മോദി പറഞ്ഞത്‌ ഇന്ത്യ അലയൻസ്‌, മൊഴിമാറ്റത്തിൽ ഇന്ത്യൻ എയർലൈൻസ്‌; താൻ മോദിയുടെ കടുത്ത ആരാധകനെന്ന്‌ പരിഭാഷകൻ

modi meme.
വെബ് ഡെസ്ക്

Published on May 02, 2025, 04:37 PM | 1 min read

വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖം ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതിൽ അബദ്ധം. സദസിൽ വച്ച്‌ പള്ളിപ്പുറം ജയകുമാർ ചെയ്ത മലയാള പരിഭാഷയിൽ പിഴവ്‌ സംവിച്ചത്‌. ഇന്ത്യ അലയൻസ്‌ എന്ന്‌ മോദി പറഞ്ഞത്‌ ഇന്ത്യ എയർലൈൻസ്‌ എന്ന്‌ പറഞ്ഞതാണ്‌ പരിഭാഷയിലെ പ്രധാന തെറ്റ്‌.


‘എനിക്ക് മുഖ്യമന്ത്രിയോട് പറയാനുള്ളത്, നിങ്ങള്‍ ഇന്ത്യ മുന്നണിയിലെ നെടുംതൂണാണ്. ശശി തരൂരും ഇവിടെയിരിക്കുന്നുണ്ട്. ഇന്നത്തെ പരിപാടി കുറേയാളുകളുടെ ഉറക്കം നഷ്ടപ്പെടുത്തും'– നരേന്ദ്ര മോദിയുടെ വാക്കുകളിങ്ങനെയാണ്‌. എന്നാല്‍ പരിഭാഷകന്‍ പറഞ്ഞതാവട്ടെ ഇന്ത്യൻ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് മോദി പറഞ്ഞതെന്ന രീതിയിലും. പരിഭാഷയിലെ അബദ്ധം പ്രധാനമന്ത്രിക്കും സദസിനും അപ്പോൾ തന്നെ മനസിലാവുകയും ചെയ്തു.


പ്രധാനമന്ത്രിയുടെ മാൻ കി ബാത്ത്‌ ഉൾപ്പെടെയുള്ള പരിപാടികൾ പരിഭാഷപ്പെടുത്തുന്നയാളാണ്‌ പള്ളിപ്പുറം ജയകുമാർ. വന്ദേ ഭാരത്‌ ട്രെയിനിന്റെ ഉദ്‌ഘാടനത്തിന്‌ മോദി കേരളത്തിൽ വന്നപ്പോഴും ജയകുമാറായിരുന്നു പരിഭാഷകൻ. എന്നാൽ പരിഭാഷയിൽ തെറ്റ്‌ സംഭവിച്ചതോടെ സംസ്ഥാന സർക്കാരാണ്‌ പരിഭാഷകനെ നിയോഗിച്ചതെന്ന വ്യാജ ആരോപണവുമായി ബിജെപി നേതാക്കൾ രംഗത്തെത്തി. തുടർന്ന്‌ ജയകുമാർ തന്നെ ഈ ആരോപണങ്ങൾ തള്ളിക്കളഞ്ഞു.


താനൊരു ബിജെപി പ്രവർത്തകനും മോദിയുടെ കടുത്ത ആരാധകനുമാണ്‌. തന്റേത്‌ ബിജെപി കുടുംബമാണ്‌. പരിഭാഷയ്‌ക്ക്‌ തന്നെ നിയോഗിച്ചതിൽ സംസ്ഥാന സർക്കാരിന് യാതൊരു ബന്ധമില്ലെന്നും ജയകുമാർ പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും പ്രസംഗത്തിന്റെ കോപ്പി ലഭിച്ചിരുന്നു. പ്രസംഗത്തിനിടയിൽ കൂട്ടിച്ചേരലുകൾ ഉണ്ടാകുമെന്നും ഓഫീസിൽ നിന്നും അറിയിച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രി പറഞ്ഞത് തനിക്ക് വ്യക്തമായി കേൾക്കാൻ കഴിഞ്ഞിരുന്നില്ല. ക്ഷമാപണം നടത്തി തിരുത്താൻ ശ്രമിച്ചപ്പോൾ പ്രധാനമന്ത്രി സംസാരിച്ചു തുടങ്ങി.– വാർത്താ ചാനലിനോട് ജയകുമാർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home