ad
Deshabhimani

കെഎസ്‌ആർടിസി സ‍ൗജന്യ യാത്ര

പ്രയോജനം നാമമാത്രം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 15, 2026, 12:18 AM | 1 min read

കൊല്ലം

കെഎസ്‌ആർടിസി ബസിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സ്‌ത്രീകൾക്കുള്ള സ‍ൗജന്യ യാത്രയുടെ പ്രയോജനം ഗ്രാമീണ മേഖലയ്‌ക്ക്‌ ലഭിക്കുന്നത്‌ നാമമാത്രം. ജില്ലയിലെ ഡിപ്പോകളിൽനിന്ന് ഗ്രാമപ്രദേശങ്ങളിലേക്കുള്ള മിക്ക ബസുകളുടെയും ട്രിപ്പുകൾ രാവിലെയും വൈകിട്ടും ഓരോന്നുമാത്രമാണുള്ളത്‌. കുടുതൽ ട്രിപ്പുകളുള്ളത്‌ അപൂർവം സർവീസുകൾക്ക്‌. കൊല്ലം ഡിപ്പോയിൽനിന്നുള്ള ഇടയ്‌ക്കോട്‌, കുന്പളം, പേഴംതുരുത്ത്‌, വെളിയം, ഓടനാവട്ടം, പ്രാക്കുളം, അഷ്‌ടമുടി, പെരുമൺ ബസുകൾ രാവിലെയും വൈകിട്ടും ഓരോ ട്രിപ്പാണുള്ളത്. ഇതാണ്‌ മറ്റ്‌ ഡിപ്പോകളിലെയും അവസ്ഥ. കൊല്ലം –പടപ്പക്കര സർവീസ്‌ അധികം ട്രിപ്പ്‌ നടത്തുന്നുണ്ട്‌. കൊല്ലത്ത്‌ നിന്നാരംഭിച്ച്‌ തിരുമുക്ക്‌, പരവൂർ വഴി രാവിലെ മാത്രം സർവീസ്‌ നടത്തിയിരുന്ന വർക്കല ബസും ശിങ്കാരപ്പള്ളി ബസും നിർത്തലാക്കിയതും യാത്രക്കാർക്ക്‌ തിരിച്ചടിയായി. ഓർഡിനറി സർവീസുകളിലാണ്‌ സ‍ൗജന്യ യാത്രയുടെ പ്രയോജനം സ്‌ത്രീകൾക്ക്‌ പൂർണമായും ലഭിക്കുക. 20–30 മിനിറ്റ് ഇടവിട്ട്‌ പത്തനംതിട്ട, ചെങ്ങന്നൂർ, കുളത്തൂപ്പുഴ തുടങ്ങിയ ചെയിൻ സർവീസുണ്ട്‌. അതിനിടെ ജില്ലയിൽ ഒന്പത്‌ ഡിപ്പോയിലായി ഒരു ദിവസം ഓപ്പറേറ്റ്‌ ചെയ്യുന്ന 561 ബസുകളിൽ ഓർഡിനറി 374 എണ്ണം മാത്രമാണ്‌. ഇ‍ൗ ഓർഡിനറി ബസുകളുടെ ദിവസവരുമാനം ശരാശരി 43.5 ലക്ഷം രൂപയും. യാത്രക്കാരിൽ പകുതിയിലേറെ സ്ത്രീകളാണ്‌. സ‍ൗജന്യ യാത്ര തിങ്കളാഴ്‌ച തുടങ്ങുന്നതോടെ സ്ത്രീ യാത്രക്കാരുടെ എണ്ണം ഇനിയും വർധിക്കും. സ്വകാര്യ ബസിനെ ആശ്രയിക്കുന്നവരും ഇനി കെഎസ്‌ആർടിസി ബസിനെ കാത്തുനിൽക്കും. സ്ത്രീ യാത്രക്കാർക്ക്‌ നൽകുന്നത്‌ പ്രിയദർശിനി സീറോ ടിക്കറ്റാണ്‌. ടിക്കറ്റ്‌ നിരക്ക്‌ മാസത്തിൽ കെഎസ്‌ആർടിസിക്ക്‌ നൽകാനാണ്‌ സർക്കാർ തീരുമാനം. ഇത്‌ ഡീസൽ കന്പനിക്ക്‌ കൃത്യമായി പണം നൽകികൊണ്ടിരിക്കുന്നതിനെ ബാധിക്കുമോയെന്ന ആശങ്കയുണ്ട്‌. തുക സർക്കാർ നൽകിയില്ലെങ്കിൽ കെഎസ്‌ആർടിസി വീണ്ടും വലയും. ഓർഡിനറി ബസുകളുടെയും സർവീസും ജീവനക്കാരുടെ ശന്പളവും പെൻഷനും മുടങ്ങും. ആര്യങ്കാവ്‌ ഡിപ്പോയിൽ 11 ഓർഡിനറി ബസും പുനലൂർ 34, പത്തനാപുരം 51, ചടയമംഗലം 36, കൊട്ടാരക്കര 81, ചാത്തന്നുർ 37, കൊല്ലം 44, കരുനാഗപ്പള്ളി 54, കുളത്തൂപ്പുഴ ഡിപ്പോയിൽ 26 ഓർഡിനറി ബസുമാണ്‌ ദിവസം ഓടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home