Deshabhimani

എൻ എം വിജയന്റെയും മകന്റെയും മരണം: വയനാട് ഡിസിസി ഓഫീസിൽ പൊലീസ് പരിശോധന

wayanad dcc scam
വെബ് ഡെസ്ക്

Published on Jan 21, 2025, 04:15 PM | 1 min read

കൽപ്പറ്റ: കോൺഗ്രസ്‌ നേതാക്കളുടെ കോഴ ഇടപാടിൽ കുരുങ്ങി ഡിസിസി വയനാട് ട്രഷറർ എൻ എം വിജയനും മകൻ ജിജേഷും ജീവനൊടുക്കിയ കേസുമായി ബന്ധപ്പെട്ട് വയനാട് ഡിസിസി ഓഫീസിൽ പൊലീസ് പരിശോധന നടത്തി. ബത്തേരി ഡിവൈഎസ്പി അബ്ദുൽ ഷെരീഫിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.


കേസിൽ പ്രതികളായ പ്രതികളായ വയനാട്‌ ഡിസിസി പ്രസിഡന്റ്‌ എൻ ഡി അപ്പച്ചനേയും മുൻ കോൺഗ്രസ്‌ നേതാവ്‌ കെ കെ ഗോപിനാഥനേയും ചൊവ്വാഴ്‌ചയും അന്വേഷകസംഘം ചോദ്യം ചെയ്‌തു. വരും ദിവസങ്ങളിലും കസ്‌റ്റഡി തുടരും. ഐ സി ബാലകൃഷ്‌ണൻ എംഎൽഎ വ്യാഴംമുതൽ മൂന്നുദിനം കസ്‌റ്റഡിയിൽ പോകണം. രാവിലെ 10 മുതൽ അഞ്ചുവരെ സമയബന്ധിത കസ്‌റ്റഡിയിൽ പൊലീസ്‌ എംഎൽഎയെ ചോദ്യം ചെയ്യും. മൂന്ന്‌ ദിവസം ചോദ്യം ചെയ്യലിന്‌ അന്വേഷകസംഘത്തിന്‌ മുമ്പിൽ ഹാജരാകണമെന്ന കർശന ഉപാധിയോടെയാണ്‌ കേസിൽ എംഎൽഎക്ക്‌ കോടതി മുൻകൂർ ജാമ്യം നൽകിയത്‌. ആത്മഹത്യാപ്രേരണാക്കേസിൽ പ്രതിയായ എംഎൽഎ ദിവസങ്ങളോളം ഒളിവിലായിരുന്നു.


പദവി രാജിവയ്‌ക്കാതെയും കോൺഗ്രസ്‌ നടപടിയെടുക്കാതെയുമാണ്‌ എൻ ഡി അപ്പച്ചൻ ചോദ്യംചെയ്യലിന്‌ വിധേയമാകുന്നത്‌. രാഷ്‌ട്രീയ ധാർമികത തരിമ്പില്ലെന്ന്‌ ഡിസിസി പ്രസിഡന്റും പാർടിയും അടിവരയിടുകയാണ്‌. ആത്മഹത്യാ പ്രേരണാക്കേസിൽ എംഎൽഎ ഒന്നും ഡിസിസി പ്രസിഡന്റ്‌ രണ്ടും പ്രതികളായതോടെ ജില്ലയിൽ കോൺഗ്രസിന്റെ മുഖച്ഛായ പൂർണമായും നഷ്ടപ്പെട്ടു.


പാർടിയിൽ പ്രവർത്തകർക്കും ജനങ്ങൾക്കുമുള്ള വിശ്വാസം തകർന്നു. പ്രതിരോധമൊന്നുമില്ലാതെ നേതൃത്വം പ്രതിസന്ധിയുടെ പടുകുഴിയിലായി. ഒരു രാഷ്‌ട്രീയ പാർടിയുടെ ജില്ലാ പ്രസിഡന്റും എംഎൽഎയും ആത്മഹത്യാ പ്രേരണാക്കേസിൽ പ്രതികളാകുന്നത്‌ ജില്ലയിൽ ആദ്യമാണ്‌. ഇരുവരും രാജിവച്ചൊഴിയണമെന്ന കോൺഗ്രസ്‌ പ്രവർത്തകരുടെ വികാരം മാനിക്കാതെ പദവികളിൽ കടിച്ചുതൂങ്ങുകയാണ്‌. വർഷങ്ങളായി കോൺഗ്രസ്‌ ജില്ലയിൽ നടത്തുന്ന നിയമനക്കോഴയുടെ ഇരകളായാണ്‌ മുതിർന്ന നേതാവ്‌ എൻ എം വിജയനും മകനും ജീവനൊടുക്കേണ്ടിവന്നത്‌. വളർത്തി വലുതാക്കിയ മകന്റെ വായിലേക്ക്‌ വിഷം ഒഴിച്ചുകൊടുത്ത്‌ എൻ എം വിജയന്‌ ജീവനൊടുക്കേണ്ടിവന്ന ദുരവസ്ഥയ്‌ക്ക്‌ കാരണക്കാരായവർക്ക്‌ കടുത്തശിക്ഷ നൽകണമെന്നതാണ്‌ കോൺഗ്രസ്‌ പ്രവർത്തകരുടെ വികാരം.



deshabhimani section

Related News

0 comments
Sort by

Home