ബീഫ് കൈവശം വെച്ച കേസിൽ മൂന്നുപേര്‍ക്ക് ജീവപര്യന്തം; മനുസ്മൃതി ഉദ്ധരിച്ച് ഗാന്ധിനഗര്‍ കോടതി

ഗാന്ധിനഗര്‍: പശുവിനെ കൊന്നതായി കണ്ടെത്തിയ കേസിൽ മൂന്ന് പേര്‍ക്ക് ഗുജറാത്ത് ഗാന്ധിനഗര്‍ ജില്ലാ കോടതി ജീവപര്യന്തം ശിക്ഷവിധിച്ചു. മനുസ്മൃതി ഉദ്ധരിച്ചും മതസൂക്തങ്ങൾ ഉരുവിട്ടും പശുവിന്റെ പ്രധാന്യം വിശദമാക്കിയാണ് വിധി. ജില്ലാ അഡീഷണൽ സെഷൻസ് ജഡ്ജി ബി ആർ രാജ്പുത് ആണ് കേസ് പരിഗണിച്ചത്.
വസീം ഖുറേഷി, മുഹമ്മദ് റഫീഖ് ഖുറേഷി, അഷ്ഫാഖ് ബഹേലിം എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ. ഇതുമാത്രമല്ല മൂന്ന് ലക്ഷം രൂപ വീതം പിഴയും ചുമത്തി.
2024 ഓഗസ്റ്റ് 22-ന് ഗാന്ധിനഗറിലെ ജാംല ഗ്രാമത്തിലെ ഒരു വീട്ടിൽ നടത്തിയ പരിശോധനയിൽ 277 കിലോഗ്രാം ബീഫ് കണ്ടെത്തിയതാണ് കേസിന് ആസ്പദമായ സംഭവം. കർഷകര്‍ ഒഴിവാക്കിയ പ്രാപ്തിയില്ലാത്ത പശുക്കളെയും എരുമകളെയും വാങ്ങി അറുത്ത് സാമ്പത്തിക ലാഭത്തിനായി മാംസം വിൽപ്പന നടത്തി എന്നാണ് പ്രോസിക്യൂഷൻ കേസ്.
വിധിക്ക് ആധാരം
മനുസ്മൃതിയും വേദങ്ങളും
പശു വെറുമൊരു മൃഗമല്ലെന്നും ഭൗതിക സമൃദ്ധിയുടെയും ധർമ്മത്തിന്റെയും തൂണാണെന്നും വിധിയിൽ കോടതി നിരീക്ഷിക്കുന്നുണ്ട്. "മനു മഹർഷി കന്നുകാലികളുടെ സംരക്ഷണച്ചുമതല വൈശ്യ വിഭാഗത്തെയാണ് ഏൽപ്പിച്ചിരുന്നത്. 'ആർഷ വിവാഹ' സങ്കൽപ്പത്തിൽ പശുവും കാളയും അടങ്ങുന്ന ജോഡിക്ക് പ്രത്യേക പ്രാധാന്യമുണ്ട്," വിധിയിൽ പറയുന്നു.
തപസ്സിന്റെ ശക്തിയാൽ അമൃതതുള്ളികൾ ഭൂമിയിൽ പതിച്ചപ്പോൾ കാമധേനു ഉയർന്നുവന്നുവെന്നും, ഭൂമിയിലെ മുഴുവൻ കന്നുകാലികളുടെയും മാതാവായി കാമധേനു കരുതപ്പെടുന്നുവെന്നും ജഡ്ജി ബി ആർ രാജ്പുത് പറഞ്ഞു. 33 കോടി ദൈവങ്ങളുടെ വാസസ്ഥലമായ പശു 'ലോകമാതാവാണ്'. പശുവിന്റെ നാല് കാലുകൾ നാല് വേദങ്ങളെ പ്രതിനിധീകരിക്കുന്നുവെന്നും ചൂണ്ടികാണിക്കയും ചെയ്തു. കോടതി വിധിയെ ഗുജറാത്ത് ഉപമുഖ്യമന്ത്രി ഹർഷ് സംഘവി അഭിന്ദിച്ചു. അന്വേഷണ സംഘത്തിന് പ്രത്യേകം അഭിനന്ദനം അറിയിക്കയും ചെയ്തു.
ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവരിൽ വീട്ടുകാരനായ പിതാവും മകനും ഉൾപ്പെടും. വിചാരണ വേളയിൽ 54 സാക്ഷികളെ ഹാജരാക്കി. 18 രേഖാമൂലമുള്ള തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കി. വില്പന ശാലയിലെ അറവുകാര്‍ ഉൾപ്പെടെ കേസിൽ ആറ് പ്രതികളാണ് ഉണ്ടായിരുന്നത്.
ഗുജറാത്ത് അനിമൽ പ്രിസർവേഷൻ ആക്ടിൽ വരുത്തിയ ഭേദഗതിയിലൂടെ 2017 ൽ പശുഹത്യയ്ക്കുള്ള ശിക്ഷ ജീവപര്യന്തമായി ഉയർത്തിയിരുന്നു. രാജ്യത്ത് ഇത്തരത്തിൽ വിചിത്ര ശിക്ഷ വ്യവസ്ഥ ചെയ്ത ആദ്യ സംസ്ഥാനമാണ് ഗുജറാത്ത്. കൂടാടെ മാംസം കടത്തുന്നതിനും സൂക്ഷിക്കുന്നതിനും വിൽപ്പന നടത്തുന്നതിനും 10 വർഷം വരെ തടവുശിക്ഷയും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
2011-ൽ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന സമയത്താണ് ഈ നിയമം കൊണ്ടുവന്നത്. ലോകത്ത് ഏറ്റവും അധികം ബീഫ് കയറ്റുമതി ചെയ്യുന്നതിൽ ഒന്നാം സ്ഥാനം നേടിയിട്ടുള്ള രാജ്യമാണ് ഇന്ത്യ.








0 comments