എൻസിആർബി റിപ്പോര്‍ട്ട്
കേരളം സമാധാനത്തിൽ; കുറ്റകൃത്യങ്ങൾ കുറഞ്ഞു, വർഗീയ സംഘർഷങ്ങളില്ല

തിരുവനന്തപുരം: രാജ്യത്ത് ക്രമസമാധാനത്തിൽ മികച്ച നേട്ടവുമായി കേരളം. വർഗീയ സംഘർഷങ്ങളോ സമാന കുറ്റ കൃത്യങ്ങളോ കേരളത്തിൽ അപൂർവമെന്നാണ് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ട്. വർഗീയതക്കെതിരെ സൗഹാർദത്തിൻ്റെ ജ്വാല കെടാതെ കാത്തുസൂക്ഷിക്കുകയാണ് കേരളം. വിവിധ മതവിഭാഗത്തിൽപ്പെട്ടവർ ഒരുമിച്ച് വസിക്കുന്ന സംസ്ഥാനത്ത് അവസാനമായി ഒരു കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത് 2023 ലാണ്. അതേസമയം, ജാതി-സാമുദായിക അക്രമങ്ങളിൽ ഇന്ത്യയിലാകെ 475 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
2016 മുതൽ കേരളത്തിൽ കോഗ്നിസബിൾ കുറ്റകൃത്യങ്ങളിൽ 20 ശതമാനം കുറവുണ്ടായതായാണ് റിപ്പോർട്ടിൽ പറയുന്നത്. 2016ൽ 7,07,870 കേസുകളിൽ നിന്ന് 2023 ൽ 5,84,373 ആയി കുറഞ്ഞു. അക്രമപരമായ കുറ്റകൃത്യങ്ങളിലും 25 ശതമാനം കുറവുണ്ടായി. 2016 ൽ 13,548 കേസുകളുണ്ടായപ്പോൾ ഈ വർഷം 10,255 ആയി കുറഞ്ഞു. കുറ്റപത്രം സമർപ്പിക്കുന്നതിലും രാജ്യത്തേറ്റവും മുന്നിൽ നിൽക്കുന്നത് കേരളം തന്നെയാണ്.
ഐപിസി കേസുകളിൽ 95.1ശതമാനം നിരക്കിൽ മറ്റ് എല്ലാ സംസ്ഥാനങ്ങളെയും മറികടന്നു. ദേശീയ ശരാശരിയായ 72.7ശതമാനം നേക്കാൾ വളരെ കൂടുതലാണ് ഇത്. പട്ടികജാതിക്കാർക്കെതിരായ കേസുകളിൽ കുറ്റപത്രം സമർപ്പിക്കുന്നത് 2016-ൽ 62.9 ശതമാനം ആയിരുന്നത് 2023-ൽ 81.6 ശതമാനംആയി ഉയർന്നു. പട്ടികവർഗക്കാർക്കെതിരെയുള്ള അതിക്രമങ്ങളിൽ കേസ് റിപ്പോർട്ട് ചെയ്യുന്നതിൽ, 2017-ൽ 79.9 ശതമാനം ആയിരുന്നത് ഈ വർഷം 85.1 ശതമാനം ആയി ഉയർന്നു.
സംസ്ഥാനത്ത് പരിഹരിക്കപ്പെടാതെ കെട്ടിക്കിടക്കുന്ന കേസുകളുടെ നിരക്ക് 2016-ൽ 13.6 ശതമാനം ആയിരുന്നത് ഇപ്പോൾ വെറും 11.4 ശതമാനം ആണ്. ദേശീയ ശരാശരിയായ 29.2 ശതമാനം നേക്കാൾ കുറവാണ് ഉണ്ടായിരിക്കുന്നത്. കാണാതായ സ്ത്രീകളെ കണ്ടെത്തുന്നതിൽ 96 ശതമാനം വിജയവും കാണാതായ കുട്ടികളെ കണ്ടെത്തുന്നതിൽ 95.9 ശതമാനം വിജയവും സംസ്ഥാനം റിപ്പോർട്ട് ചെയ്തു.
2023 വരെയുള്ള ഏഴുവർഷത്തെ കുറ്റാന്വേഷണ രേഖകൾ അടിസ്ഥാനമാക്കിയ പഠന റിപ്പോർട്ടാണ് എൻസിആർബി പുറത്ത് വിട്ടത്. ഉത്തർപ്രദേശ്, ഗുജറാത്ത് തുടങ്ങി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കുറ്റകൃത്യം, വർഗീയ – സാമുദായിക കലാപം, സ്‌ത്രീകൾക്കെതിരായ അതിക്രമം എന്നിവയെല്ലാം വർധിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.










0 comments