നായർ വാല് വേണ്ട; തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥി അഞ്ജലി നായരുടെ പേരുമാറ്റാനുള്ള ആവശ്യം തള്ളി

കൊച്ചി: വോട്ടിങ് യന്ത്രത്തിലും ബാലറ്റിലും തന്റെ പേര് 'അഞ്ജലി നായർ' എന്നാക്കി മാറ്റണമെന്ന തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥി അഞ്ജലി നായരുടെ അപേക്ഷ വരണാധികാരി തള്ളി. തെരഞ്ഞെടുപ്പ് പത്രികയിൽ നൽകിയിട്ടുള്ള 'അഞ്ജലി പി വി' എന്ന പേര് തന്നെ തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
ഹൈക്കോടതി ഇടപെടലിനെത്തുടർന്ന് ശനിയാഴ്ച രാവിലെ നടത്തിയ ഹിയറിംഗിന് ശേഷമാണ് വരണാധികാരി അന്തിമ തീരുമാനം അറിയിച്ചത്. നാമനിർദ്ദേശ പത്രികയിൽ അഞ്ജലി പി വി എന്ന പേരാണ് നൽകിയിട്ടുള്ളതെങ്കിലും സിനിമയിലും പൊതുരംഗത്തും താൻ അഞ്ജലി നായർ എന്നാണ് അറിയപ്പെടുന്നതെന്ന് എന്നവകാശപ്പെട്ടാണ് താരം ഹൈക്കോടതിയെ സമീപിച്ചത്.
വോട്ടിങ് യന്ത്രത്തിൽ അഞ്ജലി പി വി എന്ന് വരുന്നതിനു പകരം അഞ്ജലി നായർ എന്ന് വരുത്തണമെന്നായിരുന്നു ആവശ്യം. സ്ഥാനാർത്ഥികളെ തിരിച്ചറിയാൻ വോട്ടർമാർക്ക് പ്രയാസം ഉണ്ടാകരുതെന്ന് നിരീക്ഷിച്ച ഹൈക്കോടതി, അഞ്ജലിയുടെ അപേക്ഷ പരിഗണിക്കാൻ വരണാധികാരിയോട് നിർദ്ദേശിച്ചു.
എന്നാൽ, തെരഞ്ഞെടുപ്പ് പ്രക്രിയ പുരോഗമിച്ച സാഹചര്യത്തിൽ പേര് മാറ്റുന്നത് പ്രായോഗികമല്ലെന്ന് വരണാധികാരി അറിയിച്ചു. ഹോം വോട്ടിങ് ആരംഭിച്ചു കഴിഞ്ഞതായും ഇനിയൊരു മാറ്റം വരുത്തുന്നത് തെരഞ്ഞെടുപ്പ് അലങ്കോലപ്പെടാൻ കാരണമാകുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
കൂടാതെ, മണ്ഡലത്തിൽ സമാനമായ പേരുള്ള മറ്റ് സ്ഥാനാർത്ഥികളില്ലാത്തതിനാൽ ബാലറ്റിലെ ചിത്രവും അടയാളവും നോക്കി വോട്ടർമാർക്ക് സ്ഥാനാർത്ഥിയെ തിരിച്ചറിയാമെന്നും വരണാധികാരി പറഞ്ഞു. ഇത്തവണ തൃപ്പൂണിത്തുറ സീറ്റ് ബിജെപിക്ക് പകരം ട്വന്റി 20ക്കാണ് നൽകിയത്. തെരഞ്ഞെടുപ്പിനിടയിൽ വർഗീയ ദ്രുവീകരണം സൃഷ്ടിക്കാൻ വേണ്ടിയുള്ള ഈ നീക്കത്തിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.










0 comments