പെൻഷൻ കൊടുക്കുന്നത് കൈക്കൂലിയെന്ന് പറയുന്നവരാണ് കോൺഗ്രസ്; ചരിത്ര ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിക്കും: എം വി ഗോവിന്ദൻ

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിൻ്റെ മൂന്നാം ടേമിലേക്കുള്ള കാൽവെപ്പാണ് തദ്ദേശ തെരഞ്ഞെടുപ്പെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ചരിത്ര ഭൂരിപക്ഷത്തിൽ വിജയം ഉറപ്പിക്കും എന്നതിൽ സംശയമില്ലെന്ന് അദ്ദേഹം മീറ്റ് ദി പ്രസ്സിൽ പറഞ്ഞു. തെറ്റായ നിലപാടുകളെ കൃത്യമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തദ്ദേശ , നിയമസഭാ, ലോക്സഭാ എന്നീ മൂന്ന് തെരഞ്ഞെടുപ്പിന്റെയും പാറ്റേൺ വെവ്വേറെയാണ്. കേരളം നല്ല വകതിരിവോടെയാണ് ഇക്കാര്യങ്ങൾ വേർതിരിച്ച് മനസ്സിലാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തെയും അദ്ദേഹം വിമർശിച്ചു. പെൻഷൻ കൊടുക്കുന്നത് കൈക്കൂലി ആണെന്ന് പറയുന്ന കോൺഗ്രസ് നേതൃത്വമാണ് കേരളത്തിലുള്ളത്. പെൻഷനേ വേണ്ട എന്ന് വെക്കണം എന്നതാണ് പല കോൺഗ്രസ്സുകാരുടെയും നിലപാട്. കേന്ദ്രം തരാനുള്ളത് തന്നാൽ 2000 അല്ല 3000 രൂപ പെൻഷൻ കൊടുക്കും. 1000 പറഞ്ഞിട്ട് 1600 ആക്കിയത് എൽഡിഎഫ് സർക്കാരാണെന്ന് അദ്ദേഹം പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങളെ ശക്തിപ്പെടുത്താൻ എൽഡിഎഫ് സർക്കാർ പ്രവർത്തിച്ചു. വലിയ മുന്നേറ്റത്തിനുള്ള പ്രവർത്തനങ്ങൾ നടത്താൻ ഈ സർക്കാരിന് കഴിഞ്ഞു. മനോഹരമായ സ്കൂൾ കെട്ടിടങ്ങളും ആശുപത്രി കെട്ടിടങ്ങളും ഉയർന്നുവന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തി എടുക്കേണ്ടത് പ്രാദേശിക സർക്കാരാണ്.എൽഡിഎഫ് സർക്കാരിൻ്റെ കീഴിൽ തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനം മികച്ചതാണ്. മികച്ച വിജയം എല്ലാകാലത്തും ഉണ്ടായത് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കാണ്. ഇത്തവണയും ഇത് ആവർത്തിക്കും.
ശബരിമല സ്വർണക്കവർച്ചയിൽ എൻ വാസുവിൻ്റെ അറസ്റ്റിലും അദ്ദേഹം പ്രതികരിച്ചു. ഞങ്ങൾക്ക് ഒന്നും മറച്ചു വെക്കാനില്ല. എസ്ഐടി പരിശോധിക്കട്ടെ. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സർക്കാരും പാർട്ടിയും സ്വീകരിക്കില്ല. ആരായാലും പ്രശ്നമില്ല. ആരായാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.









0 comments