ad
Deshabhimani

സീറ്റ് ബെൽറ്റ് ഇടാതെ എല്ലാ ജില്ലയിലൂടെയും സഞ്ചരിച്ചു, കിട്ടിയത് 232 ചെലാൻ; 2.05 ലക്ഷം രൂപ പിഴ

Kerala MVD Chalans

Representative Image

വെബ് ഡെസ്ക്

Published on Apr 27, 2026, 09:29 PM | 1 min read

കാക്കനാട്: ഗതാഗത നിയമലംഘനങ്ങളുടെ പിഴകൾ പകുതി തുകയ്‌ക്ക് തീർപ്പാക്കാനായി നടത്തിയ അദാലത്തിൽ എറണാകുളം എൻഫോഴ്‌സ്‌മെന്റ് മോട്ടോർ വാഹനവകുപ്പ് ഓഫീസിൽ വൻ തിരക്ക്. 332 പേരുടെ ചെലാനുകൾ പാതിപിഴ തുക സ്വീകരിച്ച് തീർപ്പാക്കി. 12.5 ലക്ഷം രൂപ പിഴത്തുകയായി ലഭിച്ചു. സീറ്റ് ബെൽറ്റ് ഇടാത്തത്, ഓവർലോഡ്, നമ്പർ പ്ലേറ്റ് അപാകം, നോ പാർക്കിങ്, ലൈസൻസ് ഇല്ലാത്തത്, ഹെൽമെറ്റ് ഇല്ലാതെ വാഹനം ഓടിച്ചത്, ഡോർ അടക്കാതെയും സ്റ്റോപ്പിൽ നിർത്താതെയും നടത്തിയ ബസ് സർവീസ് തുടങ്ങിയ കുറ്റങ്ങൾക്കാണ് കൂടുതല്‍ ചെലാൻ നൽകിയിട്ടുള്ളത്.


പിഴയടയ്‌ക്കാന്‍ വന്നവരില്‍ ചിലര്‍ക്ക് നിരവധി ചെലാനുകള്‍ ഉണ്ടായിരുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലൂടെയും സീറ്റ് ബെൽറ്റ് ധരിക്കാതെ സഞ്ചരിച്ചതിന് ഒരു കാർ യാത്രികന് ലഭിച്ചത് 232 ചെലാനുകളാണ്. ഇയാള്‍, ചെലാന്‍ തുകയായ 2.05 ലക്ഷം രൂപയുടെ പകുതി അടച്ച് തീര്‍പ്പാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.


എറണാകുളം മറൈൻ ഡ്രൈവിൽ സ്ഥിരമായി നോ പാർക്കിങ് മേഖലയിലും നടപ്പാതയിലും വാഹനം നിർത്തിയിടുന്ന നിരവധിപേർക്ക് ചെലാൻ അടയ്‌ക്കേണ്ടതായി വന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.


പ്രത്യേക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 30ന് അവസാനിക്കും. 2024 ഡി സംബർ 31 വരെ ലഭിച്ചിട്ടുള്ള മോട്ടോർവാഹന പിഴകൾ 50 ശതമാനംവരെ ഇളവോടെ അടച്ചുതീർക്കാനുള്ള അവസരം മൂന്നുദിവസംകൂടി ലഭിക്കും. രാവിലെ 10 മുതൽ ഒന്നുവരെ ആർടി ഓഫീസുകളിൽ എത്തി സേവനം പ്രയോജന പ്പെടുത്താം. https://services.mvd.kerala.gov.in എന്ന സൈറ്റ് വഴിയും അപേക്ഷ നൽകി വാഹന ഉടമകൾക്ക് പിഴ അടയ്ക്കാം. ഗതാഗത നിയമലംഘനങ്ങൾക്ക് യഥാസമയം പിഴ അടയ്ക്കാത്തതിനെത്തുടർന്ന് പൊലീസും മോട്ടോർ വാഹനവകുപ്പും കോടതിക്ക് കൈമാറിയ കേസുകളിലാണ് ഇളവ് ലഭിക്കുക. കോടതി പിഴ നിശ്ചയിച്ച കേസുകളിൽ ആനുകൂല്യം ലഭിക്കില്ല.


ഇതിനായി എറണാകുളം എൻഫോഴ്‌സ്‌മെന്റ് മോട്ടോർ വാഹനവകുപ്പ് ഓഫീസിൽ പൊലീസിന്റെ നാലും മോട്ടോർ വാഹനവകുപ്പിന്റെ എട്ടും കൗണ്ടര്‍ പ്രവർത്തിക്കുന്നു. എൻഫോഴ്‌സ്‌മെന്റ് ആർടിഒ ബിജു ഐസക്, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ വിനോദ്കുമാർ, പി ഷിജു, പി പി അയ്യപ്പദാസ് എന്നിവർ അദാലത്തിന് നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home