ad
Deshabhimani

കടലിൽ കാവലായ്‌ ‘നഭ്‌മിത്ര': ഇതിനകം സ്ഥാപിച്ചത്‌ 4525 യാനങ്ങളിൽ

nabhmithra

നഭ്മിത്ര (വലത്)

avatar
പി ആർ ദീപ്‌തി

Published on Mar 04, 2026, 08:14 AM | 1 min read

കൊല്ലം: ഉൾക്കടലിൽ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ഫിഷറീസ്‌ വകുപ്പ്‌ ഒരുക്കിയ ‘നഭ്മിത്ര' സംസ്ഥാനത്ത്‌ ഇതിനകം സ്ഥാപിച്ചത്‌ 4525 യാനങ്ങളിൽ. ഇതിൽ 2618 പരമ്പരാഗതയാനവും 1907 യന്ത്രവൽകൃത ബോട്ടും ഉൾപ്പെടുന്നു. ആദ്യഘട്ടം 15,684 യാനങ്ങളിൽ ഇവ സ‍ൗജന്യമായി സ്ഥാപിക്കും. 12,121 പരമ്പരാഗത വള്ളത്തിലും 3,563 യന്ത്രവൽകൃത ബോട്ടുകളിലും. ട്രാൻസ്പോണ്ടറിനൊപ്പം 9201 പരമ്പരാഗത വള്ളങ്ങൾക്ക്‌ ബാറ്ററികളും വിതരണംചെയ്‌തു.


ട്രാൻസ്‌പോണ്ടർ ഏറ്റവും കൂടുതൽ യാനങ്ങളിൽ സ്ഥാപിച്ചത്‌ കൊല്ലം ജില്ലയിലാണ്‌- 958. കോഴിക്കോടാണ്‌ തൊട്ടുപിന്നിൽ- 759.

ഉൾക്കടലിലുള്ള മീന്‍പിടിത്ത യാനങ്ങളിലെ തൊഴിലാളികൾക്ക് കരയിലേക്കും തിരിച്ചും ലഘുസന്ദേശങ്ങളിലൂടെ ആശയവിനിമയം സാധ്യമാക്കുകയും മുന്നറിയിപ്പുകൾ ലഭ്യമാക്കുകയും ചെയ്യുന്ന സാറ്റലൈറ്റ് അധിഷ്ഠിത ആശയവിനിമയ സംവിധാനമാണ് ‘നഭ്മിത്ര’. ഇ‍ൗ ആപ്ലിക്കേഷൻ ബ്ലൂടൂത്ത് വഴി മൊബൈലുമായി ബന്ധിപ്പിച്ചാണ്‌ നൽകുന്നത്‌. ജി- സാറ്റ് 6നെ ആശ്രയിച്ച് പ്രവർത്തിക്കുന്ന ഈ ഉപകരണം, കാലാവസ്ഥാ, ചുഴലിക്കാറ്റ് മുന്നറിയിപ്പുകൾ അലാം ആയും പ്രാദേശിക ഭാഷയിൽ ടെക്സ്റ്റ് മെസേജ് ആയും ഉൾക്കടലിലുള്ള യാനങ്ങളിൽ ലഭിക്കും.


സുനാമി, ബോട്ട്‌ മുങ്ങൽ, തീവ്രവാദി ആക്രമണം, ആരോഗ്യ പ്രശ്‌നങ്ങൾ, തീപിടിത്തം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ ഉപകരണത്തിലെ ബട്ടൺ അമർത്തിയാൽ കൺട്രോൾ സെന്ററിൽ ബോട്ടിന്റെ ലൊക്കേഷൻ ഉൾപ്പെടെയുള്ള വിവരം ലഭിക്കും. കൺട്രോൾ സെന്ററിൽ നിന്നുള്ള മറുപടി സന്ദേശം ബോട്ടിലെ തൊഴിലാളികൾക്കും ലഭിക്കും. കപ്പൽച്ചാലുകൾ, രാജ്യാന്തര സമുദ്ര അതിർത്തി എന്നിവ സംബന്ധിച്ച മുന്നറിയിപ്പുകളും ഉപകരണത്തിലൂടെ ലഭ്യമാകും. ഇത്‌ ഘടിപ്പിച്ച യാനം കടലിൽ അനായാസേന കണ്ടെത്താമെന്നതും പ്രത്യേകത. മത്സ്യലഭ്യതയുള്ള ഭാഗങ്ങളും ഉപകരണം വഴി അറിയാനാകും. ഇത്‌ ഉപയോഗിക്കുന്നതിനുള്ള പരിശീലനവും ഫിഷറിസ്‌ വകുപ്പ്‌ നൽകിയിട്ടുണ്ട്‌. ജി സാറ്റ്- 6നെ ആശ്രയിച്ച് പ്രവർത്തിക്കുന്ന ഉപകരണം ഐഎസ്ആർഒയാണ് വികസിപ്പിച്ചത്. 62.73കോടി രൂപ വിനിയോഗിച്ചാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home