പ്ലസ് വൺ ഒന്നാംഘട്ട അലോട്ട്മെന്റ്
ജില്ലയിൽ 10,928 പേർക്ക് പ്രവേശനം

കോട്ടയം
ജില്ലയിലെ പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചപ്പോൾ സീറ്റ് നേടിയത് 10,928 വിദ്യാർഥികൾ. മാനേജ്മെന്റ്, കമ്യൂണിറ്റി, സ്പോർട്സ് ക്വാട്ട, അൺഎയ്‌ഡഡ് സീറ്റുകൾ ഒഴികെയുള്ള കണക്കാണിത്. ഭിന്നശേഷിക്കാർക്കായി അനുവദിച്ച പ്രത്യേക സീറ്റുൾപ്പെടെയുള്ള 13,671 സീറ്റുകളിലേക്കുള്ള പട്ടികയാണ് പ്രസിദ്ധീകരിച്ചത്. 2, 802 സീറ്റുകളിൽ അലോട്‌മെന്റ് നടന്നിട്ടില്ല. ജില്ലയിൽ 19,706 അപേക്ഷകരാണുള്ളത്. ഇതിൽ 2, 641 പേർ ഇതര ജില്ലക്കാരാണ്. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഉൾപ്പെടെ 24, 214 പ്ലസ് വൺ സീറ്റാണ് ജില്ലയിലുള്ളത്. ജനറൽ വിഭാഗം 7, 449 സീറ്റുകളിൽ 7449 അലോട്ട്മെന്റായി. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിൽ അപേക്ഷിച്ചവരുടെ ട്രയൽ അലോട്ട്‌മെന്റും ഇതോടൊപ്പം പ്രസിദ്ധീകരിച്ചു. ഈ വിഭാഗത്തിൽ ആകെയുള്ള 78 സീറ്റുകളിൽ മുഴുവനും ട്രയൽ അലോട്ട്‌മെന്റ് ആയി. ബുധൻ വൈകിട്ട് അഞ്ചുവരെ ട്രയൽ അലോട്ട്മെന്റ് പട്ടിക പരിശോധിക്കാം. തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ https://www.hscap.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് കാൻഡിഡേറ്റ് ലോഗിനിലെ ‘എഡിറ്റ് ആപ്ലിക്കേഷൻ' ലിങ്കിലൂടെ തിരുത്തലുകളും ഉൾപ്പെടുത്താം. 13 മുതൽ ആഗസ്ത് അഞ്ചുവരെ സപ്ലിമെന്ററി അലോട്ട്മെന്റ് നടക്കും. സ്പോർട്‌സ് ക്വാട്ട പ്രവേശനത്തിന് വെള്ളിയാഴ്ച മുതലും മാനേജ്‌മെന്റ്, അൺ എയ്‌ഡഡ് ക്വാട്ടയിലേക്കുള്ളത് 22മുതലും അപേക്ഷിക്കാം. ജൂലൈ രണ്ടിന് പ്ലസ് വൺ ക്ലാസ് തുടങ്ങും. പ്രവേശന നടപടി ആഗസ്‌ത് അഞ്ചിന് പൂർത്തിയാകും.









0 comments