നെൽവയൽ തീറെഴുതാൻ 'കരാള' ബിൽ; എതിർത്ത് ഭരണപക്ഷ അംഗങ്ങളും

സരൾ ബില്ലിനെ എതിർത്ത് സഭാനടപടികൾ ബഹിഷ്‌കരിച്ച പ്രതിപക്ഷാംഗങ്ങൾ പിണറായി വിജയന്റെ നേതൃത്വത്തിൽ പ്രകടനമായി പുറത്തേക്ക് വരുന്നു
തിരുവനന്തപുരം: നെൽവയലുകൾ വൻകിട കോർപറേറ്റുകൾക്ക് തീറെഴുതാനുള്ള സരൾ ബിൽ പ്രതിപക്ഷത്തിന്റെയും ഭരണപക്ഷത്തെ ചില അംഗങ്ങളുടെയും കടുത്ത എതിർപ്പിനെ മറികടന്ന് നിയമസഭ പാസാക്കി. വ്യവസായ സംരംഭങ്ങൾക്ക് വേഗത്തിൽ അനുമതി നൽകുന്നുവെന്ന പേരിലാണ് നിലവിലുള്ള നെൽവയൽ തണ്ണീർത്തട നിയമത്തെ അട്ടിമറിച്ച് ബിൽ കൊണ്ടുവന്നത്. എന്നാൽ ബിൽ വലിയ പ്രത്യാഘാതമുണ്ടാക്കുന്നതാണെന്നും മാഫിയകൾക്ക് വേണ്ടിയുള്ളതാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഭരണപക്ഷ എംഎൽഎ ജി സുധാകരനും ബില്ലിനെ ശക്തമായി എതിർത്തു. ബില്ലിനെ കരാള ബിൽ എന്നും സുധാകരൻ വിമർശിച്ചു. വ്യവസായങ്ങൾക്ക് അനുമതി നൽകിയിരുന്ന ത്രിതല സമിതിയുടെ പ്രവർത്തനത്തിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും ആശങ്ക ഉയർത്തി. ബില്ലിനെ എതിർത്തുകൊണ്ട് പ്രതിപക്ഷം സഭവിട്ടിറങ്ങി.
നിലവിലുള്ള ത്രിതല കമ്മിറ്റിയാണോ അനുമതിയിൽ തീരുമാനമെടുക്കുക എന്ന് ചർച്ച നടക്കുമ്പോൾ സ്പീക്കർ വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയോട് ചോദിച്ചു. ബിൽ പ്രകാരം ത്രിതല കമ്മിറ്റിക്ക് ഇടപെടാനാകില്ലെന്ന് മന്ത്രി മറുപടി നൽകി. ബില്ലിന്റെ അപകടം യുഡിഎഫ് സർക്കാരിനെ ബാധിക്കുമെന്നും മുഖ്യമന്ത്രി ബിൽ പഠിച്ചിട്ടില്ലെന്നും ജി സുധാകരൻ വിമർശിച്ചു. സുധാകരന്റെ ഭേദഗതി തള്ളി.
വ്യക്തമായ രാഷ്ട്രീയനാടകമാണ് സർക്കാർ നടത്തുന്നതെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. വ്യവസായരംഗത്ത് കഴിഞ്ഞ പത്ത് വർഷക്കാലം എൽഡിഎഫ് സർക്കാർ വലിയ പുരോഗതിയാണ് വരുത്തിയത്. കെ സ്വിഫ്റ്റ് വഴി 50 കോടി രൂപവരെയുള്ള സംരംഭങ്ങൾ ആരംഭിക്കാൻ അതിവേഗം കഴിയും. അഞ്ച് മിനിറ്റിനുള്ളിൽ അനുമതി നൽകാനാകും. എന്നാൽ 25 കോടി മുതൽ 50 കോടി വരെയുള്ള സംരംഭങ്ങൾക്ക് ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി 75 ദിവസത്തിനുള്ളിൽ അനുമതി നൽകുമെന്നാണ് സരൾ ബില്ലിൽ പറയുന്നത്. ഏകജാലക സംവിധാനത്തിലൂടെ വ്യവസായങ്ങൾക്ക് വേഗത്തിൽ അനുമതി ലഭ്യമായിരുന്ന സാഹചര്യത്തിന് തടസ്സം നിൽക്കുന്നതുമാണ് സരൾ ബിൽ.
പ്രാദേശിക നിരീക്ഷണ സമിതിയും കൃഷി ഓഫീസറും റവന്യു ഡിവിഷണൽ ഓഫീസറും വിനിയോഗിക്കേണ്ട അർധ ജൂഡീഷ്യൽ അധികാരം ഇപ്പോൾ എടുത്തുമാറ്റി ഉദ്യോഗസ്ഥ കമ്മിറ്റിക്ക് പൂർണ അധികാരം നൽകി. ഏഴ് ദിവസത്തിനകം കൃഷി ഓഫീസറോ ബന്ധപ്പെട്ട അധികാരസ്ഥാനമോ എതിർപ്പ് ഉയർത്തിയില്ലെങ്കിൽ ഒരു ന്യൂനതയുമില്ല എന്ന് കണക്കാക്കി നടപടി തുടരുമെന്ന വ്യവസ്ഥയും ബില്ലിൽ ചേർത്തിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം കവർന്നെടുത്ത് ഉദ്യോഗസ്ഥ കമ്മിറ്റിക്ക് കൈമാറി. വൻകിട മാഫിയകൾക്ക് നെൽവയലും തണ്ണീർത്തടങ്ങളും തീറെഴുതുന്ന നീക്കമാണ് ബില്ലിലൂടെ സർക്കാർ ഉദ്ദേശിക്കുന്നതെന്നും നാടിന്റെ തനിമ തകർക്കുന്ന നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.









0 comments