പാർടി യോഗത്തിലെ തീരുമാനമെന്ന പേരിൽ വ്യാജ വാർത്തകൾ; നിയമനടപടിക്കൊരുങ്ങി എം വി ഗോവിന്ദൻ

തിരുവനന്തപുരം: സിപിഐ എം നേതൃത്വവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ പൂർണ്ണമായും വസ്തുതാവിരുദ്ധവും വ്യാജവുമാണെന്ന് പാർടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. പാർടി നേതാക്കൾ പങ്കെടുത്ത യോഗത്തിൽ നടന്നതെന്ന പേരിൽ, കഴിഞ്ഞ കുറച്ചുദിവസങ്ങളായി അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. ഇത്തരം വ്യാജവാർത്തകൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
"തന്നെയും പിണറായിയെയും മാറ്റിക്കളയാം എന്നതെല്ലാം വ്യാമോഹം" എന്ന രീതിയിൽ എം വി ഗോവിന്ദന്റെ പേരിൽ വന്ന പ്രസ്താവനകൾ പൂർണ്ണമായും വ്യാജമാണ്. സിപിഐ എമ്മിൽ ആര് നേതാവാകണമെന്നും എങ്ങനെ പ്രവർത്തിക്കണമെന്നും നിശ്ചയിക്കുന്നത് പാർടിയാണ്, മാധ്യമങ്ങളല്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. യഥാർത്ഥ്യത്തിന്റെ കണിക പോലുമില്ലാത്ത വ്യാജവാർത്തകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് പാർടി പ്രവർത്തകർ ബ്രാഞ്ച് യോഗങ്ങളിൽ വരെ ഉന്നയിച്ച വിമർശനങ്ങൾ പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ പാർടി വരുത്തുകയാണ്. തെറ്റ് പറ്റിയാൽ ഏത് നേതാവിനെയും വിമർശിക്കാനും തിരുത്താനും പാർട്ടിക്ക് കഴിയും. ഞാനുൾപ്പെടെയുള്ള എല്ലാ നേതാക്കൾക്കും ഇത് ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനൊപ്പം തന്നെ പുതിയ കാലത്തെ വെല്ലുവിളികൾ നേരിടാൻ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങളും തേടുന്നുണ്ട്. പതിനായിരക്കണക്കിന് നിർദ്ദേശങ്ങളാണ് പൊതുജനങ്ങളിൽ നിന്ന് ഇതിനകം ലഭിച്ചത്. സിപിഐ എമ്മിൽ പൊതുജനങ്ങൾക്കുള്ള വിശ്വാസവും സ്നേഹവുമാണ് ഇതിലൂടെ വ്യക്തമാവുന്നത്. പാർട്ടിയിൽ നടക്കുന്ന ഈ തിരുത്തൽ പ്രക്രിയയ്ക്ക് തുരങ്കം വെക്കാനാണ് മാധ്യമങ്ങൾ വ്യാജവാർത്തകളിലൂടെ നിരന്തരം ശ്രമിക്കുന്നത്. സിപിഐ എമ്മിനെതിരെയുള്ള ഇത്തരം കള്ളപ്രചരണങ്ങൾ ജനങ്ങൾ തള്ളിക്കളയണമെന്നും എം വി ഗോവിന്ദൻ ഫേസ്ബുക്ക് കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.









0 comments