Deshabhimani

സൗദിയിലേക്കുള്ള വിമാന സർവീസുകൾ ജനുവരി വരെ റദ്ദാക്കി ആകാശ എയർ; പുനരാരംഭിക്കാൻ ഇൻഡിഗോ

akasa air indigo
വെബ് ഡെസ്ക്

Published on Nov 27, 2026, 11:09 PM | 1 min read

ന്യൂഡൽഹി: സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച നടപടി 2027 ജനുവരി വരെ നീട്ടി ആകാശ എയർ. ജിദ്ദയിലേക്കുള്ള സർവീസുകൾ ജനുവരി 10 വരെയും റിയാദിലേക്കുള്ള സർവീസുകൾ ജനുവരി 31 വരെയുമാണ് റദ്ദാക്കിയത്. നേരത്തെ നവംബർ 30 വരെയാണ് സർവീസുകൾ റദ്ദാക്കിയിരുന്നത്.


സൗദിയിലെ സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷമാണ് പുതിയ തീരുമാനമെന്നും സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും വെള്ളിയാഴ്ച പുറത്തിറക്കിയ അറിയിപ്പിൽ വിമാനക്കമ്പനി വ്യക്തമാക്കി. ഇന്ത്യയ്ക്കും സൗദി അറേബ്യയ്ക്കുമിടയിൽ യാത്ര ചെയ്യാനൊരുങ്ങുന്ന പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് തീരുമാനം തിരിച്ചടിയാകും.


സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് തുക പൂർണമായും തിരിച്ചുനൽകും. അധിക നിരക്കില്ലാതെ യാത്ര മറ്റൊരു തീയതിയിലേക്ക് മാറ്റാനും അവസരമുണ്ട്. ഏഴ് ദിവസത്തിനകം ടിക്കറ്റ് തുക തിരിച്ചുനൽകുമെന്നും ട്രാവൽ ഏജൻസികൾ വഴി ടിക്കറ്റ് ബുക്ക് ചെയ്തവർ റീഫണ്ടിനും യാത്രാ തീയതി മാറ്റുന്നതിനുമായി ബന്ധപ്പെട്ട ഏജൻസികളെ സമീപിക്കണമെന്നും കമ്പനി അറിയിച്ചു.


എന്നാൽ സൗദി അറേബ്യയിലെ ജിദ്ദ, മദീന നഗരങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് ഇൻഡിഗോ അറിയിച്ചു. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് തീരുമാനം. അതേസമയം, റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഡിസംബർ ഏഴുവരെ റദ്ദാക്കിയതായി ഇൻഡിഗോ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home