ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചു, ഫീസുകൾ കുത്തനെ കൂട്ടി; മാൾട്ടയിലുള്ള ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർ പ്രതിസന്ധിയിൽ

Photo: MaltaToday
വല്ലെറ്റ (മാൾട്ട): ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രവാസികൾക്കും കുടുംബങ്ങൾക്കും കടുത്ത തിരിച്ചടിയായി മാൾട്ട സർക്കാരിന്റെ 2027ലെ പുതിയ ബജറ്റ് പ്രഖ്യാപനങ്ങൾ. ധനമന്ത്രി ക്ലൈവ് കാറുവാന അവതരിപ്പിച്ച ബജറ്റിലാണ് വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീസുകൾ കുത്തനെ കൂട്ടാനും സൗജന്യ പൊതുഗതാഗതവും ചൈൽഡ് കെയർ സൗകര്യങ്ങളും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചത്.
പുതിയ വർക്ക് പെർമിറ്റ് അപേക്ഷാ ഫീസ് 600 യൂറോയിൽ നിന്ന് 800 യൂറോയായി ഉയർത്തി. ഇതിനുപുറമെ, പുതിയ അപേക്ഷകൾക്കും പെർമിറ്റ് പുതുക്കലിനുമായി പ്രതിവർഷം 400 യൂറോയുടെ ഇൻഫ്രാസ്ട്രക്ചർ സംഭാവന നൽകണം. അതോടെ പുതിയൊരു അപേക്ഷയ്ക്ക് ആകെ 1,200 യൂറോ ചെലവാകും. (പ്രായപൂർത്തിയാകാത്തവരെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്).
മാൾട്ടീസ് പൗരന്മാർ, യൂറോപ്യൻ യൂണിയൻ പൗരന്മാർ, ദീർഘകാല റെസിഡൻസി യോഗ്യതയുള്ളവർ എന്നിവർക്ക് മാത്രമായി സൗജന്യ പൊതുഗതാഗതം പരിമിതപ്പെടുത്തി. സാധാരണ പ്രവാസികൾക്ക് ഇനി പ്രതിമാസം ഏകദേശം 33 യൂറോ ബസ് യാത്രയ്ക്കായി ചെലവഴിക്കേണ്ടി വരും. പുതിയതായി അപേക്ഷിക്കുന്ന പ്രവാസി കുടുംബങ്ങൾക്ക് സർക്കാരിന്റെ സൗജന്യ ചൈൽഡ് കെയർ ആനുകൂല്യം ലഭിക്കില്ല. നിലവിൽ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികൾക്ക് കാലാവധി പൂർത്തിയാകുന്നതുവരെ ആനുകൂല്യം തുടർന്നും ലഭിക്കും.
വിദേശ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കുന്ന പ്രവാസികൾക്ക് പ്രതിമാസം 83 യൂറോ വീതം പുതിയ അഡ്മിനിസ്ട്രസ്ട്രേറ്റീവ് ചാർജ് ഏർപ്പെടുത്തി. യൂറോപ്യൻ യൂണിയൻ, യുകെ, ഓസ്ട്രേലിയ, യു.എ.ഇ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാരെയും ഡ്രൈവിംഗ് ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവരെയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ക്രമരഹിതമായ ജോലി സമയങ്ങളിൽ പണിയെടുക്കുന്ന ജീവനക്കാർക്ക് നൽകിയിരുന്ന 150 യൂറോയുടെ സാമ്പത്തിക ആനുകൂല്യം ഇനി പ്രവാസികൾക്ക് ലഭിക്കില്ല.
രാജ്യത്തെ ജനസംഖ്യാപരമായ സമ്മർദ്ദം, അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികൾ, വിദേശ തൊഴിലാളികളെ അമിതമായി ആശ്രയിക്കുന്ന അവസ്ഥ എന്നിവ പരിഹരിക്കാനാണ് ഈ നടപടികളെന്നാണ് സർക്കാർ വാദം. രാജ്യത്തെ തദ്ദേശീയർക്ക് നൽകുന്ന വൈദ്യുതി, ഇന്ധന സബ്സിഡികളും സൗജന്യ ആരോഗ്യസേവനങ്ങളും പ്രവാസികൾക്കും തുടർന്നും ലഭിക്കുമെന്ന് പ്രധാനമന്ത്രി റോബർട്ട് അബേല വ്യക്തമാക്കി.
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് നികുതിയും സോഷ്യൽ സെക്യൂരിറ്റിയും വഴി വലിയ സംഭാവന നൽകുന്ന വിദേശികളോട് കാണിക്കുന്ന വിവേചനമാണിതെന്ന് വിവിധ സംഘടനകൾ കുറ്റപ്പെടുത്തി. വിഷയം നിയമപരമായി നേരിടുമെന്നും അവർ വ്യക്തമാക്കി. 2027 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ നിയന്ത്രണങ്ങൾ രാജ്യത്തെ സാമ്പത്തിക മേഖലയിലും പ്രവാസി സമൂഹത്തിലും വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. വാടകയും ജീവിതച്ചെലവും കുത്തനെ ഉയർന്നുനിൽക്കുന്ന പശ്ചാത്തലത്തിൽ, ബജറ്റിലെ പുതിയ മാറ്റങ്ങൾ കൂടി വരുന്നതോടെ മാൾട്ടയിൽ ജീവിക്കുന്നത് സാമ്പത്തികമായി കടുത്ത പ്രതിസന്ധിയുണ്ടാക്കുമെന്ന് ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രവാസി കുടുംബങ്ങൾ ആശങ്കപ്പെടുന്നു.



0 comments