Deshabhimani

15 വർഷത്തെ കരിയർ മാറ്റിമറിച്ച രണ്ട് സിനിമകൾ; ‘മൊദ രാത്രി’യും ‘ഡോറോത്തി’യും

Rishikanth Modha Rathiri Dorothy

റിഷികാന്ത്

avatar
ഹർഷി​ദ ബത്താലി

Published on Oct 29, 2026, 02:41 PM | 3 min read

രണ്ട് സിനിമകൾ, ഏതാനും ആഴ്ചകൾ, സോഷ്യൽ മീഡിയയിൽ നിറയുന്ന ആയിരക്കണക്കിന് ഫാൻ എഡിറ്റുകൾ.


ചില മുഖങ്ങൾ അങ്ങനെയാണ്. വർഷങ്ങളോളം വെള്ളിത്തിരയിൽ അവിടെയും ഇവിടെയും ചെറുതും വലുതുമായ വേഷങ്ങളിൽ നമ്മളവരെ കണ്ടിട്ടുണ്ടാകും. പക്ഷേ മനസ്സിൽ തങ്ങിനിൽക്കണമെന്നില്ല. പെട്ടെന്നൊരു സുപ്രഭാതത്തിൽ ആ മുഖം ഇൻസ്റ്റഗ്രാം റീലുകളിലും ഫാൻ പേജുകളിലും ഫേസ്ബുക്ക് വാളുകളിലും സിനിമാക്കൂട്ടായ്മകളിലെ ചൂടേറിയ ചർച്ചകളിലും ഒക്കെയായി നിറഞ്ഞു നിൽക്കും. ഇന്നലെ വരെ എവിടെയോ കണ്ടു പരിചയമുള്ള വ്യക്തി പെട്ടെന്ന് എല്ലാവരുടെയും പ്രിയങ്കരനായി മാറും.


ഇപ്പോൾ തെന്നിന്ത്യൻ സിനിമാലോകത്ത് റിഷികാന്തിന്റെ കാര്യത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതും അതാണ്.


Rishikanth in dorothy.'ഡോറോത്തി'യിൽ റിഷികാന്ത്


മൊദ രാത്രി (Modha Rathri), ഡോറോത്തി (Dorothy) എന്നീ ചിത്രങ്ങൾ തിയേറ്ററുകളിലെത്തിയതോടെയാണ് സോഷ്യൽ മീഡിയയും സിനിമാപ്രേമികളും റിഷികാന്തിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാക്കിയത്. അദ്ദേഹത്തിന്റെ പ്രകടനങ്ങൾ കോർത്തിണക്കിയ ഫാൻ എഡിറ്റുകൾ, പുതിയതും പഴയതുമായ അഭിമുഖങ്ങൾ തെരഞ്ഞുപിടിച്ച് തയ്യാറാക്കുന്ന ക്ലിപ്പുകൾ എല്ലാം വൈറലാണ്. അദ്ദേഹത്തിന്റെ സിനിമകളെക്കുറിച്ചും കരിയറിനെക്കുറിച്ചുമുള്ള അന്വേഷണങ്ങൾ ഏറുന്നു. സമൂഹമാധ്യമങ്ങളിലെ ഫോളോവേഴ്‌സിന്റെ കുതിപ്പിലും ഈ സ്വീകാര്യത വ്യക്തമാണ്.


എന്നാൽ ഈ ജനപ്രീതി ഏതാനും ആഴ്ചകളുടെ മാത്രം കഠിനാധ്വാനത്തിൽ ഉണ്ടായതല്ല. ഇതിന് ഒന്നര പതിറ്റാണ്ടിന്റെ ചരിത്രമുണ്ട്.


തഞ്ചാവൂരിൽ നിന്ന് തുടങ്ങി നീണ്ട പതിനഞ്ച് വർഷങ്ങൾ


2010-കളുടെ തുടക്കത്തിൽ വലിയ സിനിമാസ്വപ്നങ്ങളുമായി തഞ്ചാവൂരിൽനിന്ന് ചെന്നൈയിലേക്ക് വണ്ടി കയറിയ റിഷികാന്തിന്റെ ലക്ഷ്യം വ്യക്തമായിരുന്നു. ഓൺലൈൻ കോമഡി വീഡിയോകളിലൂടെയും ഏറെ ശ്രദ്ധിക്കപ്പെട്ട 'ടെമ്പിൾ മങ്കീസ്' (Temple Monkeys) യൂട്യൂബ് കൂട്ടായ്മയിലൂടെയും അദ്ദേഹം ഡിജിറ്റൽ ലോകത്ത് തന്റേതായ ഇടം കണ്ടെത്തി. പിന്നീട് അവിടെനിന്നും സിനിമകളിലേക്കും വെബ് സീരീസുകളിലേക്കും തന്റെ കളം മാറ്റി.


