പ്രതിസന്ധി കടന്ന് ഫസലുദ്ദീന്റെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

റിയാദ്: തീപിടിത്തത്തിൽ പൊള്ളലേറ്റ് മരിച്ച മലപ്പുറം അങ്ങാടിപ്പുറം പരിയാപുരം തട്ടാരക്കാട് സ്വദേശി ഫസലുദ്ദീൻ വടക്കേക്കരയുടെ (52) മൃതദേഹം പ്രതിസന്ധികൾ കടന്ന് നാട്ടിലെത്തിച്ചു. വിമാനത്താവളത്തിലെ നിയന്ത്രണങ്ങൾ കാരണം മൃതദേഹം നാട്ടിലെത്തിക്കാൻ വൈകിയത് കുടുംബത്തിന്റെ അന്ത്യദർശനവും സംസ്‌കാരച്ചടങ്ങുകളും അനിശ്ചിതത്വത്തിലാക്കി.
റിയാദിലെ അൽ നസീം പരിസരത്ത് അബൂഹുറൈറ സ്ട്രീറ്റിലുള്ള തൊഴിലാളികളുടെ താമസസ്ഥലത്ത് ഒക്‌ടോബർ ഏഴിന് വൈകിട്ടുണ്ടായ തീപിടിത്ത തുടർന്നാണ് ഫസലുദ്ദീൻ മരിച്ചത്. ശരീരത്തിന്റെ 90 ശതമാനത്തോളം പൊള്ളലേറ്റ ഫസലുദ്ദീനെ റെഡ് ക്രസന്റ് സംഘം നാഷണൽ ഗാർഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്‌ക്കിടെയായിരുന്നു അന്ത്യം. ഒന്നാം നിലയിലെ കുളിമുറിയിൽ വാട്ടർ ഹീറ്റർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്നാണ് സിവിൽ ഡിഫൻസ് റിപ്പോർട്ട്. സംഭവത്തിൽ അസ്വഭാവിതയുള്ളതായി തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള രേഖകൾ 12ന് തന്നെ തയ്യാറാക്കി റിയാദ് വിമാനത്താവളം വഴി അയക്കാൻ ശ്രമിച്ചെങ്കിലും വിമാനത്താവളം പ്രവർത്തനം നിർത്തിവച്ചതോടെ നടപടി മുടങ്ങി. തുടർന്ന് ദമ്മാം വിമാനത്താവളം വഴി അയക്കാനുള്ള രേഖകൾ വീണ്ടും തയ്യാറാക്കിയാണ് മൃതദേഹം നാട്ടിലെത്തിച്ചത്. കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ച മൃതദേഹം പെരിന്തൽമണ്ണ തേക്കിൻകോട്ടെ വീട്ടിലെത്തിച്ച് പരിയാപുരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
റിയാദ് കേളി കലാസാംസ്‌കാരിക വേദി നസീം ഏരിയ ഷാര ഹംസ യൂണിറ്റ് അംഗമായിരുന്നു ഫസലുദ്ദീൻ. മൃതദേഹം നാട്ടിലെത്തിക്കാൻ കേളി ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകി. പരേതനായ അബൂബക്കറിന്റെയും സൈനബയുടെയും മകനാണ്. ഭാര്യ: ഫസ്‌ല. മകൻ: മുഹമ്മദ് ഫഹീം.








0 comments