ഹംസഫർ എക്സ്പ്രസുകളിൽ അധിക കോച്ചുകൾ; നവംബർ മുതൽ താൽക്കാലിക ക്രമീകരണം

ചെന്നൈ: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് രണ്ട് ഹംസഫർ എക്സ്പ്രസ് ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിച്ചു. ശ്രീഗംഗാനഗർ–തിരുച്ചിറപ്പള്ളി, ജോധ്പുർ–തിരുച്ചിറപ്പള്ളി ഹംസഫർ എക്സ്പ്രസുകളിലാണ് താൽക്കാലികമായി അധിക കോച്ചുകൾ ഉൾപ്പെടുത്തുന്നത്. നോർത്ത് വെസ്റ്റേൺ റെയിൽവേയാണ് ഇക്കാര്യം അറിയിച്ചത്.
ട്രെയിൻ നമ്പർ 22497/22498 ശ്രീഗംഗാനഗർ–തിരുച്ചിറപ്പള്ളി–ശ്രീഗംഗാനഗർ ഹംസഫർ എക്സ്പ്രസിൽ ഒരു എസി ത്രീ ടയർ കോച്ച് അധികമായി ഉൾപ്പെടുത്തും. ശ്രീഗംഗാനഗറിൽനിന്ന് നവംബർ 2 മുതൽ 30 വരെ തിങ്കളാഴ്ചകളിലും തിരുച്ചിറപ്പള്ളിയിൽനിന്ന് നവംബർ 6 മുതൽ ഡിസംബർ 4 വരെ വെള്ളിയാഴ്ചകളിലും അധിക കോച്ച് ഉണ്ടായിരിക്കും. ഇതോടെ ട്രെയിനിൽ 17 എസി ത്രീ ടയർ കോച്ചുകളും രണ്ട് ലഗേജ് കം ബ്രേക്ക് വാനുകളും ഒരു പാൻട്രി കാറും ഉണ്ടാകും.
ട്രെയിൻ നമ്പർ 20481/20482 ജോധ്പുർ– തിരുച്ചിറപ്പള്ളി– ജോധ്പുർ ഹംസഫർ എക്സ്പ്രസിൽ ഒരു സ്ലീപ്പർ കോച്ചാണ് അധികമായി ഉൾപ്പെടുത്തുന്നത്. ജോധ്പുരിൽനിന്ന് നവംബർ 4 മുതൽ 25 വരെ ബുധനാഴ്ചകളിലും തിരുച്ചിറപ്പള്ളിയിൽനിന്ന് നവംബർ 7 മുതൽ 28 വരെ ശനിയാഴ്ചകളിലും അധിക കോച്ച് ലഭിക്കും. ഇതോടെ 16 എസി ത്രീ ടയർ കോച്ചുകളും രണ്ട് സ്ലീപ്പർ കോച്ചുകളും രണ്ട് ലഗേജ് കം ബ്രേക്ക് വാനുകളും ഒരു പാൻട്രി കാറും ട്രെയിനിലുണ്ടാകും.









0 comments