വെളുത്ത നടിമാർക്ക് മാത്രം മുൻഗണന; അത്തരം നിലപാടുകളെ പിന്തുണയ്ക്കില്ല: രാധിക ആപ്തെ

മുംബൈ: തെന്നിന്ത്യൻ സിനിമാ മേഖലയിലെ കാസ്റ്റിങ് രീതികൾക്കെതിരെ നടി രാധിക ആപ്തെ. തെന്നിന്ത്യൻ സിനിമകളിൽ വെളുത്ത നിറമുള്ള ഉത്തരേന്ത്യൻ നടിമാരെ മാത്രം കേന്ദ്രകഥാപാത്രങ്ങളാക്കുന്ന പ്രവണതയാണ് നിലനിൽക്കുന്നതെന്നും, അത്തരം തെറ്റായ നിലപാടുകളെ പ്രോത്സാഹിപ്പിക്കാൻ തനിക്ക് താല്പര്യമില്ലെന്നും നടി വ്യക്തമാക്കി.
പുതിയ വെബ് പരമ്പരയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് രാധിക സിനിമാ ഇൻഡസ്ട്രിക്കെതിരെ നിലപാട് വ്യക്തമാക്കിയത്. 2019-ന് ശേഷം തെന്നിന്ത്യൻ സിനിമകളിൽ നിന്ന് വിട്ടുനിൽക്കുന്നതിന്റെ കാരണം വ്യക്തമാക്കുകയായിരുന്നു രാധിക. തെന്നിന്ത്യയിലെ പ്രഗത്ഭരും സുന്ദരികളുമായ പ്രാദേശിക നടിമാരെ അവഗണിച്ച്, ഭാഷപോലും അറിയാത്ത ബോംബെയിലെ നടിമാരെ കൊണ്ടുവന്ന് ഡബ്ബ് ചെയ്യിക്കുന്ന രീതി ശരിയല്ലെന്ന് അവർ ചൂണ്ടിക്കാട്ടി.
"ദക്ഷിണേന്ത്യയിലെ സ്ത്രീകൾ അതിമനോഹരികളും മികച്ച അഭിനേതാക്കളുമാണ്. സ്വന്തം ഭാഷ നന്നായി അറിയാവുന്ന അവർക്കാണ് അവിടെ മുൻഗണന നൽകേണ്ടത്. അത് ഒഴിവാക്കി തൊലിനിറത്തിന്റെ പേരിൽ ഉത്തരേന്ത്യയിൽ നിന്നുള്ളവരെ കൊണ്ടുവരുന്നത് അംഗീകരിക്കാനാകില്ല. ഇത്തരം മാറ്റങ്ങളെ പിന്തുണയ്ക്കാൻ എനിക്ക് താല്പര്യമില്ല," - രാധിക പറഞ്ഞു.
തെന്നിന്ത്യൻ സിനിമാ സെറ്റുകളിൽ താൻ നേരിട്ട ദുരനുഭവങ്ങളും നടി വെളിപ്പെടുത്തി. തെലുങ്ക് സിനിമാമേഖല അങ്ങേയറ്റം പുരുഷാധിപത്യപരമാണെന്നും, മുൻപ് ഒരു ചിത്രത്തിന്റെ ചിത്രീകരണവേളയിൽ ശരീരഭാഗങ്ങളുടെ വലിപ്പം കൂട്ടാൻ അനാവശ്യമായി പാഡിങ് ഉപയോഗിക്കാൻ അണിയറപ്രവർത്തകർ നിർബന്ധിച്ചിരുന്നതായും അവർ പറഞ്ഞു. സഹപ്രവർത്തകരായ പുരുഷന്മാർ സ്ത്രീകളെക്കുറിച്ച് മോശം തമാശകൾ പറഞ്ഞിരുന്നതായും അത്തരം പീഡന അനുഭവങ്ങൾ ഉണ്ടാക്കുന്ന സാഹചര്യങ്ങളിലേക്ക് ഇനി ഒരിക്കലും പോകാൻ ആഗ്രഹിക്കുന്നില്ലെന്നും രാധിക ആവർത്തിച്ചു.








0 comments