സംസ്ഥാന സ്കൂൾ കായികമേള: 100 മീറ്റർ ഹർഡിൽസിൽ അനാമിക അജേഷിന് റെക്കോഡ്

ഹർഡിൽസിൽ മീറ്റ് റെക്കോഡോടെ സ്വർണം നേടിയ അനാമിക അജേഷ്| Photo: വി കെ അഭിജിത്
കോഴിക്കോട് : സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ അനാമിക അജേഷിന് റെക്കോഡ്. ആലപ്പുഴ ചെറമംഗലം ഗവ. ഡിവിഎച്ച്എസ്എസിലെ അനാമിക അജേഷ്. 13.69 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സ്വർണം നേടിയത്.
സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ അപർണ റോയ് നേടിയ റെക്കോഡാണ് അനാമിക മറികടന്നത്. ദേശീയതലത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച അപർണയുടെ റെക്കോഡ് തിരുത്തിയാണ് അനാമികയുടെ നേട്ടം.
സീനിയർ പെൺകുട്ടികളുടെ 400 മീറ്ററിലും അനാമിക മത്സരിച്ചു. ഈ ഇനത്തിൽ 56.89 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വെങ്കല മെഡലും നേടി.
85 പോയിന്റുമായി മലപ്പുറം ജില്ല ഒന്നാം സ്ഥാനത്ത് തുടരുന്നു. 9 സ്വർണവും 11 വെള്ളിയും ഏഴ് വെങ്കലവും നേടിയാണ് മലപ്പുറം മുന്നേറ്റം തുടരുന്നത്. 78 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തുണ്ട്.
എട്ട് സ്വർണവും 10 വെള്ളിയും എട്ട് വെങ്കലവുമാണ് പാലക്കാടിന്റെ നേട്ടം. 58 പോയിന്റുള്ള തിരുവനന്തപുരം ഏഴ് സ്വർണവും ആറ് വെള്ളിയും അഞ്ച് വെങ്കലവും നേടി മൂന്നാം സ്ഥാനത്തുണ്ട്. 35 പോയിന്റ് വീതം നേടിയ കോഴിക്കോടും ആലപ്പുഴയും നാലാം സ്ഥാനം പങ്കിടുകയാണ്.
മൂന്ന് സ്വർണവും അഞ്ച് വെള്ളിയും അഞ്ച് വെങ്കലവുമാണ് കോഴിക്കോടിന്റെ നേട്ടം. ആലപ്പുഴ നാല് സ്വർണവും മൂന്ന് വെള്ളിയും ആറ് വെങ്കലവും നേടി. 23 പോയിന്റുമായി കണ്ണൂർ അഞ്ചാം സ്ഥാനത്തുണ്ട്. മൂന്ന് സ്വർണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവുമാണ് കണ്ണൂരിന്റെ സമ്പാദ്യം.









0 comments