അപകടകാരിയായ നക്സൽ; ജാമിയ സമരത്തെ പിന്തുണച്ചതിനുപിന്നാലെ നസറുദ്ദീൻ ഷായെ അധിക്ഷേപിച്ച് കേന്ദ്രമന്ത്രി

ന്യൂഡൽഹി : ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിൽ നടക്കുന്ന സമരത്തിന് വിദ്യാർഥികൾക്ക് പിന്തുണയറിയിച്ച നടൻ നസറുദ്ദീൻ ഷായെ അധിക്ഷേപിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. നസറുദ്ദീൻ ഷാ ജനാധിപത്യത്തിന് അപകടകാരിയാണെന്നു പറഞ്ഞ റിജിജു അർബൻ ദിമാഗി നക്സൽ എന്നും നടനെ അധിക്ഷേപിച്ചു. കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളെയും വിദ്യാർഥി പ്രക്ഷോഭങ്ങളോടുള്ള സമീപനത്തെയും വിമർശിച്ച് ഷാ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയ്ക്ക് പിന്നാലെയാണ് മന്ത്രിയുടെ അധിക്ഷേപം.
വിദ്യാർഥി യൂണിയൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചാണ് നസറുദ്ദീൻ ഷാ വീഡിയോ പുറത്തുവിട്ടത്. 'ദിമാഗി നക്സൽ' എന്നെഴുതിയ ബാഡ്ജ് ധരിച്ചാണ് ഷാ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. രാജ്യത്തെ യുവാക്കളുടെ ആത്മവിശ്വാസം തകർക്കാനും വിദ്യാഭ്യാസ സംവിധാനം നശിപ്പിക്കാനും ജനാധിപത്യത്തെ അപകടത്തിലാക്കാനും സർക്കാർ ശ്രമിക്കുകയാണ്. വിദ്യാർഥികളുടെ പ്രതിഷേധങ്ങളെ സർക്കാർ അടിച്ചമർത്തുകയാണ്. ജെഎൻയുവിലും സത്യജിത് റേ ഇൻസ്റ്റിറ്റ്യൂട്ടിലും ജാമിയ മില്ലിയയിലും വിദ്യാർഥികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ വിസ്മരിക്കപ്പെടില്ലെന്നും ഷാ പറഞ്ഞു.
നസറുദ്ദീൻ ഷായെ മുമ്പ് ഇഷ്ടപ്പെട്ടിരുന്നു. ഒരു സാധാരണ നടനാണെന്നാണ് കരുതിയിരുന്നത്. എന്നാൽ ഷായുടെ യഥാർഥ സ്വഭാവം ഇപ്പോൾ തിരിച്ചറിഞ്ഞു. ഷായുടെ നിലപാടുകൾ ജനാധിപത്യത്തിന് ഹാനികരമാണ്- റിജിജു എക്സിൽ കുറിച്ചു.









0 comments