കോടികളുടെ നിക്ഷേപത്തട്ടിപ്പ്; ബിഎൽഎം ചെയർമാൻ കസ്റ്റഡിയിൽ

കോഴിക്കോട് : മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ സംസ്ഥാനത്തിനകത്തും പുറത്തുംനിന്നായി കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ ബിഎൽഎം ചെയർമാൻ പ്രേംകുമാർ കസ്റ്റഡിയിലായി. ചെന്നൈയിലെ വസതിയിൽ നിന്നാണ് ക്രൈംബ്രാഞ്ച് പ്രേംകുമാറിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ പ്രേംകുമാറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ അറസ്റ്റ് വാർത്ത ബിഎൽഎം നിഷേധിച്ചു. ഭാരത് ലെജ്ന മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി(ബിഎൽഎം)യിലേക്ക് നിക്ഷേപം സ്വീകരിക്കുന്നതിന്റെ മറവിൽ കോടികളുടെ തട്ടിപ്പ് നടന്നതായാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. 5000 കോടി രൂപയുടെ ഭീമമായ തട്ടിപ്പാണ് നടന്നതെന്നാണ് പുറത്തുവരുന്ന വിവരം. ബിഎൽഎം ഹൗസിങ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരിൽ പിരിച്ച പണം സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും നിക്ഷേപിക്കുകയും ചെയ്തു.
പ്രേംകുമാറിന്റെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്ന് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ചെന്നൈ ആസ്ഥാനമായി ആരംഭിച്ച ബിഎൽഎം സൊസൈറ്റിക്ക് കേരളത്തിൽ മാത്രം 130 ബ്രാഞ്ചുകളാണുള്ളത്. തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലും ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നുണ്ട്. ഒരുലക്ഷത്തിന് മുകളിലേക്കുള്ള തുകകളാണ് സൊസൈറ്റിയുടെ ഏജന്റുമാർ മുഖേന വാങ്ങുന്നത്. കോടിക്കണക്കിന് രൂപയാണ് നിരവധിയാളുകളിൽനിന്നായി വാങ്ങിയത്.
ഇൗ തുക പ്രേംകുമാറിന്റെ ഭാര്യയും കുടുംബാംഗങ്ങളും ഉൾപ്പെടെയുള്ളവരുടെ അക്കൗണ്ടിലേക്ക് മാറ്റുകയും റിസോർട്ടും ഹോട്ടലുകളുമടക്കം ആസ്തികൾ വാങ്ങിക്കൂട്ടുകയും ചെയ്തിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് മുഖാന്തരം നടത്തിയ ഇടപാടുകളുടെ വിവരങ്ങൾ മാത്രമാണ് പുറത്തുവന്നത്. വൻതുകകൾ കറൻസി രൂപത്തിൽ നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ തുടരന്വേഷണം വേണമെന്നും സെപ്തംബർ അവസാനം ഹൈക്കോടതിക്ക് കൈമാറിയ ക്രൈംബ്രാഞ്ച് റിപ്പോർട്ട് വ്യക്തമാക്കുന്നു.
സൊസൈറ്റിയുടെ സിഇഒ ആയിരുന്ന നവീൻ നടക്കാവ് പൊലീസിൽ നൽകിയ പരാതിയിൽ പ്രേംകുമാറിനെ പ്രതിചേർത്ത് അന്വേഷണമാരംഭിച്ചിരുന്നു. 80 കോടി രൂപയുടെ തിരിമറി സൊസൈറ്റിയുടെ മറവിൽ നടന്നിട്ടുണ്ട് എന്നായിരുന്നു പരാതി. വൻ സാമ്പത്തിക തട്ടിപ്പായതിനാൽ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. തുടർന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
സംശയാസ്പദമായ 380 അക്കൗണ്ടുകളാണ് ഇതിനകം ക്രൈംബ്രാഞ്ച് പരിശോധിച്ചത്. ഇതിൽ 200 അക്കൗണ്ടുകൾ ബിഎൽഎമ്മുമായി ബന്ധമുള്ളതാണ്. തിരുവനന്തപുരത്ത് ഭാര്യയുടെ പേരിൽ ആരംഭിച്ച റിസോർട്ടിനായി 17 കോടി രൂപയാണ് ബിഎൽഎമ്മിൽനിന്ന് കൈമാറിയത്. തൃശൂരിൽ പ്രേംകുമാറിന്റെ അടുത്ത ബന്ധു ആരംഭിച്ച ജ്വല്ലറിയുടെ അക്കൗണ്ടിലേക്ക് 15.2 കോടി നൽകിയതായും കണ്ടെത്തി. ജ്വല്ലറി ആരംഭിക്കുന്നതിനായി 30 കോടി രൂപയുടെ നിക്ഷേപമാണ് ശേഖരിച്ചത്. ജ്വല്ലറി പ്രവർത്തനമാരംഭിച്ച് രണ്ടുമാസത്തിനുള്ളിൽ അടച്ചുപൂട്ടിയതായും ക്രൈംബ്രാഞ്ച് കണ്ടെത്തി.
മാലി ആൻഡ് മാൻവി, പാഞ്ചി അമ്മാൾ ഹോട്ടൽ, മനു ഗോൾഡ്, വൈബിഎം ട്രാവൽസ്, വൈബിഎം ട്രാൻസ്പോർട്ട്, വൈബിഎം കൺസ്ട്രക്ഷൻ, ഒഎം സ്പാർക്ക്, ആർജവ റിയൽ എസ്റ്റേറ്റ്, വെസ്റ്റ് എൻഡ് അവന്യൂ, മംഗൾഭൂമി ഫാമിങ്, മംഗൾഭൂമി കൃഷി, മാലി ആൻഡ് മാൻവി മൂവി, ഫോഷ്യ തുടങ്ങി നിരവധി കമ്പനികൾ എൽബിഎമ്മിന്റെ മറവിൽ നിർമിച്ചിട്ടുണ്ട്. ഫോഷ്യ കമ്പനിക്ക് കീഴിൽ വൈബ്, ഫോഗ്, സീയുസ് തുടങ്ങിയ റിസോർട്ടുകളും ഉണ്ടാക്കിയിട്ടുണ്ട്. ഇവയുടെയെല്ലാം ഇടപാടുകൾ ക്രൈംബ്രാഞ്ച് പരിശോധിക്കുകയാണ്.








0 comments