ഹീറോ (Hero), ഇന്ത്യൻ 2 (Indian 2), കൂലി (Coolie) തുടങ്ങി നിരവധി പ്രമുഖ ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. വർഷങ്ങളായി ഈ മേഖലയുടെ അകത്തളങ്ങളിൽ പണിയെടുത്തുകൊണ്ടിരുന്ന നടനാണ്.


സിനിമയിൽ സജീവമായിരിക്കുക എന്നതും വലിയൊരു ജനക്കൂട്ടത്തിന്റെ ശ്രദ്ധയും അംഗീകാരവും നേടിയെടുക്കുക എന്നതും രണ്ട് ധ്രുവങ്ങളാണ്. എത്രയോ അവസരങ്ങൾ ലഭിക്കാം, വ്യത്യസ്ത വേഷങ്ങൾ ചെയ്യാം, സെറ്റുകളിൽ നിന്നുള്ള അനുഭവങ്ങൾ സമ്പാദിക്കാം. എന്നാലും അയാളുടെ പേരിന് കേൾക്കുമ്പോൾ ഇതുപോലൊരു ആവേശം ഉണ്ടാകണമെന്നില്ല. അയാളെക്കുറിച്ച് ആളുകൾ സംസാരിക്കണമെന്നില്ല.


റിഷികാന്തിന്റെ കാര്യത്തിൽ ഇപ്പോൾ സംഭവിച്ചിരിക്കുന്നത് ഒരുതരം മാജിക്കാണെന്ന് പറയാം. അത് കഠിനാധ്വാനത്തിന്റെ ഫലം തന്നെയാണ്. അദ്ദേഹമത് അർഹിക്കുന്നുമുണ്ട്.


'സിനിമാ എക്സ്പ്രസി'ന് നൽകിയ അഭിമുഖത്തിൽ തന്റെ കരിയറിലെ പ്രതിസന്ധികളെക്കുറിച്ച് അദ്ദേഹം മനസ്സ് തുറക്കുന്നുണ്ട്. ചെന്നൈയിലേക്ക് എത്തിയതും സിനിമാവൃത്തങ്ങളിൽ വലിയ ബന്ധങ്ങൾ ഇല്ലാതിരുന്നതും തന്റെ യാത്രയെ കൂടുതൽ സങ്കീർണമാക്കി എന്നദ്ദേഹം പറഞ്ഞിട്ടുണ്ട്. കാത്തിരുന്ന അവസരങ്ങൾ നഷ്ടപ്പെടുമ്പോഴൊക്കെ തനിക്ക് എവിടെയാണ് പിഴച്ചതെന്നും എങ്ങനെയാണ് സ്വയം മെച്ചപ്പെടേണ്ടതെന്നും കണ്ടെത്താനാണ് താൻ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ആ വാക്കുകൾ പരിശോധിക്കുമ്പോൾ വ്യക്തമാകുന്ന ഒരു കാര്യമുണ്ട്. ഈ പതിനഞ്ച് വർഷങ്ങൾ വെറുതെ കാത്തിരുന്ന കാലമായിരുന്നില്ല. മറിച്ച്, ഒരു നടനെന്ന നിലയിൽ സ്വയം മിനുങ്ങാനും കൂടുതൽ വലിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ മാനസികമായി പാകപ്പെടാനും അദ്ദേഹം എടുത്ത സമയമായിരുന്നു അത്.


രണ്ടു ചിത്രങ്ങൾ; അടയാളപ്പെടുത്തിയ രണ്ട് വ്യത്യസ്ത വഴികൾ


റിഷികാന്തിന്റെ കരിയർ ഗ്രാഫിനെ ഒറ്റയടിക്ക് മാറ്റിമറിച്ചത് അടുത്തടുത്ത മാസങ്ങളിൽ പുറത്തിറങ്ങിയ രണ്ട് സിനിമകളാണ്. മൊദ രാത്രിയും ഡോറോത്തിയും.


2026 ഓഗസ്റ്റ് 21ന് തിയേറ്ററുകളിലെത്തിയ മൊദ രാത്രിയിലൂടെ റിഷികാന്ത് നായക നിരയുടെ മുൻനിരയിലേക്ക് എത്തി. രാജാ കറുപ്പസാമി സംവിധാനം ചെയ്ത ഈ ചിത്രം, ഒരു വിവാഹവേളയിലെ അപ്രതീക്ഷിത സംഭവങ്ങളെ കോർത്തിണക്കി ഒരുക്കിയ മികച്ചൊരു കോമഡി ഡ്രാമയാണ്.


അതിന് തൊട്ടുപിന്നാലെ സെപ്റ്റംബർ 25-ന് കാർത്തിക് സുബ്ബരാജ് ചിത്രമായ ഡോറോത്തിയും റിലീസ് ചെയ്തു. കീർത്തി സുരേഷ്, സനാന്ത് എന്നിവർക്കൊപ്പം റിഷികാന്തും ഒരു പ്രധാന വേഷത്തിൽ തിളങ്ങി.


