ഇതുവരെ നേരിട്ട് കണ്ടിട്ടില്ല, പക്ഷേ എല്ലാകാര്യങ്ങളും നോക്കുന്നുണ്ട്; വേഗതാരത്തിന്റെ സ്പോൺസർ സഞ്ജു

സീനിയർ ആൺകുട്ടികളുടെ 100 മീറ്റർ ടി എം അതുൽ റെക്കോഡോടെ സ്വർണം നേടുന്നു (ഇടത്), സഞ്ജു സാംസൺ (നടുവിൽ), മത്സരശേഷം അതുൽ സ്പൈക്സിൽ മുത്തം നൽകുന്നു (വലത്)
കോഴിക്കോട്: കൗമാര കേരളത്തിന്റെ വേഗക്കുതിപ്പായിരുന്നു കോഴിക്കോട് എൻഐടിയിലെ പുതിയ സിന്തറ്റിക് ട്രാക്കിൽ. ഒന്നിനൊന്ന് മികച്ച പ്രകടനങ്ങൾ. സീനിയർ ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ ആലപ്പുഴ ചാരമംഗലം ഗവ. ഡിവിഎച്ച്-എസ്എസ് പ്ലസ്‍വണ്‍ വിദ്യാര്‍ഥി ടി എം അതുൽ റെക്കോഡോടെ സ്വർണം കുറിച്ചു. 15 വർഷം പഴക്കമുള്ള റെക്കോഡാണ് അതുൽ തിരുത്തിയത്. 10.63 സെക്കൻഡിൽ ദൂരം പൂർത്തിയാക്കി. 2011ൽ കോതമംഗലം മാർബേസിൽ എച്ച്എസ്എസിലെ ജിജിൻ വിജയന്‍ കുറിച്ച 10.70 സെക്കന്‍ഡാണ് തിരുത്തിയത്.
സഞ്‌ജു സാംസൺ ഫൗണ്ടേഷന്റെ സഹായത്തോടെയാണ് പരിശീലനം. കഴിഞ്ഞവർഷം തിരുവനന്തപുരത്തു നടന്ന കായികമേളയിൽ 37 വർഷം പഴക്കമുള്ള റെക്കോഡ് മായ്ച്ചതോടെയാണ് അതുലിന്റെ സ്പോൺസർഷിപ്പ് ഇന്ത്യൻ ക്രിക്കറ്റ് താരം ഏറ്റെടുത്തത്.
"കഴിഞ്ഞ വർഷം മീറ്റ് റെക്കോഡ് നേടിയപ്പോൾ സഞ്ജു ചേട്ടൻ വിളിച്ചു. ഇനി അങ്ങോട്ടുള്ള കാര്യങ്ങൾ നോക്കിക്കോളാം എന്ന് പറഞ്ഞു. ഇത്തവണ മത്സരത്തിന് മുൻപ് ഫൗണ്ടേഷൻ ഒരു സ്പൈക്സ് അയച്ചുതന്നു. അത് ഇട്ടുകൊണ്ട് ഓടിയാണ് റെക്കോഡ് നേടിയത്. മത്സരത്തിന് മുൻപേ സഞ്ജു ചേട്ടൻ വീഡിയോകോൾ ചെയ്തിരുന്നു. അച്ഛനും അമ്മയുമായും സംസാരിച്ചു. ചേട്ടൻ എപ്പോഴും വലിയ പ്രചോദനമാണ്. ഇതുവരെ ചേട്ടനെ നേരിട്ട് കണ്ടിട്ടില്ല. ഉടനെതന്നെ കാണാനാകുമെന്നാണ് പ്രതീക്ഷ"- അതുൽ പറയുന്നു.
ചേര്‍ത്തല ചെത്തിക്കടപ്പുറത്തെ പൂഴിമണലില്‍ കാൽവച്ചായിരുന്നു അതുലിന്റെ തുടക്കം. ചിട്ടയായ പരിശീലനവും ആത്മസമര്‍പ്പണവുമാണ് നേട്ടങ്ങള്‍ക്ക് പിന്നില്‍. സ്‌പോർട്‌സ് കൗൺസിലിന്റെ കെ ആര്‍ സാംജിയാണ് പരിശീലകൻ. ടി എം തോമസ് ഐസക് മന്ത്രിയായിരിക്കെ കിഫ്‌ബിയിൽ ഉൾപ്പെടുത്തി മാരാരിക്കുളത്ത് കൊണ്ടുവന്ന കലവൂർ എൻ ഗോപിനാഥ് മെമ്മോറിയൽ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിലാണ് ഓടിത്തെളിഞ്ഞത്.
മത്സ്യത്തൊഴിലാളിയായ അച്ഛൻ ജയ്‌മോനും അമ്മ സിനിമോളുമാണ് മുന്നേറാനുള്ള പ്രചോദനം. പാലക്കാട് മുണ്ടൂര്‍ ജിവിഎച്ച്എസിലെ ശ്രീഹരി സി ബിനു വെള്ളിയും (10.74) കൊല്ലം സെന്റ് അലോഷ്യസ് എച്ച്എസിലെ ട്രോയ് എം ഹെൺസൺ വെങ്കലവും (10.91) നേടി.









0 comments