തട്ടിപ്പിനിരയായി; നിലമ്പൂർ അർബൻ ബാങ്കിൽ യുവാവിന്റെ ആത്മഹത്യശ്രമം: ബാങ്ക് ചെയർമാൻ ആര്യാടന്‍ ഷൗക്കത്ത്

ആത്മഹത്യക്ക് ശ്രമിച്ച ഉസ്മാനെ നിലമ്പൂര്‍ അര്‍ബന്‍ ബാങ്കില്‍ നിന്ന് സ്ട്രെച്ചറില്‍ പുറത്തേക്ക് കൊണ്ടുവരുന്നു

സ്വന്തം ലേഖകൻ
Published on Nov 27, 2026, 11:14 PM | 1 min read
നിലമ്പൂര്‍ : യുഡിഎഫ് എംഎൽഎ ആര്യാടന്‍ ഷൗക്കത്ത് ചെയർമാനായ നിലമ്പൂർ അർബൻ ബാങ്കിൽ തട്ടിപ്പിനിരയായ യുവാവ് ഭാര്യക്കൊപ്പമെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വണ്ടൂർ വെള്ളാമ്പുറം വാക്കടയിൽ ഉസ്മാന്‍ (47) ആണ് വെള്ളി വൈകിട്ട് നാലുകഴിഞ്ഞ് ബാങ്ക് ആസ്ഥാനമന്ദിരത്തിനകത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴുത്തിൽ കയർ മുറുകി പരിക്കേറ്റ ഉസ്മാനെ വിവരം അറിഞ്ഞെത്തിയ നിലമ്പൂർ പൊലീസ് ആദ്യം നിലമ്പൂരിലെ ജില്ലാ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബാങ്കിങ് ഇടപാടുകളിൽ ഉസ്‌മാന്റെ അജ്ഞത മുതലെടുത്ത് ഒരു സുഹൃത്ത് ബാങ്കധികൃതരുമായി ചേർന്ന് നടത്തിയ തട്ടിപ്പിലും തുടർന്നുള്ള ഭീഷണിയിലും മനംനൊന്താണ് ആത്മഹത്യാശ്രമം.
2022ല്‍ ചാരിറ്റി പദ്ധതിയിലൂടെ വീട് നിർമിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ച് അഞ്ച് സെന്റിന്റെ ആധാരം വാങ്ങി 20 ലക്ഷം രൂപയുടെ വായ്പാ ഇടപാട് നടത്തിയെന്നാണ് ഉസ്മാന്റെ പരാതി. സുഹൃത്തായ ഷാഹുൽ ഹമീദാണ് വാണിയമ്പലത്തെ ബാങ്ക് ശാഖയിലെത്തിച്ചത്. സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് പാവപ്പെട്ടവർക്ക് വീട് നിർമിച്ചുനൽകുന്ന പദ്ധതിയിൽ 20 ലക്ഷം രൂപ നൽകാമെന്ന് ബാങ്ക് അധികൃതർ ഉറപ്പുനൽകിയെന്ന് ബന്ധുക്കൾ പറയുന്നു. സഹായം ലഭിക്കാനെന്ന് പറഞ്ഞ് ബാങ്കിൽ അക്കൗണ്ട് എടുപ്പിച്ചു. ആറുമാസത്തിനകം തിരിച്ചുനൽകാമെന്ന് പറഞ്ഞ് അഞ്ച് സെന്റിന്റെ ആധാരവും ചെക്കും വാങ്ങി വിവിധ രേഖകളിൽ ഒപ്പിടുവിച്ചിരുന്നതായും പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
സുഹൃത്ത് കരാറെടുത്ത് വീട് നിർമാണം ആരംഭിച്ചെങ്കിലും പൂർത്തിയാക്കിയില്ല. വായ്പ കുടിശ്ശികയായെന്ന് കാണിച്ച് 2024 നവംബര്‍റിൽ ബാങ്കിന്റെ നോട്ടീസ് ലഭിച്ചതോടെയാണ് സംശയംതോന്നിയത്. 8.75 ശതമാനം പലിശയിൽ തന്റെ പേരിൽ 20 ലക്ഷം രൂപയുടെ വായ്‌പയെടുത്തിട്ടുണ്ടെന്ന് അപ്പോഴാണ് ഉസ്‌മാൻ അറിഞ്ഞത്. ബാങ്കിൽ പരാതിപ്പെട്ടപ്പോൾ അന്നത്തെ മാനേജർ വിരമിച്ചെന്നാണ് പറഞ്ഞത്. ഇതിനിടെ വക്കീൽനോട്ടീസും ലഭിച്ചു. അഞ്ച് സെന്റിന്റെ ആധാരം ഉപയോഗിച്ചാണ് വായ്‌പയെങ്കിലും പിന്നീട് ലഭിച്ച നോട്ടീസിൽ പത്ത് സെന്റ് എന്നാണുള്ളത്. ബാങ്ക് ജീവനക്കാരുടെ ഒത്താശയോടെയാണ് ക്രമക്കേട് എന്ന് ഇത് വ്യക്തമാക്കുന്നു. സെപ്തംബർ 11നകം വിഷയം പരിഹരിക്കാമെന്ന് ആര്യാടൻ ഷൗക്കത്ത് ഉറപ്പുനൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും കുടുംബം പറയുന്നു. ബാങ്കിനും ജീവനക്കാർക്കുമെതിരെ 15ന് നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. ഇതാണ് ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചത്.








0 comments