Rishikanth  in Modha Rathiri'മൊദ രാത്രി'യിൽ റിഷികാന്ത്


പ്രമേയങ്ങൾ കൊണ്ട് തികച്ചും വ്യത്യസ്തമായ രണ്ട് സിനിമകൾ. റിഷികാന്ത് അവതരിപ്പിച്ച കഥാപാത്രങ്ങളുടെ വൈവിധ്യം കൂടിയാണ് ഈ സിനിമകൾ കാണിച്ചുതരുന്നത്.

മൊദ രാത്രിയിൽ 'മരുതാ’യി എത്തിയ അദ്ദേഹം നർമ്മവും വൈകാരിക നിമിഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്തപ്പോൾ, ഡോറോത്തിയിലെ 'കാർത്തി' സൗഹൃദം, പുരുഷാധിപത്യ ബോധങ്ങൾ, ജാതിവ്യവസ്ഥ, ലിംഗസ്വത്വം തുടങ്ങിയ ആഴമേറിയ സാമൂഹിക വിഷയങ്ങളിലൂടെ സഞ്ചരിക്കുന്ന കഥാപാത്രമായിരുന്നു.


ചുരുങ്ങിയ ദിവസങ്ങൾക്കിടയിൽ തികച്ചും വ്യത്യസ്തമായ രണ്ട് വേഷങ്ങൾ ചെയ്യാൻ കഴിഞ്ഞതും, പ്രേക്ഷകർ അത് ഏറ്റെടുത്തതും റിഷികാന്തിലെ നടന്റെ റേഞ്ച് എത്രത്തോളമുണ്ടെന്ന് അടയാളപ്പെടുത്തുന്നു. വ്യത്യസ്ത സ്വഭാവമുള്ള, വ്യത്യസ്ത തലങ്ങളുള്ള കഥാപാത്രങ്ങളെ പ്രേക്ഷകരുടെ മനസ്സിൽ കയറ്റാൻ കഴിഞ്ഞതാണ് ഇന്നത്തെ ഈ സ്വീകാര്യതയുടെ അടിസ്ഥാനം.


സോഷ്യൽ മീഡിയ തീർക്കുന്ന പുതിയ തരംഗം


ഒരു നടനോടുള്ള ജനങ്ങളുടെ ഇഷ്ടം എത്ര പെട്ടെന്നാണ് ഡിജിറ്റൽ ലോകത്ത് തരംഗമായി മാറുന്നതെന്ന് റീലുകളിലും എഡിറ്റുകളിലും പ്രതിഫലിക്കുന്നുണ്ട്.


റിഷികാന്തിന്റെ മികച്ച പ്രകടനങ്ങൾ കോർത്തിണക്കിയ ചെറിയ വീഡിയോകളും ഫാൻ പേജ് പോസ്റ്റുകളും ഇന്ന് സോഷ്യൽ മീഡിയയിൽ സർവ്വത്ര കാണാം. അദ്ദേഹത്തിന്റെ പഴയ അഭിമുഖങ്ങളും മുൻകാലങ്ങളിലെ ചെറിയ വേഷങ്ങളും വരെ സിനിമാപ്രേമികൾ വീണ്ടും തെരഞ്ഞുപിടിക്കുകയാണ്.


വൈകിയെത്തിയ അംഗീകാരം എന്ന് ഒറ്റവാക്കിൽ പറയാമെങ്കിലും അതിനുമപ്പുറത്തേക്ക് ചില വിശേഷങ്ങളുണ്ട്. തനിക്ക് ചേരില്ലെന്ന് തോന്നിയ ചില നായകവേഷങ്ങൾ മുൻപ് വേണ്ടെന്നുവെച്ചിട്ടുണ്ടെന്ന് റിഷികാന്ത് ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. എന്നാൽ മൊദ രാത്രിയിലെ മരുത് എന്ന കഥാപാത്രം വന്നപ്പോൾ അത് ചെയ്യാൻ താൻ പൂർണ്ണമായും സജ്ജനാണെന്ന് തോന്നിയിരുന്നു. ഈ മാറ്റങ്ങൾ തന്റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയെന്നും അദ്ദേഹം പറയുന്നു.


എപ്പോൾ എന്ത് വേഷം ചെയ്യണം എന്ന തിരിച്ചറിവ് കൂടിയാണ് ഒരു കലാകാരനെ വളർത്തുന്നത്.


ഈ സോഷ്യൽ മീഡിയ ആവേശം എത്രത്തോളം നീണ്ടുനിൽക്കും എന്നത് വരാനിരിക്കുന്ന അദ്ദേഹത്തിന്റെ പ്രൊജക്റ്റുകളെ ആശ്രയിച്ചാണിരിക്കുന്നത്. എങ്കിലും, ഈ നിമിഷം അദ്ദേഹത്തിന്റെ കരിയറിലെ എക്കാലത്തെയും വലിയൊരു വഴിത്തിരിവാണ് എന്നതിൽ തർക്കമില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home