Deshabhimani

ഗൾഫ് രാജ്യങ്ങൾക്ക് ജാഗ്രതാ മുന്നറിയിപ്പ്; ഇറാനെതിരായ ആക്രമണ നീക്കങ്ങൾ സജീവമാക്കി യു എസ്

iran
വെബ് ഡെസ്ക്

Published on Oct 29, 2026, 12:02 PM | 2 min read

വാഷിങ്ടൺ: യു എസ് മിഡ് ടേം തെരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരായ ശക്തമായ ആക്രമണങ്ങൾക്ക് യു എസ് നീക്കം. ഇതിന്റെ ഭാഗമായി ഉണ്ടായേക്കാവുന്ന തിരിച്ചടികൾക്ക് എതിരെ കരുതലും ജാഗ്രതയും പാലിക്കാൻ പശ്ചിമേഷ്യൻ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി. നവംബര്‍ മൂന്നിനാണ് യു എസ് തെരഞ്ഞെടുപ്പ്. ഇതിന് ശേഷം ശക്തമായ ആക്രമണങ്ങൾ നടത്തുമെന്ന് പ്രസിഡന്റ് ഡൊണൾഡ് ട്രംപും ആവര്‍ത്തിച്ചിരുന്നു.


ഏതാനും ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ശക്തമായ ആക്രമണത്തിനാണ് ഒരുക്കം കൂട്ടുന്നത്. ഇറാനും സഖ്യകക്ഷികളും പ്രതിരോധിക്കുന്നതോടെ ഇത് ദീര്‍ഘകാലത്തേക്ക് നീട്ടാനും പദ്ധതി തയാറാക്കിയതായാണ് റിപ്പോര്‍ടുകൾ പുറത്തു വന്നിട്ടുള്ളത്. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ ഊര്‍ജ നിലയങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും പ്രത്യേക ജാഗ്രതാ മുന്നറിയിപ്പും പുറത്തിറക്കിയിട്ടുണ്ട്. ഇതിനിടെ, നയതന്ത്ര ചർച്ചകൾക്ക് ഇപ്പോഴും സാധ്യതയുണ്ടെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ആവര്‍ത്തിച്ചു.


ഏകദേശം 9,000 സൈനികരുമായി 'യു.എസ്.എസ്. തിയോഡോർ റൂസ്‌വെൽറ്റ്' വിമാനവാഹിനിക്കപ്പൽ പേർഷ്യൻ ഗൾഫ് മേഖലയിലേക്ക് അയച്ചിട്ടുണ്ട്. നിലവിൽ 20,000-ത്തിലധികം നാവികരും സൈനികരും നൂറുകണക്കിന് യുദ്ധവിമാനങ്ങളും മേഖലയിൽ നിലയുറപ്പിച്ചിരിക്കുകയാണ്.


ട്രംപിന്റെ തെരഞ്ഞെടുപ്പ് യുദ്ധം


എട്ട് മാസമായി തുടരുന്ന ഈ യുദ്ധം യുഎസ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾക്ക് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. യുദ്ധം കാരണം ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയർന്നു. ക്രൂഡ് വില 115 ഡോളര്‍ കടന്നു നിൽക്കുന്നു. ഇത് അമേരിക്കൻ ജനതയെയും കാര്യമായി ബാധിച്ചിട്ടുണ്ട്. വിലക്കയറ്റം മാത്രമായി ഇത് ഒതുങ്ങുന്നില്ല.


ഇതുവരെ ഇറാൻ യുദ്ധത്തിനായി 47.1 ബില്യൺ ഡോളറാണ് യുഎസ് പൗരന്മാരുടെ നികുതിപ്പണത്തിൽ നിന്ന് ചിലവായതെന്ന് യു എസ് കോൺഗ്രസിൽ വെളിപ്പെടുത്തൽ ഉണ്ടായി. ഇറാൻ ഒരിക്കലും അണുവായുധം നിർമ്മിക്കില്ലെന്ന ഉറപ്പോടെ യുദ്ധം വളരെ വേഗത്തിൽ അവസാനിപ്പിക്കുമെന്നാണ് ട്രംപ് പ്രചാരണ റാലികളിൽ അവകാശപ്പെടുന്നത്. തെരഞ്ഞെടുപ്പിന് മുൻപ് ഇറാൻ ഒരു ആക്രമണത്തിന് മുതിര്‍ന്നേക്കാം എന്ന ആശങ്കയും രാജ്യത്ത് നിലനിൽക്കുന്നു.


ഇറാനുമായുള്ള യുദ്ധം യുഎസിൽ പുതിയ ജനാഭിപ്രായം രൂപപ്പെടാനും ഇടയാക്കിയിട്ടുണ്ട്. ഈ യുദ്ധം അമേരിക്കയുടെ താൽപ്പര്യങ്ങൾക്ക് അത്രയധികം അനിവാര്യമായിരുന്നില്ലെന്നും, മറിച്ച് സഖ്യകക്ഷികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് യു എസ് ഇടപെട്ടതെന്നും വിമർശനം ശക്തമായിരിക്കയാണ്. പ്രധാനമായും ഇസ്രയേലും സൗദി അറേബ്യയുടെ താത്പര്യങ്ങളുമാണ് ഇതിൽ അമേരിക്കയെ കുരുക്കിയത് എന്നും ചര്‍ച്ചകൾ സജീവമായി. വെനസ്വേലയിൽ നടത്തിയ അതിക്രമത്തിന്റെ അമിതാവേശത്തിൽ ട്രംപ് എടുത്തു ചാടി എന്നാണ് വിലയിരുത്തലുകൾ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home