൽ പ്രത്യേക ക്യാമ്പയിനിന് തുടക്കം കുറിക്കുന്നുവെന്ന് മന്ത്രി ഡോ. ആർ ബിന്ദു. 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' (ജീവിതം സുന്ദരമാണ്) എന്ന പേരിൽ സംസ്ഥാനത്തെ ആയിരം കേന്ദ്രങ്ങളിൽ എൻഎസ്എസ് യൂണിറ്റുകൾ ലഹരിക്കെതിരെ ജനജാഗ്രത സദസ്സുകൾ ഒരുക്കും. സംസ്ഥാനത്തെ 3,500 എൻഎസ്എസ് യൂണിറ്റുകളും അവയിലെ മൂന്നര ലക്ഷം സന്നദ്ധപ്രവർത്തകരും ചേർന്നാണ് ജാഗ്രത സദസ്സുകൾ ഒരുക്കുക.


ജനജാഗ്രത സദസുകളിൽ പൊതുജന പങ്കാളിത്തത്തോടെ വ്യത്യസ്ത‌മായ ബോധവൽക്കരണ പ്രവർത്തനങ്ങൾ ആവിഷ്കരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. മാർച്ച് 17 മുതൽ 25 വരെയുള്ള ദിവസങ്ങളിലാണ് 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' ക്യാമ്പയിനിൻ്റെ ഈ ഘട്ടം നടക്കുക. 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' ക്യാമ്പയിനിൻ്റെ സംസ്ഥാനതല ഉദ്ഘാടനം 17ന് ഉച്ചക്ക് രണ്ടിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മന്ത്രി ആർ ബിന്ദു നിർവഹിക്കും.


വ്യത്യസ്തങ്ങളായ കർമപരിപാടികളാണ് 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' ക്യാമ്പയിനായി ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലഹരിവിരുദ്ധ മനുഷ്യച്ചങ്ങല, ലഹരിവിരുദ്ധ സംവാദങ്ങൾ, വാക്കും വരയും: ലഹരിക്കെതിരെ പ്രാദേശിക കലാകാരന്മാരുടെ കൂട്ടായ്മ, ലഹരിവിരുദ്ധ സന്ദേശ മരങ്ങൾ, ലഹരിക്കെതിരെ മൺചെരാതുകൾ തെളിയിക്കൽ, ലഹരിവിരുദ്ധ ബഹുജന റാലി, ലഹരിവിരുദ്ധ പ്രതിജ്ഞ, മാരത്തോൺ/കൂട്ടയോട്ടം, തത്സമയ മത്സരങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, മുദ്രാവാക്യ രചന, ലഹരിവിരുദ്ധ റീൽ നിർമാണം എന്നിവ സംഘടിപ്പിക്കും.


ഇതോടൊപ്പം, 'സ്നേഹാദരം' എന്ന പേരിൽ, ലഹരിക്കെതിരെ പ്രവർത്തിക്കുന്ന ആയിരം സാമൂഹ്യപ്രവർത്തകരെ/ ഉദ്യോഗസ്ഥരെ ആയിരം കേന്ദ്രങ്ങളിലും കണ്ടെത്തി ആദരിക്കും. ലഹരിമുക്തി നേടിയവരുടെ സംഗമങ്ങളും 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' ക്യാമ്പയിനിൻ്റെ ഭാഗമായി നടക്കും. പൊതു ഇടങ്ങളിൽ ലഹരിവിരുദ്ധ ഡോക്യുമെൻ്ററി/സിനിമ പ്രദർശനങ്ങളും ക്യാമ്പയിനിൻ്റെ ഭാഗമായി ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home