Deshabhimani

പെൻഷൻ വിതരണം മുടക്കി; ഇൻഷുറൻസ് തുക കൂട്ടി; പ്രവാസികളോട് സർക്കാർ കാണിക്കുന്നത് ക്രൂരത: പിണറായി വിജയൻ

Pinarayi Vijayan Niyamasabha
വെബ് ഡെസ്ക്

Published on Oct 29, 2026, 12:28 PM | 2 min read

തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രവാസികളോട് കാണിക്കുന്നത് ക്രൂരതയാണെന്ന് പിണറായി വിജയൻ. ലോക കേരള സഭ പിരിച്ചുവിട്ടതും പ്രവാസി പെൻഷൻ മുടങ്ങിയതും വിദേശത്ത് കഴിയുന്ന പ്രവാസികൾക്ക് ചികിത്സാ പരിരക്ഷ ഉറപ്പാക്കുന്ന നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം നിരക്കുകൾ വർധിപ്പിച്ചതുമെല്ലാം ഇതിന്റെ ഭാ​ഗമാണെന്ന് പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു


കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വിഭാ​ഗമാണ് പ്രവാസികൾ. കേരളത്തിന്റെ പച്ചപ്പിന് ഇടയാക്കുന്ന സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നവരാണ് പ്രവാസികൾ. 22 ലക്ഷം മലയാളികൾ വിദേശത്ത് ഉണ്ടെന്നാണ് കണക്ക്. ഇവരെ ചേർത്ത് പിടിക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. അതിന്റെ ഭാ​ഗമായിട്ടാണ് നോർക്ക കെയർ രൂപീകരിച്ചതും ക്ഷേമ പദ്ധതികൾ നടപ്പാക്കിയതും.


തിരിച്ച് വരുന്ന പ്രവാസികൾക്ക് സംരഭങ്ങൾ തുടങ്ങാനുള്ള സഹായ പദ്ധതി, പ്രവാസി പെൻഷൻ പദ്ധതി, ചികിത്സാ ധനസഹായ പദ്ധതി,

നാട്ടിൽ തിരിച്ചെത്തിയവർക്ക് തൊഴിൽ തുടങ്ങാനുള്ള പദ്ധതിയെല്ലാം ഇതിന്റെ ഭാ​ഗമാണ്. ഇതിന് പുറമെയാണ് ലോക കേരളസഭ നടപ്പാക്കിയത്. ലോകമെമ്പാടുമുള്ള പ്രവാസികൾക്ക് അവരുടെ ആശങ്കകൾ പങ്കുവയ്‌ക്കാനും പരിഹാരങ്ങൾ കണ്ടെത്താനുമുള്ള വേദിയാണ് ലോക കേരളസഭ. അത്തരമൊരു അവസരമാണ് സർക്കാർ ഇല്ലാതാക്കിയത്. ലോക കേരള സഭ പിരിച്ച് വിടുമ്പോൾ പ്രവാസികളോട് ആശയവിനിമയം പോലും നടത്തിയില്ല. പ്രവാസി പെൻഷൻ മൂന്ന് മാസമായി മുടങ്ങി. ജൂലൈയിലാണ് അവസാനം പെൻഷൻ നൽകിയത്. ഇതോടെ പ്രവാസികളുടെ ജീവിതത്തിന്റെ താളം തന്നെ തെറ്റി.


നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം നിരക്ക് വർധനയും ​ഗൗരമായി കാണണം. 2025 നവംബർ 30-ന് അവസാനിച്ച ആദ്യഘട്ട എൻറോൾമെന്റിൽ 1,32,034 കുടുംബങ്ങൾ അംഗങ്ങളായി. ഇതിലൂടെ അഞ്ച് ലക്ഷത്തിലധികം കുടുംബാംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമായിരുന്നു. സെപ്‌തംബർ 18-ന് അവസാനിച്ച നോർക്ക കെയർ പ്ലസിൽ 95,580 കുടുംബങ്ങൾ അംഗങ്ങളായി. ആകെ 2,27,614 കുടുംബങ്ങളാണ്‌ പദ്ധതിയിൽ. പുതിയ നിരക്കുപ്രകാരം അഞ്ച് ലക്ഷം രൂപയുടെ വ്യക്തിഗത ചികിത്സാ പരിരക്ഷയ്ക്ക് 51 – 60 പ്രായവിഭാഗത്തിൽ 21,722 രൂപയും 61 –70 വിഭാഗത്തിൽ 28,326 രൂപയും 71 – 80 വിഭാഗത്തിൽ 48,279 രൂപയുമാണ് പ്രീമിയം. ഇത്രയും ഭീമമായ തുക നൽകി ഇൻഷുറൻസ് പുതുക്കേണ്ട സാഹചര്യം സാധാരണ പ്രവാസികൾക്ക് വലിയ ബാധ്യതയാകുമെന്നും പിണറായി വിജയൻ പറഞ്ഞു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home