Deshabhimani

അട്ടപ്പാടി ശിശുമരണം ചികിത്സാപിഴവല്ല; വീഴ്‌ചയെ ന്യായീകരിച്ച്‌ മന്ത്രി കെ മുരളീധരൻ

K Muraleedharan SMA Responds
വെബ് ഡെസ്ക്

Published on Oct 29, 2026, 02:55 PM | 1 min read

തിരുവനന്തപുരം: അട്ടപ്പാടിയിൽ ഒരാഴ്‌ചയ്‌ക്കിടെ നാല് നവജാത ശിശുക്കൾ ഉൾപ്പെടെ നാലുമാസത്തിനിടെ 10 ശിശുക്കൾ മരിച്ചതിൽ ആരോഗ്യവകുപ്പ്‌ വീഴ്‌ചയെ ന്യായീകരിച്ച്‌ മന്ത്രി കെ മുരളീധരൻ. കുഞ്ഞുങ്ങൾക്ക്‌ ജനിക്കുമ്പഴേ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും മരിക്കാനിടയായത്‌ ചികിത്സാപിഴവ്‌ കാരണമല്ലെന്നും മന്ത്രി പറഞ്ഞു.


വിഷയം ഗൗരവമായി പഠിക്കാനും അടിയന്തിര പരിഹാരം കണ്ടെത്താനും വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന പ്രത്യേക സംഘം അട്ടപ്പാടിയിൽ ക്യാമ്പ് ചെയ്യും. വരുംദിവസങ്ങളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് പൂർണ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നത് വെല്ലുവിളിയായി ഏറ്റെടുക്കും. ശനിയാഴ്‌ച, നേരിട്ട് അട്ടപ്പാടി സന്ദർശിച്ച് ഡോക്ടർമാരുമായി ചർച്ച നടത്തി തുടർനടപടികൾ തീരുമാനിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.


ശിശുമരണം റിപ്പോർട്ട്‌ ചെയ്‌ത ദിവസങ്ങളിൽ ജില്ലയിൽ മന്ത്രിമാരുണ്ടായിട്ടും അട്ടപ്പാടി സന്ദർശിക്കാൻ സമയം കണ്ടെത്താത്തതും വിമർശനത്തിനിടയാക്കിയിരുന്നു. പ്രതിഷേധം കനത്തതോടെയാണ് 31ന്‌ ആരോഗ്യമന്ത്രി സ്ഥലം സന്ദർശിക്കുമെന്ന്‌ അറിയിച്ചത്. ആരോഗ്യവകുപ്പിലെ കൂട്ട സ്ഥലംമാറ്റം പ്രതിസന്ധി ഗുരുതരമാക്കിയിട്ടും പകരം നിയമനം നടത്താൻ ആരോഗ്യവകുപ്പ്‌ മടി കാണിക്കുകയാണ്‌. സർക്കാർ സ്‌പോർൺസർ ചെയ്യുന്ന കൂട്ടമരണമാണ്‌ അട്ടപ്പാടിയിൽ നടക്കുന്നതെന്ന ആരോപണവും ഉയർന്നു. 2021 നവംബറിൽ അട്ടപ്പാടിയിൽ നാല്‌ കുട്ടികൾ മരിച്ചപ്പോൾ അന്നത്തെ എൽഡിഎഫ്‌ സർക്കാർ യുദ്ധകാലാടിസ്ഥാനത്തിലാണ്‌ നടപടികളെടുത്തത്‌. ഉടൻ മന്ത്രി കെ രാധാകൃഷ്‌ണൻ അട്ടപ്പാടിയിൽ അവലോകന യോഗം വിളിക്കുകയും നിയമസഭാ സമിതി സ്ഥലം സന്ദർശിക്കുകയും ചെയ്‌തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home