print edition ചരിത്രത്തിലേക്ക് വേരോടിയ രചനകൾ

തിരുവനന്തപുരം: മലയാള സാഹിത്യത്തിൽ തന്റേതായ ഇടംനേടിയ എഴുത്തുകാരനാണ് കേന്ദ്രസാഹിത്യ അക്കാദമി അവാർഡിലൂടെ ആദരിക്കപ്പെട്ട എൻ പ്രഭാകരൻ. ചരിത്രത്തിലേക്കും മിത്തിലേക്കും വേരോടി പടർന്ന കാഴ്‌ചയുടെ അസാധാരണ വിസ്‌മയങ്ങളെ വായനക്കാർക്ക് സമ്മാനിച്ച സാഹിത്യകാരനാണ് അദ്ദേഹം.
ആധുനികതയ്‌ക്കുശേഷം മലയാള ചെറുകഥയിലുണ്ടായ ഭാവുകത്വ പരിണാമത്തിന് വഴിയൊരുക്കിയ കഥാകൃത്തുക്കളിൽ പ്രമുഖൻ. കവിതയിൽത്തുടങ്ങി കഥയിലൂടെ വികസിച്ച് നോവലുകളും നാടകങ്ങളും യാത്രാവിവരണവുമായി നീണ്ടുകിടക്കുന്നതാണ് എൻ പ്രഭാകരന്റെ സാഹിത്യലോകം.
ദേശാഭിമാനി ബാലസംഘം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പ്രഥമ പ്രസിഡന്റും ദേശാഭിമാനി സ്‌റ്റഡി സർക്കിളിന്റെ ആദ്യകാല പ്രവർത്തകനുമാണ്. ധർമടം ഗവ. ബ്രണ്ണൻ കോളേജ് മലയാള വിഭാഗം മുൻമേധാവി.
ഓടക്കുഴൽ അവാർഡ്, ക്രോസ്‌വേഡ് ബുക്ക് അവാർഡ് ഉൾപ്പെടെ അനേകം പുരസ്‌കാരങ്ങൾ ലഭിച്ചു. ധർമടം ഗവ. ബ്രണ്ണൻ കോളേജിനടുത്താണ് താമസം. ഭാര്യ: റീന. മക്കൾ: സുചേത്, സച്ചിൻ.










0 comments