വ്യാജവാർത്ത നൽകി അപകീർത്തിപ്പെടുത്തി; മനോരമയ്‌ക്കെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എം വി ഗോവിന്ദൻ

തിരുവനന്തപുരം: സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററെയും പാർട്ടി നേതൃത്വത്തെയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വ്യാജവാർത്ത പ്രസിദ്ധീകരിച്ച മലയാള മനോരമ പത്രത്തിനെതിരെ നിയമനടപടിയുമായി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വാർത്ത പിൻവലിച്ച് മാപ്പുപറയാത്ത പക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ, ക്രിമിനൽ നിയമപ്രകാരം കോടതിയെ സമീപിക്കുമെന്ന് കാണിച്ച് അദ്ദേഹം വക്കീൽ നോട്ടീസ് അയച്ചു.
2026 ജൂൺ 14-ലെ മലയാള മനോരമ ദിനപത്രത്തിന്റെ ഏഴാം പേജിൽ പ്രസിദ്ധീകരിച്ച 'നേതൃത്വത്തിൽ ഒരുമാറ്റവും ഉണ്ടാകില്ലെന്ന് ഗോവിന്ദൻ; തന്നെയും പിണറായിയേയും മാറ്റിക്കളയാം എന്നതെല്ലാം വ്യാമോഹം' എന്ന തലക്കെട്ടിൽ വന്ന വാർത്ത പൂർണ്ണമായും വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് വക്കീൽ നോട്ടീസിൽ വ്യക്തമാക്കുന്നു. പാർട്ടിയെയും തന്നെയും പൊതുജനങ്ങൾക്കിടയിൽ മോശമായി ചിത്രീകരിക്കാൻ ബോധപൂർവ്വം ചമച്ചതാണ് ഈ വാർത്തയെന്നും നോട്ടീസിലുണ്ട്.
നോട്ടീസ് ലഭിച്ച് 7 ദിവസത്തിനകം ഇതേ പ്രാധാന്യത്തോടെ പത്രത്തിൽ നിരുപാധികം ക്ഷമാപണം പ്രസിദ്ധീകരിക്കണമെന്നാണ് പ്രധാന ആവശ്യം. കൂടാതെ മനോരമയുടെ ഓൺലൈൻ പതിപ്പുകളിൽ നിന്നും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും വാർത്ത അടിയന്തരമായി നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യങ്ങൾ നടപ്പിലാക്കാത്ത പക്ഷം ശക്തമായ അപകീർത്തിക്കേസുമായി മുന്നോട്ട് പോകുമെന്നാണ് മുന്നറിയിപ്പ്.
മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം, തിരുവനന്തപുരം ബ്യൂറോ ചീഫ് സുജിത് നായർ എന്നിവർക്കെതിരെ അഡ്വ. പള്ളിച്ചൽ എസ് കെ പ്രമോദ് മുഖേനയാണ് എം വി ഗോവിന്ദൻ വക്കീൽ നോട്ടീസ് അയച്ചത്.










0 comments