വ്യാപാര കിഴിവ്: ലൈസൻസ് നേടിയില്ലെങ്കിൽ പിഴ

മസ്‌കത്ത്: വ്യാപാര കിഴിവുകളും ഓഫറുകളും നൽകുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ വ്യക്തമാക്കി ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. കിഴിവുകൾ പ്രഖ്യാപിക്കുംമുമ്പ് വ്യാപാരികൾ മന്ത്രാലയത്തിൽനിന്ന് ലൈസൻസ് നേടണം. അത് സ്റ്റോറുകളിൽ വ്യക്തമായി പ്രദർശിപ്പിക്കുകയും വേണം. കിഴിവിന് മുമ്പും ശേഷവുമുള്ള വില വ്യക്തമായി കാണിക്കണം. ഡിസ-്കൗണ്ട് ശതമാനം വ്യക്തമാക്കുകയും ലൈസൻസിൽ പറഞ്ഞിരിക്കുന്ന കിഴിവ് കാലയളവ് പാലിക്കുകയും വേണം.
ഭക്ഷ്യോൽപ്പന്നങ്ങൾ, വാഹനങ്ങൾ, സ്വർണം, വിലയേറിയ കല്ലുകൾ, ആഭരണങ്ങൾ, എന്നിവയ-്ക്ക് 20 ശതമാനത്തിൽ കുറയാത്ത കിഴിവ് അനുവദിക്കണമെന്ന് ചട്ടങ്ങൾ വ്യവസ്ഥ ചെയ്യുന്നു. കിഴിവുകൾ നൽകുംമുമ്പ് വില വർധിപ്പിക്കുകയോ ഉപയോക്താക്കളെ ആകർഷിക്കാനായി തെറ്റിദ്ധരിപ്പിക്കുന്ന വിലകൾ പ്രദർശിപ്പിക്കുകയോ ചെയ്യരുത്. കിഴിവ് കാലയളവ് അവസാനിച്ച് കുറഞ്ഞത് 30 ദിവസമെങ്കിലും കിഴിവുള്ള ഉൽപ്പന്നങ്ങൾ ഉപയോഗത്തിന് അനുയോജ്യമാണെന്ന് അവർ ഉറപ്പാക്കണം.
പുകയില ഉൽപ്പന്നങ്ങൾക്ക് കിഴിവുകൾ നിരോധിച്ചിരിക്കുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി. ഈ നിബന്ധനകളുടെ ലംഘനങ്ങൾക്ക് 500 റിയാൽ പിഴ ഈടാക്കും. ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾക്ക് ഇത് ഇരട്ടിയാകും. ബാധകമായ മറ്റ് പിഴകൾക്ക് പുറമേ, ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾക്ക് ഇരട്ടി പിഴ ഈടാക്കാം.









0 comments